|    Jan 23 Mon, 2017 10:24 pm

തെരുവുനായയും ‘ശോചനാലയ’വും തമ്മിലെന്ത്?

Published : 28th August 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

മണപ്പുറത്ത് പണ്ട് കക്കൂസുകളുണ്ടായിരുന്നില്ല. പെണ്ടന്നു പറഞ്ഞാല്‍ വളരെ പണ്ടൊന്നുമല്ല. പത്തുമുപ്പതു കൊല്ലം മുമ്പുവരെ. വലിയ വീടും ചെറിയ വീടുമെന്ന വ്യത്യാസമൊന്നുമില്ലായിരുന്നു. ഒരു കുഴി വെട്ടും, അതിനു മുകളില്‍ രണ്ടു തെങ്ങിന്‍തടിയിട്ട് ഒരു കെട്ട് ഓല കൊണ്ട് മറ കെട്ടിയാല്‍ വെളിക്കിരിക്കാനുള്ള ഇടമായി. ഇതു പൊതുവേ ആണുങ്ങളാണ് ഉപയോഗിച്ചിരുന്നത്. കുട്ടികള്‍ ഉപയോഗിക്കുകയേയില്ല.
പെണ്ണുങ്ങള്‍ രാത്രിയിലും പുലര്‍െച്ചയുമാണ് വെളിക്കിരിക്കാന്‍ പോയിരുന്നത്, വെളിമ്പറമ്പുകളില്‍. അങ്ങനെയാവാം വെളിക്കിരിക്കല്‍ എന്ന വാക്കുണ്ടായത്. ‘കക്കൂസ്’ മലയാളമല്ല, ഡച്ച് വാക്കാണ്. സ്വകാര്യമായത് എന്നര്‍ഥം. മലവിസര്‍ജനം സ്വകാര്യമായി ചെയ്യുന്നതിനാലാകാം ഡച്ചുകാര്‍ ഈ വാക്ക് തിരഞ്ഞെടുത്തത്. പക്ഷേ, ഞങ്ങള്‍ മണപ്പുറത്തുകാര്‍ക്ക് ഇതൊന്നും സ്വകാര്യമായിരുന്നില്ല. നാട്ടിലെ അമ്മമാരും ചേച്ചിമാരും വെളിക്കിരിക്കാന്‍ പോകുമ്പോള്‍ കുട്ടികള്‍ തുണപോകും.
കുട്ടികളുടെ വെളിക്കിരിക്കല്‍ ആഘോഷമാണ്. അത് രാത്രിയിലോ പുലര്‍െച്ചയോ ആയിരുന്നില്ല. നട്ടുച്ചയും നാലു മണിയുമൊന്നും അതിനു തടസ്സമായില്ല. കളിയും കുളിയും വെളിക്കിരിക്കലും കൂടിക്കലരും. ചിലര്‍ ചാഞ്ഞുകിടന്ന കശുമാവിന്‍കൊമ്പുകള്‍ പോലും ഇതിന് ഉപയോഗിക്കുമായിരുന്നു. അങ്ങനെയൊരു കലാപരിപാടിക്കിടയിലാണ് ഏഴാം ക്ലാസില്‍ എന്റെ കൈ ഒടിഞ്ഞത്.
മണപ്പുറത്ത് ഇപ്പോള്‍ ആരും വെളിക്കിരിക്കാറില്ല. എല്ലാവരും കക്കൂസുകളിലേക്കു മാറി. അതാണ് സത്യമെന്ന് കഴിഞ്ഞയാഴ്ച വരെ ഞാനും കരുതിയിരുന്നു. ഇപ്പോള്‍ ഈ കുറിപ്പ് എഴുതാനിരിക്കുമ്പോള്‍ എനിക്ക് അങ്ങനെ തോന്നുന്നില്ല. മണപ്പുറത്തും കക്കൂസുകളില്ലാത്ത ഒരു വലിയ ജനാവലി ഉണ്ടായിരിക്കുമെന്നുതന്നെ ഞാന്‍ കരുതുന്നു. റോഡ്, റെയില്‍, കനാല്‍ പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ഇന്നും അപ്രാപ്യമാണ്. തൃശൂരിലും പത്തനംതിട്ടയിലും വയനാട്ടിലുമുള്ള ആദിവാസിക്കുടിലുകളില്‍ ഇത്തരം സംവിധാനങ്ങളൊന്നും പത്തു വര്‍ഷം മുമ്പുവരെ ഉണ്ടായിരുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അവിടെ വെളിക്കിരിക്കാന്‍ പോകുന്നവരുടെ പ്രധാന ശത്രു പുലിയാണ്. പുലിയിറങ്ങിയാല്‍ വെളിക്കിരിക്കല്‍ ഒരു ഭയാനക കൃത്യമാകും.
‘എവിടെ ചിന്തയുണ്ടോ അവിടെ ശോചനാലയമുണ്ട്’ എന്ന ശുചിത്വ മിഷന്റെ പരസ്യം ‘ശോചനാലയം’ എന്ന വാക്കു കൊണ്ടാണ് നമ്മെ ആകര്‍ഷിച്ചത്. ശൗചാലയത്തെ ശോചനാലയമെന്നു വിവര്‍ത്തനം ചെയ്തവരെ സോഷ്യല്‍ മീഡിയയിലും മറ്റും പരിഹസിക്കുമ്പോഴും നാം പൂര്‍ണമായി ശൗചാലയസൗകര്യമുള്ള സംസ്ഥാനമായി സ്വയം മനസ്സിലാക്കിയിരുന്നു.
പക്ഷേ, കഴിഞ്ഞയാഴ്ച തിരുവനന്തപുരം പുല്ലുവിളയില്‍ നടന്ന സംഭവം ഇങ്ങനെയൊരു ധാരണ വച്ചുപുലര്‍ത്തുന്നവരുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. കരുംകുളം പുല്ലുവിള ചമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മ തെരുവുനായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വെളിക്കിരിക്കാനായി കടല്‍ത്തീരത്തേക്കു നടക്കുന്നതിനിടയിലാണ് ശിലുവമ്മ ആക്രമിക്കപ്പെട്ടത്. അമ്മയെ കാണാതായപ്പോള്‍ മകന്‍ സെല്‍വരാജ് അന്വേഷിച്ചിറങ്ങി. അകലെ എന്തോ നായ്ക്കള്‍ കടിച്ചുവലിക്കുന്നതു കണ്ട് ചെന്നപ്പോഴാണ് ശിലുവമ്മയ്ക്കു വന്ന അപകടം മകന്‍ മനസ്സിലാക്കിയത്.
തടയാന്‍ ശ്രമിച്ച സെല്‍വരാജിനെയും നായ്ക്കള്‍ ആക്രമിച്ചു. കടലില്‍ ഇറങ്ങിയാണ് സെല്‍വരാജ് രക്ഷപ്പെട്ടത്. ആക്രമിക്കാന്‍ നൂറോളം നായ്ക്കളുണ്ടായിരുന്നു. പിന്നീട് ആളുകള്‍ ഓടിക്കൂടിയാണ് ശിലുവമ്മയെ ആശുപത്രിയില്‍ എത്തിച്ചത്. എത്തും മുമ്പേ ശിലുവമ്മ മരിച്ചു. അവരുടെ ശരീരത്തിന്റെ പലയിടത്തുനിന്നും മാംസം നഷ്ടപ്പെട്ടിരുന്നു. ഇവിടെത്തന്നെ മറ്റൊരു സ്ത്രീയും സമാന സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ടു. ശിലുവമ്മ തന്നെ ഇത് മൂന്നാം തവണയാണ് ആക്രമണത്തിനിരയാകുന്നത്.
ഈ സംഭവത്തെക്കുറിച്ച് മേനകാഗാന്ധി നടത്തിയ പരാമര്‍ശം തെറ്റായ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. തെരുവുപട്ടികളെ കൊന്നൊടുക്കിക്കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള അവരുടെ അഭിപ്രായം സോഷ്യല്‍ മീഡിയയിലടക്കം വലിയ പരിഹാസങ്ങള്‍ക്ക് കാരണമായി. അതേസമയം, മേനകാഗാന്ധിയായാലും അവരുടെ വിമര്‍ശകരായാലും മൃഗങ്ങള്‍ക്കും മനുഷ്യനും ഇടയിലുള്ള പ്രശ്‌നം മാത്രമായാണ് ഇതിനെ കാണുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് മതിയായ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഇനിയും ആയിട്ടില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ നാമിനിയും തയ്യാറായിട്ടില്ല.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നത് തുറന്നതും വിജനവുമായ പ്രദേശങ്ങളില്‍ അസമയങ്ങളില്‍ വെളിക്കിരിക്കാന്‍ പോകുമ്പോഴാണ്. സുലഭ് ഇന്റര്‍നാഷനല്‍ നടത്തിയ പഠനങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മനുഷ്യരായിരുന്നില്ല, നായ്ക്കളായിരുന്നു ശത്രുപക്ഷത്ത് എന്ന വ്യത്യാസമേയുള്ളൂ.
ഇത്രയും സങ്കീര്‍ണമായ വിഷയത്തെ തെരുവുപട്ടിപ്രശ്‌നം മാത്രമായി ചുരുക്കുകയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അധികാരത്തര്‍ക്കമായി മാറ്റുകയും ചെയ്യുന്നത് ഗുണകരമല്ല. പട്ടികളെ കൊന്നൊടുക്കി പരിഹരിക്കാവുന്ന പ്രശ്‌നവുമല്ല ഇത്. ഈ കോളത്തില്‍ തന്നെ മുമ്പ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ദാരുണമായ ഈ സംഭവത്തെ മാലിന്യ നിര്‍മാര്‍ജനത്തിന്റെയും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എല്ലാ കുടുംബങ്ങള്‍ക്കും ഏര്‍പ്പെടുത്തുന്നതിന്റെയും പ്രശ്‌നമായി മനസ്സിലാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇതിനു ശാശ്വത പരിഹാരമുണ്ടാകൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക