|    Mar 30 Thu, 2017 12:46 am
FLASH NEWS

തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു സംരക്ഷിക്കും; ആക്രമണകാരികളായ നായ്ക്കളെ കൊല്ലുമെന്ന് മന്ത്രി കെ ടി ജലീല്‍

Published : 23rd August 2016 | Posted By: SMR

തിരുവനനന്തപുരം: തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ജില്ലാ ഫാമുകളില്‍ രണ്ടേക്കര്‍ സ്ഥലം മാറ്റിവയ്ക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായി. സംരക്ഷിത നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ മൃഗസ്‌നേഹി സംഘടനകളെ ചുമതലപ്പെടുത്തും. തെരുവുനായശല്യം രൂക്ഷമായ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അടുത്ത മാസം തന്നെ നായസംരക്ഷണകേന്ദ്രങ്ങള്‍ തുടങ്ങും.
നായ്ക്കളെ വന്ധ്യംകരിക്കുന്ന ഡോക്ടര്‍മാരെ ലഭ്യമാക്കേണ്ടത് ജില്ലാ പഞ്ചായത്താണ്. വന്ധ്യംകരണത്തിനുള്ള സാങ്കേതിക സഹായം മൃഗസംരക്ഷണ വകുപ്പ് നല്‍കും. വന്ധ്യംകരിച്ച നായ്ക്കളെ ജില്ലാ ഫാമുകളിലെ സംരക്ഷണകേന്ദ്രത്തില്‍ എത്തിക്കേണ്ട ചുമതല അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. സപ്തംബര്‍ മുതല്‍ വ്യാപകമായി പദ്ധതി നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.
അതേസമയം, ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുകതന്നെ ചെയ്യുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഇതിനുള്ള നടപടികള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരേ ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നത് യഥാര്‍ഥ മൃഗസ്‌നേഹികളല്ല. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരുവുനായ നിയന്ത്രണത്തിനു സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളിലും പൂര്‍ണപിന്തുണ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. എല്ലാ വിഭാഗക്കാരുമായും ചര്‍ച്ച ചെയ്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പുല്ലുവിളയില്‍ നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശിലുവമ്മയുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതില്‍ തടസ്സമില്ലെന്ന് അദ്ദേഹം പറഞ്ഞു. ശിലുവമ്മയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രശ്‌നം ഗൗരവമായി സര്‍ക്കാര്‍ കാണണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനും വന്ധ്യംകരണപദ്ധതി ത്വരിതപ്പെടുത്താനും തിരുവനന്തപുരം കോര്‍പറേഷനും തീരുമാനിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day