|    Mar 23 Thu, 2017 4:01 pm
FLASH NEWS

തെരുവുനായകളുടെ വര്‍ധനവ് തടയാന്‍ എബിസി പദ്ധതിക്ക് കാസര്‍കോട്ട് തുടക്കമാവുന്നു

Published : 10th August 2016 | Posted By: SMR

കാസര്‍കോട്: തെരുവുനായകളുടെ നിയന്ത്രണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെ സമഗ്ര പേവിഷബാധ നിയന്ത്രണ പദ്ധതിക്ക് തുടക്കമാവുന്നു. ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ ഇടപെടലുകളുടെ ഫലമായി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലുള്ള ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ എബിസി പദ്ധതി 13ന് മന്ത്രി ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരം കേന്ദ്രം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ജില്ലയിലെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ചേര്‍ന്ന് സമാഹരിച്ച 1,31,00,000 രൂപയില്‍ നിന്നാണ് ജില്ലയിലെ ആദ്യത്തെ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്തുകള്‍ രണ്ടു ലക്ഷം രൂപവീതവും ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം വീതവും നഗരസഭകള്‍ ഏഴു ലക്ഷം വീതവും ജില്ലാ പഞ്ചായത്ത് പത്തു ലക്ഷം രൂപയുമാണ് വകയിരുത്തിയത്. പദ്ധതി പ്രകാരം എന്‍ജിഒകള്‍ തെരുവുനായകളെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശസ്ത്രക്രിയ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ശസ്ത്രക്രിയയ്ക്കും തുടര്‍ പരിചരണത്തിനും പേവിഷ ബാധയ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ്പ് നടത്തി, തിരിച്ചറിയുന്നതിനായി ഇടതു ചെവിയില്‍ അടയാളം പതിച്ച ശേഷം അവയുടെ ആവാസ കേന്ദ്രത്തിലേക്ക് തന്നെ തിരിച്ചുവിടുകയും ചെയ്യും.
1450 രൂപയാണ് ഒരു നായയുടെ ചികില്‍സയ്ക്കും ശസ്ത്രക്രിയക്കുമായി എന്‍ജിഒകള്‍ക്ക് നല്‍കുന്നത്. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തെരുവുനായകളുടെ വംശവര്‍ധനവ് നിയന്ത്രിക്കുന്നതിനായി നടപടി സ്വീകരിക്കുന്നതിനു യോഗം വിളിച്ചുചേര്‍ക്കുന്നതോടെയാണ് പദ്ധതി രേഖ രൂപം കൊണ്ടത്.

(Visited 35 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക