|    Feb 21 Tue, 2017 12:57 pm
FLASH NEWS

തെരുവിലെങ്ങും ആസാദി മുദ്രാവാക്യങ്ങള്‍

Published : 24th November 2016 | Posted By: SMR

slug-kashmirറെനി  ഐലിന്‍

പതിവിനു വിപരീതമായി മോദി-ഡോവല്‍ ദ്വയം ഇത്തവണ നടത്തിയ മറ്റൊരു പ്രചാരണം കശ്മീര്‍ ദേശീയ സമരനേതാക്കളുടെ മക്കളെല്ലാം വിദേശത്ത് സുഖമായി കഴിയുന്നവരാണെന്നും ബാക്കിയുള്ള പാവങ്ങളെയാണവര്‍ കല്ലെറിയാന്‍ വിടുന്നതെന്നുമായിരുന്നു. എന്നാല്‍, ഹുര്‍രിയത്തിലെ അലി ഷാ ഗിലാനിയുടെ മകളെ പലതവണ ജയിലിലടച്ചുവെന്നതും അവരെ രണ്ടാഴ്ച മുമ്പാണ് വീണ്ടും അറസ്റ്റ് ചെയ്തതെന്നുമുള്ള വസ്തുത അവര്‍ മറയ്ക്കുന്നു.
ദുഖ്തുറാനെ മില്ലത്തിന്റെ ആസിയ അന്ദറാബിയുടെ ഭര്‍ത്താവ് കൊലക്കുറ്റം ചാര്‍ത്തപ്പെട്ട് ജയിലിലാണ്. അവരുടെ മകന്‍ മലേഷ്യയില്‍ പഠിക്കുന്നു എന്നതാണോ ഏറ്റവും വലിയ അപരാധം- സാബിത് എന്ന പ്രക്ഷോഭകാരി പൊട്ടിത്തെറിച്ചുകൊണ്ട് ചോദിച്ചു.
യാത്രയുടെ ഒരു ഘട്ടം ഞാ ന്‍ ചെലവഴിച്ചത് പത്രങ്ങളുടെ കേന്ദ്രസ്ഥാനമായ പ്രസ് കോളനിയിലാണ്. ആദ്യദിവസം പോയപ്പോള്‍ കശ്മീര്‍ റീഡറിന്റെ നിരോധനം പിന്‍വലിക്കണമെന്ന് ബാനര്‍ കണ്ടു. രണ്ടാംദിവസം ഞാന്‍ പോയപ്പോള്‍ കണ്ടത് ബാനര്‍ അപ്രത്യക്ഷമായതാണ്. ‘പ്രകോപനപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് പൊതുസമൂഹത്തില്‍ അക്രമം നടത്താന്‍ പ്രേരിപ്പിക്കുന്നു’ എന്നതാണ് കശ്മീര്‍ റീഡര്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ ന്യായം. എന്നാല്‍, നിരോധനത്തിലൂടെ കശ്മീരിലെ ജനരോഷം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഭരണകൂടത്തിന്റെ നടപടി മറ്റൊരു വലിയ വിഡ്ഢിത്തമായി മാറി. കാര്യങ്ങളറിയാന്‍ എഡിറ്റര്‍ ഹിലാലിനെ ഞാന്‍ വിളിച്ചു. ‘എഡിറ്റേഴ്‌സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിന്റെ ഫലമനുസരിച്ച് അടുത്ത നടപടികള്‍ തീരുമാനിക്കാമെന്നു വിചാരിക്കുന്നു.’ ഭരണകക്ഷിയായ പിഡിപിയിലെ സര്‍താജ് മദനിയുടെ നാട്ടില്‍ കണ്ണീര്‍വാതക ഷെല്ല് പൊട്ടി ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ജനരോഷം സര്‍താജിനെതിരേ ഉയരുമെന്ന് മനസിലായപ്പോള്‍ സര്‍താജ് വീട് മാറാന്‍ തീരുമാനിച്ചു. എന്നാല്‍ അതിനുവേണ്ടി ആള്‍ കൊല്ലപ്പെട്ട വിവരം മൂടിവച്ച് അയാള്‍ ചികില്‍സയിലാണെന്നു പ്രചരിപ്പിച്ചു. പിന്നീട് സര്‍താജ് വീട് മാറിയപ്പോഴാണ് മരണവിവരം പുറത്തുവിട്ടത്. മരിച്ചയാളുടെ അമ്മാവനെ സര്‍താജ് രഹസ്യമായി കണ്ട് പണം വാഗ്ദാനം ചെയ്തിരുന്നു. എല്ലാം കശ്മീര്‍ റീഡര്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ എന്റെ കശ്മീരി സുഹൃത്തുക്കള്‍ അവിടേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് ഈ സംഭവം എന്നോട് സൂചിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് മെഹബൂബ പത്രം അടച്ചുപൂട്ടിയതെന്നും അവര്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഞാ ന്‍ ഹിലാലിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം, ‘ഞങ്ങള്‍ രണ്ടു ഭാഗവും പ്രസിദ്ധീകരിച്ചിരുന്നു’ എന്നാണ് മറുപടി തന്നത്. ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ മറ്റൊന്നുകൂടി പറഞ്ഞു. താഴ്‌വരയിലെ പത്രപ്രവര്‍ത്തനം വളരെ ദുഷ്‌കരമാണ്. പോലിസിന്റെയും ഭരണകൂടത്തിന്റെയും കണ്ണുകള്‍ എപ്പോഴും പിന്നാലെയുണ്ട്. ദൂരെ മാറിനില്‍ക്കുന്ന രണ്ടു മധ്യവയസ്‌കരെ ചൂണ്ടി അവര്‍ പറഞ്ഞു: ആ നില്‍ക്കുന്ന സിഐഡിമാരാണ് പ്രസ് കോളനിയില്‍ എന്നും പകല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍. പോലിസിന്റെയും പട്ടാളത്തിന്റെയും അതിക്രമത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയവരുടെ കാമറ തല്ലിത്തകര്‍ത്ത ധാരാളം സംഭവങ്ങളുണ്ടായി. ചിലര്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പോലും പ്രയോഗിച്ചു. പരിക്കേറ്റ പത്രക്കാര്‍ ഇന്നും തൊഴിലിലേക്ക് തിരിച്ചുവരാന്‍ കഴിയാതെ വിഷമിക്കുന്നു.
സന്ധ്യക്ക് ഞാന്‍ ഡൗണ്‍ ടൗണിന് സമീപമുള്ള മറ്റൊരു പ്രദേശത്തേക്കു പോയപ്പോള്‍ എന്റെ സുഹൃത്ത്, ഗുലാം അഹമ്മദ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുത്തിത്തന്നു. ജെകെഎല്‍എഫ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ തവണ ഞാന്‍ യാസീന്‍ മാലിക്കിനെ അദ്ദേഹത്തിന്റെ ഓഫിസില്‍ പോയിക്കണ്ടതും മറ്റും പറഞ്ഞപ്പോള്‍ ആവേശഭരിതനായ ഗുലാം, യാസീന്റെ ആരോഗ്യനില വഷളായതും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമെല്ലാം പങ്കുവച്ചു. 10 വര്‍ഷമായി പാകിസ്താനിലെ ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ അനുവദിക്കാതെ യാസീന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചിരിക്കുകയാണ് (നാട്ടില്‍ വന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞത് തെറ്റായ കുത്തിവയ്പ് നടത്തി യാസീന്‍ മാലിക്കിന്റെ ഒരു കൈ തളര്‍ന്നുപോയി എന്നാണ്).
ഹൈദര്‍പുരയിലേക്ക് ഞാ ന്‍ യാത്ര ചെയ്യുമ്പോള്‍ യാസീ ന്‍ മാലിക്കിന്റെ ജന്മസ്ഥലമായ മൈസുമ വഴിയാണ് പോയത്. തെരുവ് മുഴുവന്‍ ആസാദി മുദ്രാവാക്യങ്ങള്‍. ചില ഗലികളില്‍ പോലിസോ പട്ടാളമോ കയറാന്‍ തന്നെ ഭയക്കുന്നു. ചിലപ്പോള്‍ നഗരത്തില്‍ സ്ഥിതി ശാന്തമാണെന്നു കാണിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് പോലിസ് അങ്ങോട്ട് പണം കൊടുത്ത് ഓടിക്കുന്നു. കല്ലേറ് മൂലം കേടുപാട് സംഭവിച്ചാല്‍ നന്നാക്കാനുള്ള പണവും ചിലപ്പോള്‍ നല്‍കും. ടാക്‌സി ഡ്രൈവര്‍ക്ക് ചരിത്രമറിയാം: ‘ഞങ്ങ ള്‍ക്കൊന്നും മറക്കാന്‍ കഴിയില്ല സാബ്…’- അയാള്‍ പറഞ്ഞു. 1931 ജൂലൈ 13ന് ജാമിഅ മസ്ജിദില്‍ പ്രാര്‍ഥനയ്ക്കായി ബാങ്ക് വിളിക്കാന്‍ എഴുന്നേറ്റയാളെ ഡോഗ്ര പോലിസ് വെടിവച്ചുകൊന്നു. തടുക്കാന്‍ എഴുന്നേറ്റ ഓരോരുത്തരെയും കൊന്നു. അങ്ങനെ 22 പേര്‍ രക്തസാക്ഷികളായി. ഡോഗ്രകള്‍ക്കെതിരേയുള്ള പോരാട്ടത്തിലും പിന്നീടും ഈ മണ്ണില്‍ വീണ ഓരോ തുള്ളി ചോരയും ഞങ്ങളുടെ ഹൃദയത്തിലുണ്ട്; ഒന്നും മറക്കില്ല. ഞാന്‍ സ്തംഭിച്ചിരുന്നുപോയി. മറ്റൊന്നുമല്ല, 2016 ല്‍ കഷ്ടിച്ച് 30 വയസ്സ് വരുന്ന ഒരു യുവാവ് 1931ലെ സംഭവങ്ങള്‍ ഇപ്പോഴും നെഞ്ചിലേറ്റുന്നു; അടിയുറച്ച കശ്മീരി ദേശീയബോധവും അവര്‍ക്കുണ്ട്. അതുകൊണ്ടാണ് എല്ലാ വര്‍ഷവും ജൂലൈ 13 രക്തസാക്ഷിത്വ ദിനമായി കശ്മീരികള്‍ ആചരിക്കുന്നത്.
കശ്മീരിലെ മാധ്യമമേഖലയില്‍ മൂന്നു വിഭാഗങ്ങളാണ് ചേരിതിരിഞ്ഞ് യുദ്ധം ചെയ്യുന്നത്: ഒന്ന്, പ്രാദേശിക പത്രങ്ങള്‍. രണ്ട്, ഇന്ത്യന്‍ മാധ്യമങ്ങള്‍. മൂന്ന്, ലോക മാധ്യമങ്ങള്‍. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തുവരാതിരിക്കുന്നതിന് പട്ടാളവും പോലിസും സകല സൂത്രവും പ്രയോഗിക്കും. അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നപ്പോള്‍ രാവിലെ പത്രമാപ്പീസുകളില്‍ സൈനികരും അര്‍ധസൈനികരും ഇരച്ചുകയറി പത്രക്കെട്ടുകള്‍ പിടിച്ചെടുത്ത് കത്തിച്ചുകളഞ്ഞു. അതൊന്നും ഇന്ത്യന്‍ പത്രങ്ങള്‍ക്കു വിഷയമല്ല.
ബുര്‍ഹാന്‍ വാനിയുടെ ശവസംസ്‌കാരത്തിന് ഒരു ലക്ഷത്തില്‍പരം ജനങ്ങള്‍ പങ്കെടുത്ത ചിത്രങ്ങളും വാര്‍ത്തകളും കശ്മീര്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഇന്ത്യന്‍ പത്രങ്ങള്‍ക്ക് അത് വെറുമൊരു സാധാരണ ശവമടക്ക് വാര്‍ത്തയായി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പലപ്പോഴും ഇന്ത്യന്‍ മാധ്യമങ്ങളേക്കാള്‍ ഭേദമാണ്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവര്‍ ചിലപ്പോള്‍ തുറന്നുപറയുന്നു.

 (അവസാനിക്കുന്നില്ല.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക