|    Apr 24 Tue, 2018 4:26 pm
FLASH NEWS

തെങ്ങുകളിലെ വെള്ളീച്ച ആക്രമണം ജില്ലയിലും

Published : 1st November 2016 | Posted By: SMR

കൊല്ലം: ഉദ്യാനസസ്യങ്ങളെയും പച്ചക്കറികളെയുമടക്കമുള്ള സസ്യങ്ങളെ ആക്രമിക്കുന്ന നീരൂറ്റി കുടിക്കുന്ന കീടമായ “സ്‌പൈറലിങ് വെള്ളീച്ച’ ഇപ്പോള്‍ തെങ്ങുകളിലും ഗുരുതരമായ തോതില്‍ പ്രത്യക്ഷപ്പെടുന്നു. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പാലക്കാട്ടെ ചിറ്റൂര്‍ മേഖലകള്‍, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴയിലെ കുട്ടനാട് പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ തെങ്ങില്‍ വ്യാപകമായുള്ള ഈ വെള്ളീച്ചയെ ജില്ലയിലെ സദാനന്ദപുരത്തും എംസി റോഡിനു സമീപമുള്ള തെങ്ങുകളിലും കണ്ടെത്തിയതായി സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഓലകളില്‍ അടിവശത്തായാണ് ഇവ മുട്ടകളും ലാര്‍വ്വകളും ഈച്ചകളുമായി കാണപ്പെടുന്നത്.  ലാര്‍വകളും വെള്ളീച്ചകളും ഇലകളില്‍നിന്ന് നീരൂറ്റി കുടിക്കും. ഇവ സ്രവിപ്പിക്കുന്ന ദ്രാവകത്തില്‍ കുമിള്‍ ബാധയായ കരിംപൂപ്പു രോഗം പെട്ടെന്നു തന്നെ പകരുന്നതിനാല്‍ ഇലകളാകമാനം കറുത്ത നിറത്തില്‍ കാണപ്പെടുന്നു. ഈ വെള്ളീച്ച ഇലയില്‍ നിന്ന് പോഷണങ്ങള്‍ നീരൂറ്റികുടിച്ച്് മഞ്ഞളിപ്പുണ്ടാക്കുകയും കരിംപൂപ്പുരോഗത്താല്‍ ഇലകളുടെ പ്രകാശ സംശ്ലേഷണം വലിയ അളവില്‍ തടയുകയും ചെയ്യുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ ഇലകള്‍ കരിയുന്നു. ആക്രമണം രൂക്ഷമായ അടിയിലകള്‍ മുറിച്ചു കത്തിച്ചു നശിപ്പിക്കുക, തെങ്ങിന്റെ ഇടവിളകളില്‍ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതവും തെങ്ങോലകളില്‍ വേപ്പെണ്ണ എമല്‍ഷനും തളിക്കുക, കരിംപൂപ്പുരോഗത്തിനെതിരെ 10 ലിറ്റര്‍ വെള്ളത്തില്‍ 2 ലിറ്റര്‍ കഞ്ഞി വെള്ളം നേര്‍പ്പിച്ച് തളിക്കുക എന്നിവയാണ് പ്രതിരോധ നടപടികള്‍. രാസകീടനാശിനികള്‍ ഈ കീടത്തിന്റെ എതിര്‍പ്രാണികളെ നശിപ്പിക്കുന്നതിനാല്‍ യാതൊരു കാരണവശാലും ഇവ ഉപയോഗിക്കരുത്.ഈ കീടബാധയെപ്പറ്റിയുള്ള വിശദമായ പഠനങ്ങള്‍ കായംകുളം കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിലും കേരള കാര്‍ഷിക സര്‍വ്വകലാശാലയിലും നടന്നു വരുന്നു. സ്‌പൈറലിങ് വെള്ളീച്ചയാണിതെന്നാണ് പ്രാഥമിക നിഗമനം. മധ്യ അമേരിക്ക, കരീബിയന്‍ ദ്വീപുകള്‍ എന്നിവടങ്ങളില്‍ അധിവസിച്ചിരുന്ന ഇവയെ 1995 ലാണ് കേരളത്തില്‍ കണ്ടു തുടങ്ങിയത്. ഇന്ത്യയില്‍ ഇത് മുന്നൂറിലധികം സസ്യങ്ങളെ ആക്രമിക്കുന്നതായി കെത്തിയിട്ടുണ്ട. ഇതില്‍ തന്നെ 90 ലധികം ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള സസ്യങ്ങള്‍ കേരളത്തിലുണ്ട്. ഇലകളുടെ അടിയില്‍ വൃത്താകൃതിയില്‍ മുട്ടയിട്ടു പോകുന്ന രീതികൊാണ് ഇവ യെ സ്‌പൈറലിങ് വെള്ളീച്ച എന്നു പറയുന്നത്. ഇതിനുമേലായി വെള്ളനിറത്തില്‍ മെഴുകിന്റെ സാന്നിധ്യമുാകും 5-7 ദിവസങ്ങള്‍ കൊണ്ട് മുട്ടവിരിയുകയും സഞ്ചാരശേഷിയുള്ള കുഞ്ഞുങ്ങള്‍ പുറത്തു വരികയും ചെയ്യും. ഇവ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോഴേക്കും സഞ്ചാരം നിലക്കുകയും ഒരിടത്തിരുന്ന് നീരൂറ്റി കുടിക്കാനാരംഭിക്കുകയും ചെയ്യും. ഇവയുടെ ശരിരത്തില്‍ വെളുത്ത മെഴുകു കൊണ്ടുള്ള ആവരണമുണ്ട്. ഈച്ചയാകും മുമ്പുള്ളദശയില്‍ ഒരു സെന്റീമീറ്ററോളം നീളത്തില്‍ മെഴുക് ദണ്ഡുകള്‍ ഇവയുടെ ശരീരത്തില്‍ നിന്നും പുറത്തു വരികയും ചെയ്യുന്നു. 12-14 ദിവസം കൊണ്ട് ലാര്‍വ്വദശയും 2-3 ദിവസം കൊണ്ട് പ്യൂപ ദശയും പിന്നിടുന്ന ഇവയുടെ വയറിന്റെ അറ്റത്തുള്ള ഗ്രന്ഥിയില്‍ നിന്ന് മധുരമുള്ള ദ്രാവകം പുറത്തേക്ക് വിടുന്നു. പ്യൂപയില്‍ നിന്ന് പുറത്തു വരുന്ന വെള്ളീച്ചയുടെ ചിറകുകള്‍ ആദ്യം സുതാര്യവും പിന്നീട്‌മെഴുകുകൊണ്ടാവരണം ചെയ്യുന്നതിനാല്‍ വെളുത്തുമിരിക്കുന്നു. വെള്ളീച്ചയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 34-38 ദിവസമാണ്.പെട്ടെന്ന് വ്യാപിക്കാനുള്ള ഇവയുടെ കഴിവും പല സസ്യങ്ങളെ ആഹരിക്കാനുള്ള പ്രാപ്തിയും മെഴുകുകൊണ്ടുള്ള ആവരണവും ഇവയ്ക്ക് പ്രകൃതിയില്‍ നിലനില്‍ക്കാനുള്ള ശക്തി നല്‍കുന്നു. കീടനാശിനികളുടെ ഉപയോഗം മിത്രപ്രാണികളെ നശിപ്പിക്കുവാനുംവെള്ളീച്ചകള്‍ കീടനാശിനിക്കെതിരേ പ്രതിരോധശേഷിയാര്‍ജിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ജൈവ മാര്‍ഗ്ഗങ്ങളാണ് ഇവയ്‌ക്കെതിരേ നല്ലതെന്ന് സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്‍ പ്രഫസര്‍മാരായ സി ആര്‍ മനു, ഡോ. പൂര്‍ണിമ യാദവ്, നോബിള്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss