|    Jul 24 Mon, 2017 12:35 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവം: മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

Published : 21st August 2016 | Posted By: SMR

തിരുവനന്തപുരം: വിഴിഞ്ഞം പുല്ലുവിളയില്‍ തെരുവുനായക്കൂട്ടത്തിന്റെ കടിയേറ്റ് വൃദ്ധ കൊല്ലപ്പെട്ടു. പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മ(65)യാണു മരിച്ചത്. 50ഓളം വരുന്ന തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായ ശിലുവമ്മയെ ആശുപത്രിയിലെത്തിക്കുംമുമ്പുതന്നെ മരണം സംഭവിച്ചു. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണു സംഭവം.
പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ കടപ്പുറത്ത് എത്തിയപ്പോഴായിരുന്നു കടിയേറ്റത്. ഇവരുടെ മകന്‍ ശെല്‍വരാജിനും അയല്‍വാസിയായ വീട്ടമ്മ ഡെയ്‌സിക്കും പരിക്കുണ്ട്. ഡെയ്‌സി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ശിലുവമ്മയുടെ ശരീരം നായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു. ആഴത്തിലുള്ള 17 മുറിവുകളാണ് ഉണ്ടായിരുന്നത്. അധികൃതരാരും സ്ഥലത്തെത്തിയില്ലെന്നാരോപിച്ചു നാട്ടുകാര്‍ ഇന്നലെ ശിലുവമ്മയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. റവന്യൂ ഉദ്യോഗസ്ഥരെത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. എന്നാല്‍  വീട്ടില്‍ സൂക്ഷിക്കാന്‍ പറ്റിയ നിലയിലായിരുന്നില്ല മൃതദേഹം. പിന്നീട് പ്രതിഷേധം അവസാനിപ്പിച്ച് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കുകയായിരുന്നു.
അതേസമയം, സംഭവസ്ഥലത്ത് ഉദ്യോഗസ്ഥര്‍ എത്താതിരുന്നതു വീഴ്ചയാണെന്നു റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ ശിലുവമ്മയുടെ വീട്ടിലെത്തി 10,000 രൂപ അടിയന്തര ധനസഹായം കൈമാറി.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സര്‍ക്കാരിനും മൃഗസംരക്ഷണ വകുപ്പിനും നോട്ടീസയച്ചു. തെരുവുനായ ശല്യത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശഭരണ മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍  നിര്‍ദേശം നല്‍കും. ഇതിനായി ഒരു നായയ്ക്ക് 2000 രൂപ നിരക്കില്‍ തുക അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക