|    Nov 21 Wed, 2018 9:20 pm
FLASH NEWS

തെരുവുനായകളുടെ ആക്രമണം വര്‍ധിക്കുന്നു; ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ കടിയേറ്റത് നൂറോളം പേര്‍ക്ക്

Published : 15th December 2015 | Posted By: SMR

പൊന്നാനി: തെരുവുനായകളുടെ ആക്രമണം ദിനം തോറും വര്‍ധിക്കുമ്പോഴും അധികൃതര്‍ മൗനത്തില്‍. വരും ദിവസങ്ങളില്‍ നായകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുകയെന്ന് മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ജില്ലയില്‍ നൂറോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്.
അനുകൂല കാലാവസ്ഥയാണ് പ്രജനനം കൂടാന്‍ കാരണം. ഇതോടെ ഇവയുടെ ആക്രമണവും വര്‍ധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്വയം കരുതല്‍ മാത്രമാണു രക്ഷപ്പെടാന്‍ വഴിയെന്നാണ് അധികൃതര്‍ പറയുന്നത്. സമീപകാലത്തെങ്ങുമില്ലാത്ത വിധം തെരുവുനായകളുടെ ആക്രമണ സംഭവങ്ങള്‍ ഇത്തവണ വര്‍ധിച്ചതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനവും നായകളുടെ ക്രമാധീതമായ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇട മഴയും ഇടയ്ക്കുള്ള കനത്ത വെയിലും താപനിലയിലുള്ള വ്യതിയാനവും നായകളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പെണ്‍പട്ടികളെ വന്ധീകരിക്കുന്നതിനാണ് മൃഗസംരക്ഷണ വകുപ്പ് മുന്‍ഗണന കൊടുക്കുന്നത്.
എന്നാല്‍, പലയിടങ്ങളിലും തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച പിന്തുണ നല്‍കാത്തതിനാല്‍ ഇത് യാഥാര്‍ഥ്യമാവാതെ പോവുകയാണ്. ഓരോ ദിവസവും വിവിധ ജില്ലകളില്‍ നിന്ന് തെരുവുനായകളുടെ കടിയേറ്റ വാര്‍ത്തകള്‍ വര്‍ധിച്ചു വരികയാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്.
നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധനവുണ്ട്. എന്നാല്‍, നായ ശല്യത്തിനെതിരേ നടപടിയെടുക്കുന്നതില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയാണ് ഉണ്ടാവുന്നത്. പല നടപടികളും കടലാസിലൊതുക്കുകയാണ് തദ്ദേശഭരണ പഞ്ചായത്തുകള്‍ ചെയ്യുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ എഴുമാസത്തിനിടയില്‍ ജില്ലയില്‍ നായയുടെ ആക്രമണത്തിനിരയായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായതെന്ന് പറയുന്നു.
2013ല്‍ സംസ്ഥാനത്തൊട്ടാകെ 58,000 പേര്‍ക്ക് നായയുടെ കടിയേറ്റ് ചികില്‍സ തേടിയതായി ആരോഗ്യ വകുപ്പ് പറയുന്നു. ഇതില്‍ നല്ലൊരു ശതമാനവും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. നാലു പേരാണ് നായയുടെ കടിയേറ്റ് മരിച്ചത്. 2014ല്‍ 94,000 പേരാണ് നായയുടെ കടിയേറ്റ് ചികില്‍സ തേടിയത്ത്.
ഇതിലും നല്ലൊരു പങ്കും മലപ്പുറം ജില്ലയില്‍ നിന്നാണ്. നായയുടെ ആക്രമണത്തിനിരയാവുന്നവരില്‍ നല്ലൊരു പങ്കും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ജില്ലയില്‍ നായയുടെ ആക്രമണത്തിനിരയായി ചികില്‍സ തേടിയവര്‍ നാലായിരത്തിന് മുകളിലാണന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മനുഷ്യര്‍ക്ക് പുറമെ വളര്‍ത്തുമൃഗങ്ങളെയും കോഴിയടക്കമുള്ള പക്ഷികളെയും നായ അക്രമിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ജില്ലയില്‍ നായയുടെ ആക്രമണത്തിനിരയാക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണു റിപോര്‍ട്ട് ചെയ്യുന്നത്. പൊതുനിരത്തുകളില്‍ മാലിന്യം വലിച്ചെറിയുന്നതാണ് നായയുടെ ശല്യം വര്‍ധിക്കുന്നതിന് പ്രധാന കാരണം. പ്രഭാത സവാരിക്കിറങ്ങാനോ കുട്ടികളെ മദ്‌റസ-സ്‌കൂളുകളിലേക്ക് പറഞ്ഞയക്കാനോ കഴിയാത്ത സ്ഥിതിയാണുള്ളത്.
നായയുടെ ശല്യം തടയാനും വംശവര്‍ധന കുറയ്ക്കാനും 2001 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ആനിമല്‍ ബര്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും ജില്ലയില്‍ അത് കാര്യക്ഷമമായി ഇനിയും നടപ്പില്‍ വരുത്തിയിട്ടില്ല.
വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരും ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അതിനെ ഏകോപിച്ച് നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവുന്നില്ല. നായകളെ പിടികൂടി കൊല്ലുന്ന സംഘം ജില്ലയില്‍ സജീവമാണെങ്കിലും മതിയായ വേതനം ലഭിക്കാത്തതിനാല്‍ ഇവര്‍ കര്‍ണാടകയെ ആശ്രയിക്കുകയാണ്. ഇവിടെ ഒരു നായയെ കൊന്നാല്‍ നൂറു രൂപയാണെങ്കില്‍ കര്‍ണാടകയില്‍ 300 രൂപയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss