|    Apr 25 Wed, 2018 4:42 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

തെരുവുനാടകത്തെ അന്വേഷിക്കുന്നവര്‍ക്കായി…

Published : 20th March 2017 | Posted By: fsq

vettum-thiruthum-new

കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ‘ഇറ്റ്‌ഫോക്’ ഇക്കുറി വിവാദങ്ങളോടെ സമാപിച്ചു. ഇറ്റ്‌ഫോക് ഒന്നിന് തൃശൂര്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ ആവേശഭരിതരായ സദസ്സിനെ കണ്ട് പാകിസ്താന്‍ നാടകസംഘം അദ്ഭുതപരവശരായി. കാരണം, പാകിസ്താനില്‍ ഇങ്ങനെയൊരു അനുഭവം അവര്‍ക്കു തികച്ചും അജ്ഞാതം. സാമ്പത്തികപ്രശ്‌നങ്ങളും കെടുകാര്യസ്ഥതകളും ഇറ്റ്‌ഫോക്കിന്റെ ആരോഗ്യത്തെ കാര്‍ന്നുതിന്നു. ഇക്കുറി വിളിച്ചുപറയാന്‍ പാകത്തില്‍ ജനക്കൂട്ടം നാടകോല്‍സവത്തില്‍ പങ്കാളികളായില്ല. തെരുവുനാടകത്തിനായിരുന്നു ഇത്തവണ പ്രാമുഖ്യം. നാടകപ്രവര്‍ത്തകര്‍ വിദേശികളുടെ യഥാര്‍ഥ തെരുവുനാടകം കണ്ട് സായൂജ്യമടഞ്ഞു. മലയാളത്തെ പ്രതിനിധീകരിച്ച നാടകങ്ങള്‍ വിഷയദാരിദ്ര്യം കൊണ്ടും അവതരണത്തില്‍ നവീനത്വം ഒട്ടുമേ കൈക്കൊള്ളാതെയും പ്രേക്ഷകരുടെ മുഷിച്ചില്‍ ക്ഷണിച്ചുവരുത്തിയതായാണു കേട്ടറിവ്. നാടകം എന്റെ സ്വക്ഷേത്രമാണെന്നിരിക്കെ വെറും മൂന്നേ മൂന്ന് ഇറ്റ്‌ഫോക്കിനേ ഞാന്‍ സാക്ഷ്യംവഹിച്ചുള്ളൂ. കാരണം, കൃഷ്ണമൂര്‍ത്തി, അഭിലാഷ് പിള്ള, കെപിഎസി ലളിത തുടങ്ങിയ നാടകപ്രതിഭകള്‍ എത്രത്തോളം നവീന നാടകവേദിയെ കണ്ടെത്തും എന്നത് ഊഹിച്ചെടുക്കാനാവും.തോപ്പില്‍ ഭാസി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നിര്‍മിച്ചതുപോലെ ചുട്ടെടുക്കാവുന്ന ഒന്നല്ല തെരുവുനാടകം. എഴുപതുകളില്‍ കേരളത്തിലാദ്യമായി തെരുവുനാടക പ്രസ്ഥാനവുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ നിയമപാലകര്‍ എന്ന പോലിസ് വിഭാഗം അടിച്ചോടിക്കുമായിരുന്നു. നാട്ടുഗദ്ദികയുടെ അവതരണത്തോടെയാണ് പോലിസിനും കോടതിക്കും തെരുവുനാടകക്കാരെന്നാല്‍ അടിച്ചോടിക്കപ്പെടേണ്ടവരല്ല എന്ന ബോധമുദിച്ചത്. ഇതിനു കേരള ഹൈക്കോടതിയില്‍ നിരവധി അഭിഭാഷകര്‍- അഡ്വ. കെ എസ് മധുസൂദനന്‍, പയ്യന്നൂരിലെ അന്തരിച്ച അഡ്വ. ശങ്കര്‍, എ എക്‌സ് വര്‍ഗീസ് തുടങ്ങി നിരവധി നീതിയുടെ കാവല്‍ക്കാര്‍- സകല കുറവുകളോടെയും തെരുവുനാടക പ്രവര്‍ത്തകരെ ഏറ്റെടുത്തു. അക്കാലം പത്തു ചെറുപ്പക്കാര്‍ കൈകള്‍ മുട്ടി, ഇതാ… ഇപ്പോള്‍ ഇവിടെ ഒരു നാടകം… എന്ന് ആര്‍ത്തുപറയുമ്പോഴേക്കും പോലിസുകാര്‍ ചാടിവീഴുകയായി. നാടകം തെരുവില്‍ കളിക്കുന്നത് വിധ്വംസകപ്രവര്‍ത്തനമായി. ആ കാലമൊക്കെ പോയി. ഇന്നിപ്പോള്‍ മതസംഘടനകള്‍ക്കു പോലും തെരുവുനാടകമില്ലേല്‍ സദ്യക്കു പായസമില്ലാത്ത ദുഃഖം പോലെയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ എന്തെന്തു കൊടിയ പീഡനങ്ങളും ഉപേക്ഷിക്കലുമാണ് തെരുവുനാടകാവതാരകന്‍ എന്ന പേരില്‍ വാങ്ങിക്കൂട്ടിയതെന്നോര്‍ക്കുന്നു.അത്യന്തം പ്രക്ഷുബ്ധമായ തെരുവില്‍നിന്നേ നാടകമുണ്ടാവൂ. വിഷയം എന്തുമാവട്ടെ, നടന്‍ എത്ര പ്രഗല്ഭനാവട്ടെ, മുഖ്യകഥാപാത്രമായ തെരുവിന്റെ പ്രക്ഷുബ്ധമായ മനസ്സിനു മുന്നിലേ നാടകം സജീവമാവുകയുള്ളൂ. ഉപ്പ് സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ‘നാം ഭൂമിയുടെ ഉപ്പാകുന്നു’ എന്ന പേരിലൊരു നാടകം പയ്യന്നൂര്‍ മുതല്‍ തൃശൂര്‍ വരെ അവതരിപ്പിച്ചു. ഉപ്പ് എന്നാല്‍ എന്തെന്ന് അറിയുന്നവര്‍ തെരുവില്‍ ആ നാടകത്തോട് പ്രതികരിച്ചത് നാടകത്തിന്റെ അന്തരീക്ഷത്തിലേക്ക് നടന്മാര്‍ വലിച്ചെറിയുന്ന ഉപ്പുപരലുകള്‍ നേടാന്‍ തിക്കിത്തിരക്കിക്കൊണ്ടാണ്. പ്രേക്ഷകര്‍ ആ പരലുപ്പ് കൈവെള്ളയിലിട്ട് പൊടിച്ച് അപരനു നല്‍കി. അയാളതു രുചിച്ചു. കവി ജി കുമാരപ്പിള്ളയെ പോലുള്ളവര്‍ ‘ഉപ്പ്’ നാടകം ആസ്വദിച്ച് അഭിനന്ദിച്ചതും മറ്റും ഇന്നും ലാവണ്യങ്ങളേറെയുള്ള ഓര്‍മച്ചിന്തുകളില്‍ ഒന്നാണ്. നാടകത്തില്‍ വിവിധ ശാഖകളുണ്ട്. നടന്റെ നാടകവേദി എന്നിടത്തേ എല്ലാ ചിന്തകളും അവസാനിക്കൂ. ഇന്നു നാടകവേദി കംപ്യൂട്ടര്‍യുഗത്തിനു വഴങ്ങി ചലച്ചിത്രങ്ങളോട് ആത്മബന്ധം പുലര്‍ത്തുന്ന ഒരവസ്ഥയിലേക്കാണ്. ‘ഖസാക്ക്’ നോവലിന് രംഗഭാഷ ചമച്ചപ്പോള്‍ സംവിധായകന്‍, നടന്മാരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കാതെ കംപ്യൂട്ടര്‍ സഹായത്തോടെയാണ് രംഗാവതരണം സാധ്യമാക്കിയത്. സ്‌കൂള്‍-കോളജ് മല്‍സരവേദികളിലാണ് ഇക്കാലം നല്ല നാടകങ്ങള്‍ സാധ്യമാവുന്നത്. അവയും സിനിമയിലേക്കുള്ള ചവിട്ടുപടി എന്ന നിലയ്ക്കാണ് സംവിധായകന്‍ നാടകത്തെ പരുവപ്പെടുത്തുന്നത്. തെരുവുനാടകത്തിന്റെ സൗന്ദര്യശാസ്ത്രം അന്വേഷിച്ചവരൊക്കെയും തെരുവിന്റെ പ്രക്ഷുബ്ധാവസ്ഥകളെ അന്വേഷിച്ചിട്ടേയില്ല. ഇന്നത്തെ കേരളീയാന്തരീക്ഷം പീഡനങ്ങളുടെയും പകപോക്കലുകളുടെയും അത്യാര്‍ത്തികളുടെയും വിചാരങ്ങളാല്‍ സമ്പന്നമായ തെരുവുകളാണ്. ഇരുചക്രവാഹനങ്ങള്‍ എന്ന കോന്ത്രമ്പല്ലില്ലാത്ത രാക്ഷസീയതകള്‍ വേറെയും. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു ഗ്രാമത്തില്‍ പോലും ഇന്നൊരു തെരുവരങ്ങ് സജ്ജീകരിക്കാന്‍ യഥാര്‍ഥ നാടകപ്രവര്‍ത്തകന്‍ വിഷമിക്കും. അരീന തിയേറ്റര്‍- നാലു ചുറ്റും പ്രേക്ഷകര്‍- നാടകങ്ങള്‍ക്കാണ് ഇന്നു പ്രസക്തി. അരീന തിയേറ്ററുകള്‍ക്ക് പ്രേക്ഷകന്റെ അച്ചടക്കം സുപ്രധാനവുമാണ്. ഉദ്ഘാടകനും ആശംസാ പ്രസംഗകനും സ്ഥലത്തെ സിനിമാതാരവും ഇക്കാലം കേരളത്തില്‍ സകല ഗ്രാമത്തിലുമുണ്ട്. ഒരു വര്‍ണക്കുപ്പായമണിഞ്ഞ സിനിമാതാരം- ഒക്കെക്കൂടി പ്രേക്ഷകന്റെ മനംമടുപ്പിക്കുന്നതോടെ നടന്‍ താടസ്ഥ്യത്തിലേക്ക് വഴുതുകയായി. അരീനയില്‍ വിഷണ്ണനായ നടന് സ്വന്തം ശരീരമോ വാക്കോ പ്രത്യക്ഷപ്പെടുത്താന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആയതിനാല്‍ ഈ എഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നത് പുതിയൊരു പ്രേക്ഷകസംസ്‌കാരം മലയാള നാടകവേദിയില്‍ നട്ടുനനയ്‌ക്കേണ്ടതുണ്ടെന്നും ‘ഇറ്റ്‌ഫോക്’പോലുള്ള മഹാപ്രസ്ഥാനങ്ങള്‍ അല്‍പ പ്രതിഭകളുടെ കൂടിയാട്ടത്തിനും കൂത്തിനും     വിട്ടുകൊടുക്കരുതെന്നുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss