|    Oct 17 Wed, 2018 5:08 pm
FLASH NEWS
Home   >  Kerala   >  

തെന്‍മല ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

Published : 10th August 2018 | Posted By: sruthi srt

കൊല്ലം: നീരൊഴുക്ക് വര്‍ധിച്ചതോടെ തെന്‍മല ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ രാത്രിയോടെ കൂടുതല്‍ ഉയര്‍ത്തി. പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് അടുത്തതോടെയാണ് വെള്ളം കൂടുതല്‍ തുറന്നുവിടുന്നത്. ഇന്ന് വൈകീട്ട് അഞ്ചുവരെ 115.39 മീറ്റര്‍ ആണ് ഡാമിലെ ജലനിരപ്പ്. ഇതോടെ മൂന്നു ഷട്ടറുകളും 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി. 115.82 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.

ബുധനാഴ്ച വൈകീട്ട് ഡാമിലെ ജലനിരപ്പ് 114.80 മീറ്റര്‍ ആയിരുന്നപ്പോള്‍ 15 സെന്റീമീറ്ററായിരുന്നു മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിവച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ ഏഴോടെ ജലനിരപ്പ് 115.14 മീറ്ററിലെത്തി. ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ പല ഘട്ടങ്ങളിലായി ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിടുകയാണ്.
അണക്കെട്ടില്‍ എക്കലും മണലും അടിഞ്ഞുകൂടി കിടക്കുന്നതിനാല്‍ ചെറിയ മഴയില്‍ നിറയുകയും വേനലിന്റെ തുടക്കത്തില്‍തന്നെ വരളുകയുമാണു പതിവ്. ഡാമിന്റെ 23 ശതമാനവും മണലും എക്കലുമാണെന്നാണു ജിയോളജിക്കല്‍ സര്‍വേ വിഭാഗം നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. അണക്കെട്ടില്‍ നിന്നും എക്കലും മണലും നീക്കം ചെയ്യണമെന്ന ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് കെഐപി കനാല്‍ വഴി തെന്മല ഡാമില്‍ നിന്നുമാണു വെള്ളം കൊണ്ടുപോകുന്നത്.അതേസമയം, കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ മഴയില്‍ മുങ്ങിപ്പോയ കൃഷിയിടങ്ങള്‍ കെടുതിയില്‍ നിന്ന് കരകയറും മുമ്പ് മഴ വീണ്ടുമെത്തിയത് കര്‍ഷകരെ വലച്ചു. പുനലൂര്‍ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് 66 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ആര്യങ്കാവില്‍ 50 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ശാസ്താംകോട്ട കായല്‍, അഷ്ടമുടിക്കായല്‍ തുടങ്ങിയ ജില്ലയിലെ ചെറുതും വലുതുമായ ജലാശയങ്ങളിലും വെള്ളത്തിന്റെ അളവ് വര്‍ധിച്ചു. മഴയിലും കാറ്റിലും കിഴക്കന്‍ മേഖലയില്‍ കൃഷിനാശമുണ്ടായി. പുന്നല സജേഷ് ഭവനത്തില്‍ ശശിയെന്ന കര്‍ഷകന്റെ ആയിരംമൂട് വെറ്റിലക്കൊടി കഴിഞ്ഞ രാത്രിയില്‍ നിലംപൊത്തി. ശക്തമായ കാറ്റിനെ തുടര്‍ന്ന് വെറ്റിലകൊടികള്‍ ഒടിഞ്ഞു വീഴുകയായിരുന്നു. കടം വാങ്ങി പാട്ടെത്തിനെടുത്ത വസ്തുവിലെ കൃഷി തകര്‍ന്നതു കര്‍ഷകന് കനത്ത തിരിച്ചടിയായി. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss