|    Mar 27 Mon, 2017 10:24 am

തെരുവുനായകളെ വന്ധ്യംകരിക്കാന്‍ സമഗ്ര പദ്ധതി

Published : 28th August 2016 | Posted By: SMR

കണ്ണൂര്‍: തെരുവ് നായ ശല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ അവയെ വന്ധ്യംകരിക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ജില്ലാ വികസന സമിതിയെ അറിയിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആനിമല്‍ റൈറ്റ്‌സ് ഫണ്ട് എന്ന മൃഗസംരക്ഷണ സംഘടനയുമായി ഇക്കാര്യത്തില്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
പാപ്പിനിശ്ശേരി മൃഗാശുപത്രിയില്‍ ഇതിനായി പ്രത്യേക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തിയറ്റര്‍ സ്ഥാപിക്കും. തീരദേശ മേഖലയുള്‍പ്പെടെ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ഇതിനായി പടിയൂര്‍ പഞ്ചായത്തിലെ രണ്ടേക്കര്‍ സ്ഥലത്ത് പ്രത്യേക സൗകര്യങ്ങളൊരുക്കും.  ഗ്രാമപ്പഞ്ചായത്ത് ഒരു ലക്ഷം, നഗരസഭകള്‍ രണ്ട് ലക്ഷം വീതവും കോര്‍പറേഷനും ജില്ലാ പഞ്ചായത്തും 10 ലക്ഷം വീതവും പദ്ധതി നടത്തിപ്പിനായി തുക വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് മാസാവസാനം ചേരുന്ന അഡ്‌ഹോക്ക് ഡിപിസി അംഗീകാരം നല്‍കുന്നതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. എ എന്‍ ഷംസീര്‍ എംഎല്‍എയാണ് ജില്ലാ വികസന സമിതിയില്‍ തെരുവുനായ പ്രശ്‌നം ഉന്നയിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക