|    Jul 23 Mon, 2018 9:35 am
Home   >  Editpage  >  Editorial  >  

തെരുവുനായ്ക്കളുടെ വംശവര്‍ധന നിയന്ത്രിക്കണം

Published : 25th August 2016 | Posted By: SMR

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വന്‍തോതില്‍ വര്‍ധിച്ചുവരുകയാണ്. നായ കടിച്ചതിനെ തുടര്‍ന്ന് കുത്തിവയ്പ് നടത്താത്തതുമൂലം മരണമടഞ്ഞ സംഭവങ്ങളും പലയിടത്തുമുണ്ടായി. യാഥാര്‍ഥ്യനിഷ്ഠമല്ലാത്തതും അപ്രായോഗികവുമായ ശ്വാനസംരക്ഷണനിയമം നടപ്പായതോടെയാണ് കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും നായ്ക്കൂട്ടങ്ങള്‍ മനുഷ്യരെയും മറ്റു മൃഗങ്ങളെയും ആക്രമിക്കുന്ന സംഭവങ്ങള്‍ ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. മനുഷ്യരുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ തെരുവുനായ്ക്കളുടെ വംശവര്‍ധനയ്ക്ക് വളരെ സഹായകമായിട്ടുണ്ട്. യുക്തിരഹിതവും കാല്‍പനികവുമായ ശ്വാനസ്‌നേഹം വ്യാപകമാവുകയും നിയമം നടപ്പാക്കേണ്ട ബോര്‍ഡുകളുടെ കഥയറിയാതെയുള്ള ഇടപെടല്‍ കൂടുകയും ചെയ്തതോടെ അധികൃതര്‍ നായ്ക്കളെ നിയന്ത്രിക്കുന്നതില്‍നിന്നുതന്നെ പിന്മാറാന്‍ തുടങ്ങി. വല്ലവരും ഒരു നായയെ ഓടിക്കാന്‍ കല്ലെടുത്താല്‍ ശ്വാനസ്‌നേഹികള്‍ കൂട്ടമായി ബഹളംവയ്ക്കുന്നതിനാല്‍ മിക്കവര്‍ക്കും നായ്ക്കളെ ഭയന്നും ബഹുമാനിച്ചും ജീവിക്കേണ്ട അവസ്ഥയാണുള്ളത്.
ആ സാഹചര്യത്തില്‍ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു കൂടുകളില്‍ വളര്‍ത്താനും, അപകടകാരികളും അക്രമകാരികളുമായ നായ്ക്കളെ വിഷം കുത്തിവച്ച് കൊല്ലാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ജനപിന്തുണയുണ്ടാവുമെന്നതില്‍ സംശയമില്ല. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതുസംബന്ധിച്ച അടിയന്തര നിര്‍ദേശം കൊടുത്തതായി വകുപ്പുമന്ത്രി വ്യക്തമാക്കുന്നു. മറ്റധികൃതരും നായ്ക്കൂട്ടത്തെ നേരിടാന്‍ തയ്യാറായി രംഗത്തുവന്നിട്ടുണ്ട്. ഓരോ ബ്ലോക്ക് പഞ്ചായത്തിലും വന്ധ്യംകരണകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
എന്നാല്‍, ഈ ആവേശം എത്രകാലമുണ്ടാവുമെന്ന സംശയം ബാക്കിനില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേപോലെ തെരുവുനായ ആക്രമണങ്ങള്‍ വര്‍ധിച്ചപ്പോള്‍ സര്‍ക്കാര്‍ വലിയ നിയന്ത്രണപദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കോര്‍പറേഷനുകളടക്കമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അവ നടപ്പാക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാട്ടുകയാണുണ്ടായത്. ശ്വാനസംരക്ഷണ നിയമത്തിന്റെ മറപിടിച്ച് പ്രാദേശികതലത്തില്‍ ശ്വാനനിയന്ത്രണം നടപ്പാക്കാന്‍ ബാധ്യതയുള്ളവര്‍ തടിയൂരി. വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍നിന്നു തദ്ദേശസ്ഥാപനങ്ങള്‍ വിട്ടുനിന്നു. സംസ്ഥാനത്തെ പേവിഷവിമുക്തമാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ഒന്നുപോലും ഫലപ്രദമായതായി കണ്ടിട്ടില്ല. ഉദാഹരണത്തിന്, ലൈസന്‍സില്ലാതെ നായ്ക്കളെ വളര്‍ത്തുന്നതിനു നിയമനടപടികള്‍ സ്വീകരിക്കുന്നതടക്കമുള്ള പല നിയന്ത്രണങ്ങളും സമയാസമയം നടപ്പാക്കിയിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഇത്ര രൂക്ഷമാവുമായിരുന്നില്ല.
ഇപ്പോഴെങ്കിലും സര്‍ക്കാര്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി തെരുവുനായ്ക്കളുടെ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുമെന്നു ഞങ്ങള്‍ കരുതുന്നു. അതിനു നിയമം തടസ്സമാണെങ്കില്‍ അതില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും വേണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss