|    Nov 18 Sun, 2018 1:48 am
FLASH NEWS

തെരുവുനായയുടെ അക്രമം ചികില്‍സാ സഹായം ഉറപ്പാക്കിയില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

Published : 4th August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: തെരുവുനായയുടെ കടിയേറ്റ ഇരകള്‍ക്ക് മതിയായ ചികില്‍സാ സഹായം ലഭിച്ചില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി. സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് രൂപീകരിച്ച കമ്മീഷനാണ് തെരുവുനായ വിഷയത്തില്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റു തളര്‍ന്ന വെട്ടത്തൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം തേലക്കാട് അരക്കുപറമ്പന്‍ റാഷിദ്-സമീന ദമ്പതികളുടെ മകള്‍ റിഫ ഫാത്തിമ (7)ക്ക് 23,41,448 രൂപയും തേലക്കാടുള്ള അഭിമന്യുവിന് 15,842 രൂപയാണ് സുപ്രിംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് കൈമാറിയത്. സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനു രൂപീകരിച്ച കമ്മീഷന്‍ ജസ്റ്റിസ് സിരിജഗന്‍ മുമ്പാകെ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 20,25,000 രൂപ അനുവദിച്ച് നേരത്തേ ഉത്തരവായിരുന്നു. എന്നാല്‍, തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടിനെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ കേസ് നല്‍കുകയായിരുന്നു.
ജസ്റ്റിസ് സിരിജഗന്റെ ഉത്തരവ് പ്രകാരം 2016 ഒക്ടോബര്‍ 5നായിരുന്നു തുക നല്‍കേണ്ടിയിരുന്നത്. എന്നാല്‍, പഞ്ചായത്ത് സെക്രട്ടറി വീഴ്ച വരുത്തിയതു കാരണം ഈ തിയ്യതി മുതല്‍ 9 ശതമാനം വാര്‍ഷിക പലിശ കൂടി ചേര്‍ത്താണ് 23,41,4 48 രൂപ നല്‍കാന്‍ ഉത്തരവായത്. ഇതു സംബന്ധിച്ച കോടതിവിധി ചൊവ്വാഴ്ചയാണ് ലഭിച്ചത്. ബുധനാഴ്ച തുക കൈമാറി.
2015 ജൂണ്‍ 17നായിരുന്നു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റിഫയെ തെരുവുനായ കടിച്ചു പരിക്കേല്‍പിച്ചത്. കടിയേറ്റ അന്നുതന്നെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. മുഖത്ത് മുറിവേറ്റ ഭാഗത്ത് കുത്തിവെപ്പെടുക്കുകയും വാക്‌സിന്‍ നല്‍കുകയും ചെയ്തതോടെ മുഖത്തെ മുറിവുണങ്ങി. പക്ഷേ, പിന്നീട് പനിയും ശരീരത്തിനു തളര്‍ച്ചയും അനുഭവപ്പെട്ടു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ പേവിഷബാധയേറ്റതാണ് കാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സിച്ചു. ഇവിടെ നടത്തിയ ചികില്‍സയുടെ പിഴവാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാക്കിയതെന്ന് പിതാവ് പറഞ്ഞു. ശരീരം അനക്കാന്‍ പോലുമാവാതെ തളര്‍ന്നുകിടക്കുന്ന റിഫയുടെ ചികില്‍സയ്ക്കും പരിചരണത്തിനുമായി പിതാവ് വിദേശത്തെ ജോലി ഒഴിവാക്കി നാട്ടില്‍ തിരിച്ചെത്തി ഡ്രൈവറായി ജോലി ചെയ്യുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss