|    Feb 20 Mon, 2017 3:01 pm
FLASH NEWS

തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി

Published : 28th October 2016 | Posted By: SMR

വര്‍ക്കല: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വര്‍ക്കലയില്‍ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. ആലുവ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് നാട്ടുകാരുടെ അഭ്യര്‍ഥനപ്രകാരം നായ്ക്കളെകൊന്നത്. കഴിഞ്ഞദിവസം വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവന്‍ (90) തെരുവ്‌നായ്ക്കളുടെ ആക്രമണത്തിനിരയായി മരിച്ചിരുന്നു. ഇതില്‍ രോഷാകുലരായ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജോസ് മാവേലിയും സംഘവും സ്ഥലത്തെത്തിയത്. ഇവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലിസ്‌സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞുവച്ചു. ഒടുവില്‍ അഡ്വ. വി ജോയി എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഉന്നത പോലിസ് അധികാരികള്‍ ഇടപെട്ട് ഉപാധികളോടെ അറസ്റ്റ് ഒഴിവാക്കുകയായിരുന്നു.
ജോസ് മാവേലി, ഗുരുവായൂര്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഉമാപ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ ഏഴിന് എത്തിയ സംഘം വര്‍ക്കല പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ 50ഓളം തെരുവുനായ്ക്കളെയാണ് കൊന്നൊടുക്കിയത്. നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ കക്ഷികളും സംഘത്തിന് പിന്തുണ നല്‍കി. വിവരമറിഞ്ഞ് വര്‍ക്കല സിഐ സജിമോന്റെ നേതൃത്വത്തില്‍ വനിതകളുള്‍െപ്പടെയുള്ള പോലിസ്‌സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 12
ഓടെ ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ തയ്യാറായെങ്കിലും ആയിരങ്ങള്‍ പ്രതിരോധം തീര്‍ത്തത് തിരിച്ചടിയായി.  ഒടുവില്‍ എസിപി ആദിത്യയുടെ നേതൃത്വത്തില്‍ ആംഡ് റിസര്‍വ് പോലിസടക്കം സ്‌പെഷ്യല്‍ യൂനിറ്റും സ്ഥലത്തെത്തി. ജനവികാരം കണക്കിലെടുത്ത് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഉന്നത പോലിസ് അധികാരികള്‍ ഇടപെട്ട് ജോസ് മാവേലി, ഉമാപ്രേമന്‍ എന്നിവരെ പരസ്യമായ അറസ്റ്റ് ഒഴിവാക്കി ഉപാധികളോടെ മടക്കിഅയച്ചു.  ഇന്ത്യയിലെ കരുത്തുറ്റ സ്ത്രീകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ഉമാപ്രേമന്‍  തനിക്ക് ലഭിച്ച പുരസ്‌കാരം പ്രതിഷേധ സൂചകമായി മടക്കിനല്‍കുമെന്നും അറിയിച്ചു.
അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിനും അനന്തര നടപടികള്‍ക്കും ശേഷം രാഘവന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ചശേഷം വൈകീട്ടോടെ സംസ്‌കരിച്ചു. രാഘവനെ തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. ഇതിനു പുറമേ വിവധ വകുപ്പ് മേധാവിമാരും വിശദീകരണം നല്‍മെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക