|    Dec 12 Tue, 2017 12:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് സുവര്‍ണകാലം

Published : 29th October 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: തെങ്ങ് കയറുന്ന തൊഴിലാളികള്‍ക്ക് സ്വദേശത്തും വിദേശത്തും സുവര്‍ണകാലം വരുന്നു. ഉയര്‍ന്ന ശമ്പളത്തിന് ഇവരെ റാഞ്ചാന്‍ വിദേശരാജ്യങ്ങള്‍ സംസ്ഥാനത്തേക്കു വരുന്ന അവസ്ഥയുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും പസഫിക്, കാരിബീയന്‍ രാജ്യങ്ങളിലുമാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നത്.
നാട്ടില്‍ തന്നെ നീര ഉല്‍പാദനം ആരംഭിച്ചതോടെ ഈ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വേതനമാണു ലഭിക്കുന്നത്. 100 തെങ്ങില്‍ നിന്നു ദിവസവും രണ്ടുനേരം നീര എടുക്കുന്ന തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അരലക്ഷത്തോളം രൂപ വരുമാനമുണ്ട്. മലയാളികളെ ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ കൊച്ചി മുതല്‍ തിരുവനന്തപുരം വരെയുള്ള നീര ഉല്‍പാദന സംഘങ്ങള്‍ അസംകാരെയും ബിഹാറികളെയും ബംഗാളികളെയുമാണ് ഈ തൊഴിലിന് നിയോഗിക്കുന്നത്. സംസ്ഥാനത്ത് തെങ്ങുകയറ്റ തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരുന്നത് ഇല്ലാതാക്കാന്‍ നാളികേര വികസന ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 52,000 പേര്‍ക്കാണ് ബോര്‍ഡ് തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കിയത്. ഇവരില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ഈ ജോലി ചെയ്തുവരുന്നു. 20 പേരുള്ള ഓരോ ബാച്ചുകളിലായാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനം. 56,500 രൂപയാണ് ഓരോ ബാച്ചിനും പരിശീലനത്തിനായി ചെലവഴിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തെങ്ങില്‍ കയറുന്ന യന്ത്രവും നല്‍കി. യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറാനാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്. 2,375 രൂപയാണ് ഈ യന്ത്രത്തിന്റെ വില. ഈ വര്‍ഷം 6,000 പേര്‍ക്കു കൂടി പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍നിന്നു തെങ്ങുകയറ്റ തൊഴിലാളികളെ തേടി കേരളത്തിലേക്ക് ആവശ്യക്കാര്‍ വരുന്നു. ധാരാളം തെങ്ങുകളുള്ള കാരിബീയന്‍ രാജ്യങ്ങളില്‍നിന്നു നാളികേര ബോര്‍ഡിന് 5,000 തൊഴിലാളികളെ ആവശ്യപ്പെട്ട് കത്ത് വന്നിരുന്നു. തൊഴിലാളികള്‍ ലഭ്യമല്ലാത്തതിനാ ല്‍ യന്ത്രങ്ങളാണ് അവര്‍ക്കു നല്‍കിയത്. പസഫിക് ദ്വീപ് സമൂഹത്തില്‍നിന്ന് ഇതുപോലെ തൊഴിലാളികളെ ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ ലഭിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഈത്തപ്പനയില്‍ കയറുന്നതിനുവേണ്ടിയാണ് തെങ്ങുകയറ്റ തൊഴിലാളികളെ അന്വേഷിച്ച് സ്‌പോണ്‍സര്‍മാരെത്തുന്നത്. വിമാന ടിക്കറ്റും കനത്ത ശമ്പളവും വാഗ്ദാനം നല്‍കിയാണ് അറബികള്‍ സംസ്ഥാനത്ത് തൊഴിലാളികളെ തേടുന്നത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന മലയാളികള്‍ മുഖേനയാണ് അവരെത്തുന്നത്.
വരുംകാലങ്ങളില്‍ തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് വലിയതോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നു തീര്‍ച്ച. വിവിധ കാരണങ്ങളാല്‍ ഈ തൊഴില്‍ ഉപേക്ഷിച്ചവര്‍ സുവര്‍ണാവസരങ്ങള്‍ കണ്ട് തിരിച്ചുവരുന്ന അവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക