|    Jun 29 Thu, 2017 7:43 am
Home   >  Editpage  >  Second edit  >  

തെങ്ങുരോഗം

Published : 19th November 2016 | Posted By: SMR

നാളികേരത്തിന്റെ മാഹാത്മ്യം ഇപ്പോള്‍ ലോകം തിരിച്ചറിയുന്നുണ്ട്. കല്‍പവൃക്ഷം എന്ന് പണ്ടേ മലയാളികള്‍ പറയാറുണ്ടെങ്കിലും സമീപകാലത്താണ് നാളികേരത്തിന്റെ സാധ്യതകള്‍ ലോകം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്. പക്ഷേ, തെങ്ങും തെങ്ങുകൃഷിക്കാരും ലോകമാസകലം വലിയ പ്രതിസന്ധിയിലാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈയാഴ്ച അറ്റ്‌ലാന്റിക് എന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണത്തില്‍ വന്ന ഒരു ലേഖനത്തില്‍ പറയുന്നത് തെങ്ങിന്റെ പട്ടചീയല്‍രോഗം വിവിധ ഭൂഖണ്ഡങ്ങളില്‍ പടര്‍ന്നുപിടിക്കുകയാണെന്നാണ്.
തെങ്ങുകള്‍ ധാരാളം വളരുന്ന കാരിബീയന്‍ ദ്വീപുകളില്‍ തെങ്ങുകള്‍ വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് ലേഖനം പറയുന്നു. ആഫ്രിക്കയിലെ ഐവറികോസ്റ്റിലും പസഫിക് ദ്വീപുകളായ പാപ്പുവ ന്യൂഗിനിയിലും സ്ഥിതി അപ്രകാരം തന്നെ. രോഗം പടര്‍ന്നുപിടിക്കുന്നത് തടയാനുള്ള വഴികളൊന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുമില്ല.
എന്നാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ തെങ്ങുകളുള്ളത് ഇന്തോനീസ്യയിലും ഫിലിപ്പീന്‍സിലും ഇന്ത്യയിലുമാണ്. വിവിധ തരത്തിലുള്ള തെങ്ങുകള്‍ ലോകത്തുണ്ട്. അവയുടെ വിത്തുകള്‍ ഭാവിതലമുറയ്ക്കു വേണ്ടി സംരക്ഷിച്ചുവയ്ക്കുകയെന്നതും എളുപ്പമല്ല. നെല്ലും ഗോതമ്പും പോലെ എളുപ്പത്തില്‍ സൂക്ഷിക്കാവുന്നതല്ല തെങ്ങിന്റെ വിത്തുകള്‍. അത് തേങ്ങ തന്നെയാണ്. അതിനാല്‍ തോട്ടങ്ങളില്‍ തെങ്ങുകള്‍ വളര്‍ത്തിയാണ് അവയെ സംരക്ഷിക്കുന്നത്. പക്ഷേ, ഇത്തരം തോട്ടങ്ങള്‍പോലും പലേടത്തും രോഗഭീഷണി നേരിടുകയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക