|    Nov 13 Tue, 2018 10:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവം: വിവാദ പ്രസ്താവന: മേനക ഗാന്ധിക്ക് എതിരേ പ്രതിഷേധം ശക്തം

Published : 23rd August 2016 | Posted By: SMR

പി പി ഷിയാസ്

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരം പുല്ലുവിളയില്‍ അറുപത്തഞ്ചുകാരി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ നിരുത്തരവാദിത്വപരമായ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരേ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തം. തെരുവുനായ്ക്കളെ കൊല്ലുന്നതു വഴി കേരളത്തില്‍ പട്ടികളുടെ ആക്രമണം കുറയില്ലെന്നും ബീച്ചിലേക്കു പോയ സ്ത്രീയുടെ കൈവശം എന്തോ മാംസം ഉണ്ടായിരുന്നിരിക്കണമെന്നും വെറുതേ നായ്ക്കള്‍ ആക്രമിക്കില്ലെന്നുമായിരുന്നു ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മേനക ഗാന്ധി പറഞ്ഞത്.
കാലങ്ങളായി കേരളത്തിലെമ്പാടും തെരുവുനായ്ക്കളുടെ ശല്യവും ആക്രമണവും കൂടിവരുന്ന സാഹചര്യത്തില്‍ അവയെ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ഇരയെ കുറ്റപ്പെടുത്തുന്ന രീതിയാണ് മന്ത്രി സ്വീകരിച്ചതെന്നതാണ് പ്രതിഷേധത്തിന് ആധാരം. ഇരുകാലികള്‍ നാല്‍ക്കാലികളായാല്‍ മേനക ഗാന്ധിയെ പോലെയാവുമോ എന്നായിരുന്നു വിഷയത്തില്‍ ഒരാളുടെ ചോദ്യം. തെരുവുപട്ടികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വൃദ്ധമാതാവിന്റെ ജീവനു മൃഗങ്ങള്‍ക്കുള്ള പരിഗണന പോലും നല്‍കാതിരുന്ന മേനകഗാന്ധി, ഒരു മനുഷ്യസ്ത്രീക്കു പട്ടിയോളം തരംതാഴാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നുവെന്നും ഇദ്ദേഹം പറയുന്നു. ഒരു ഭാഗത്തു പശുവിനെ ദേശീയ മൃഗം ആവാന്‍ തെരക്കുകൂട്ടുന്നു. മറുഭാഗത്തു തെരുവുപട്ടികള്‍ക്ക് വേണ്ടി കുരയ്ക്കുന്നു. ഇതു കേന്ദ്രമന്ത്രിസഭയോ അതോ മൃഗശാല നടത്തിപ്പുകാരോ എന്നാണ് മറ്റൊരു കമന്റ്. പശുവിനും നായയ്ക്കുമിടയില്‍ ചോര വാര്‍ന്നുതീരുന്ന ഒരു സാധാരണ ഇന്ത്യക്കാരന്റെ ജീവിതമാണ് മെയ്ക്ക് ഇന്‍ ഇന്ത്യയെന്ന അഭിപ്രായമാണ് ശ്രദ്ധേയമായവയില്‍ മറ്റൊന്ന്.
പ്രമുഖ ട്രോളര്‍മാരായ ഐസിയു ഗ്രൂപ്പിന്റെ,  എല്ലാ പ്രശ്‌നങ്ങള്‍ക്കും പോംവഴി എന്ന തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന ട്രോളാണ് ഹിറ്റ് ആയത്. പട്ടിയെ കൊണ്ട് പശുവിനെ കടിപ്പിക്കുക, പശുവിനെ കൊന്ന പട്ടിയെ മേനകഗാന്ധി സംരക്ഷിക്കും. ഗോമാതാവിനെ കൊന്ന പട്ടിയെ സംരക്ഷിച്ച മേനക ഗാന്ധിയെ സംഘികള്‍ തല്ലിക്കൊല്ലും. ഒടുവില്‍, മന്ത്രിയെ കൊന്ന കേസില്‍ സംഘികളെ ജയിലില്‍ അടയ്ക്കാം- എന്നതാണ് ആ ഉല്‍കൃഷ്ടമായ പോംവഴി.
സത്യത്തില്‍ ‘ലോകാ സമസ്താ ശുനകോ’ഭവന്തു’ എന്നതാണ് ശരിയെന്ന് മറ്റൊരു വിദ്വാന്‍ പറയുന്നു. നേരത്തേ കേരളത്തിലെ തെരുവുനായ ആക്രമണത്തില്‍ വിചിത്രമറുപടി പറഞ്ഞ മേനക ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ മരത്തില്‍കയറിയാല്‍ മതിയെന്നായിരുന്നു അന്ന് മന്ത്രിയുടെ പ്രസ്താവന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss