|    Oct 18 Wed, 2017 3:05 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

‘തെരുവുനായകളോട് അനുകമ്പയാവാം, മനുഷ്യര്‍ക്ക് ഭീഷണിയാവരുത്’

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: തെരുവുനായകളോട് അനുകമ്പയാവാമെന്ന് സുപ്രിംകോടതി. എന്നാല്‍, തെരുവുനായകള്‍ മനുഷ്യര്‍ക്ക് ഭീഷണിയാവരുതെന്നും ഈ വിഷയത്തില്‍ സന്തുലിതമായ നടപടികളാണ് എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ അക്രമകാരികളായ തെരുവുനായകളുടെ പ്രശ്‌നം സംബന്ധിച്ച ഹരജികള്‍ പരിഗണിച്ച ജസ്റ്റിസുമാരായ ദീപക് മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൃഗസ്‌നേഹികളും വിവിധ സന്നദ്ധസംഘടനകളും നല്‍കിയ 14 ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. സംസ്ഥാനത്തെ തെരുവുനായ ആക്രമണം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് എസ് സിരിജഗന്‍ കമ്മിറ്റിയുടെ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് കേരളം സുപ്രിംകോടതിയെ അറിയിച്ചു. തെരുവുനായകളുടെ ശല്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡും കോടതിയില്‍ അവതരിപ്പിച്ചു. വിഷയത്തില്‍ ഒക്ടോബര്‍ നാലിന് വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
തെരുവുനായകളുടെ ആക്രമണംമൂലം കേരളത്തിലുണ്ടാവുന്ന ദാരുണസംഭവങ്ങള്‍ ഒന്നും പരാമര്‍ശിക്കാതെ കേരളം നേരത്തേ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആക്രമണകാരികളായ നായകളെ വന്ധ്യംകരിക്കുമെന്നും പ്രത്യേക കേന്ദ്രത്തിലാക്കുമെന്നും അഡീഷനല്‍ ലോ സെക്രട്ടറി മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദമാക്കിയിരുന്നു. കേരളത്തില്‍ തെരുവുനായകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നാരോപിച്ച് അനുപം ത്രിപാഠി നല്‍കിയ ഹരജിയിലാണ് കേരള സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതു വിവാദമായതോട, നിയമക്കുരുക്ക് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയതെന്ന വിശദീകരണവുമായി മന്ത്രി കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നു. ഇതോടെ, മന്ത്രിയും സംസ്ഥാനസര്‍ക്കാരും കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. തെരുവുനായ വിഷയത്തില്‍ കേരള സര്‍ക്കാര്‍ കോടതിയില്‍ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ചെന്ന് കോട്ടയത്ത് നായയുടെ കടിയേറ്റു മരിച്ച ഡോളിയുടെ ഭര്‍ത്താവ് സുപ്രിംകോടതിയില്‍ മറ്റൊരു സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക