|    Jul 19 Thu, 2018 2:07 am
FLASH NEWS
Home   >  Editpage  >  Editorial  >  

തെരുവുനായയല്ല, മനുഷ്യജീവനാണ് പ്രധാനം

Published : 28th October 2016 | Posted By: SMR

സംസ്ഥാനത്ത് തെരുവുനായശല്യം മനുഷ്യജീവന് ഭീഷണി ഉയര്‍ത്തുമ്പോഴും സര്‍ക്കാര്‍ തുടരുന്ന അലംഭാവം ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് തലസ്ഥാന ജില്ലയില്‍ വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന വൃദ്ധന്‍ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചത്. ഒന്നരമാസത്തിനിടയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട രണ്ടാമത്തെയാളാണ് വര്‍ക്കല സ്വദേശി രാഘവന്‍. വീട്ടമ്മയ്ക്കും വിനോദസഞ്ചാരത്തിനു വന്ന വിദേശിക്കും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരിക്കും തെരുവുനായ്ക്കളുടെ കടിയേറ്റതും ഇതേ ദിവസം തന്നെയാണ്. തെരുവുനായശല്യം രൂക്ഷമാണെന്നും പലയിടത്തും മനുഷ്യരും വളര്‍ത്തുമൃഗങ്ങളും ഇവയുടെ ആക്രമണങ്ങള്‍ക്ക് ഇരകളാവുന്നുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. തെരുവുനായശല്യം വര്‍ധിക്കുന്നതല്ലാതെ പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കുന്നതില്‍ അധികൃതര്‍ അതിഗുരുതരമായ അനാസ്ഥ തുടരുന്നതായാണ് അനുഭവം.
തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് ആക്രമണരൂക്ഷത കുറയ്ക്കാമെന്നതാണ് സര്‍ക്കാര്‍ കാണുന്ന പോംവഴി. അതിന്റെ ഉത്തരവാദിത്തം ഏല്‍പിച്ചിരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമലിലും. എന്നാല്‍, അതിനു വേണ്ടിവരുന്ന ചെലവ് തദ്ദേശ ഭരണകൂടങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അധികമാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സഹായമൊന്നും നല്‍കുന്നില്ലെന്നുമുള്ള പരാതി പരിഗണിക്കുന്നേയില്ല.
തെരുവുനായശല്യത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി റിപോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് രണ്ടേമുക്കാല്‍ ലക്ഷത്തോളം തെരുവുനായ്ക്കളുണ്ടത്രെ. എന്നാല്‍, ഇതിലും ഇരട്ടിയാണ് യഥാര്‍ഥ കണക്കെന്ന സന്നദ്ധസംഘടനകളുടെ നിരീക്ഷണം മറ്റൊരുവശത്തുണ്ട്. തദ്ദേശ ഭരണകൂടങ്ങള്‍ നിലവില്‍ നടത്തിവരുന്ന വന്ധ്യംകരണ തോതനുസരിച്ച് 25 കൊല്ലം കഴിഞ്ഞാലും തെരുവുനായശല്യം തീരുമെന്നുറപ്പില്ല. അതിനു വേണ്ടിവരുന്ന ചെലവാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഒരേസമയം എല്ലാ പ്രദേശങ്ങളിലും വന്ധ്യംകരണം നടന്നില്ലെങ്കില്‍ ഇതുകൊണ്ട് ഫലമില്ലെന്ന വാദവും വസ്തുതാപരമാണ്.
തെരുവുനായ്ക്കളെക്കാള്‍ മനുഷ്യജീവനാണ് വിലകല്‍പിക്കേണ്ടതെന്ന പ്രഥമ ന്യായം മറന്നുകൊണ്ടാണ് കേന്ദ്രമന്ത്രി മേനക ഗാന്ധി അടക്കമുള്ളവരുടെ ‘മൃഗസ്‌നേഹി’ നിലപാട്. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പിഴയും കാപ്പയും ചുമത്തണമെന്നാണ് മേനകയുടെ ഉത്തരവ്. ഏതാനും വര്‍ഷം മുമ്പ് പക്ഷിപ്പനി പടര്‍ന്നുപിടിച്ച വേളയില്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ താറാവുകളെ കൂട്ടിയിട്ട് ചുട്ടെരിച്ചപ്പോള്‍ ഉണ്ടാവാത്ത മൃഗസ്‌നേഹം തെരുവുനായ്ക്കളുടെ കാര്യത്തില്‍ വേണ്ടതില്ല. മന്ത്രിമാരുടെ വാക്‌പോരുകള്‍ക്കും നിയമത്തിന്റെ സാങ്കേതികതകള്‍ക്കും ഇടയില്‍ പൊലിഞ്ഞുവീഴുന്നത് മനുഷ്യജീവനാണ്. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും തയ്യാറാവണം. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഫലപ്രദമായ നടപടികളിലേക്കു നീങ്ങാന്‍ ഇനിയും അമാന്തമരുത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss