|    Nov 18 Sat, 2017 2:47 am

തെങ്ങില്‍ കയറാതെ തേങ്ങയിടാം; പുതിയ യന്ത്രവുമായി ബിടെക് ബിരുദധാരി

Published : 12th July 2016 | Posted By: SMR

മലപ്പുറം: തേങ്ങയിടാന്‍ ഇനി തെങ്ങില്‍ കയറേണ്ടിവരില്ല. തെങ്ങിന്‍ ചുവട്ടിലിരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പ്രത്യേക ആപ്പിന്റെ സഹായത്തോടെ തേങ്ങപറിച്ചെടുക്കാം. കൊണ്ടോട്ടി ചിറയില്‍ മേലെപറമ്പില്‍ ജംഷീദ് അല്‍ റഹ്മാന്‍ എന്ന ബിടെക് ബിരുദധാരിയാണ് അനായാസം തെങ്ങില്‍ ഘടിപ്പിക്കാവുന്നതും ബാറ്ററിയില്‍ പ്രവര്‍ത്തിക്കാവുന്നതുമായ പുതിയ തെങ്ങ് കയറുന്ന യന്ത്രം വികസിപ്പിച്ചെടുത്തത്. തെങ്ങില്‍ കയറാതെ ഏതൊരു വ്യക്തിക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പ്രത്യേക ആപ്പിന്റെ സഹായത്തോടെ യന്ത്രത്തെ നിയന്ത്രിക്കാം.
ന്യൂതന ആശയവിനിമയ മാര്‍ഗമായ വൈഫൈയോ ബ്ലൂട്ടൂത്തോ ഉപയോഗിച്ച് മൊബൈലും യന്ത്രവുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. തേങ്ങ മൂപ്പത്തിയതാണോ എന്നൊക്കെ മനസ്സിലാക്കുന്നതിന് കാമറയും യന്ത്രത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. മൊബൈലില്‍ തെളിയുന്ന ദൃശ്യം ഉപയോഗിച്ച് യന്ത്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം.
തെങ്ങിന്റെ മുന്നൂറ് മീറ്റര്‍ ദൂര പരിധിയില്‍നിന്നുവരെ യന്ത്രത്തെ പ്രത്യേക സോഫ്റ്റ്‌വെയര്‍ വഴി നിയന്ത്രിക്കാം. ഉപകരണം തെങ്ങില്‍ മാത്രമല്ല, കവുങ്ങിലും പനയിലും ഇലക്ട്രിക പോസ്റ്റിലും ഉപയോഗിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപകരണത്തെ ക്രമീകരിക്കാനുള്ള സംവിധാനവും ഇതിലുണ്ടെന്ന് ജംഷിദ് അല്‍ റഹ്മാന്‍ പറഞ്ഞു. പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപവരെ ഇതിന് നിര്‍മാണ ചെലവ് വരുന്നതായും ജംഷിദ് പറഞ്ഞു.
പരിമതമായ സൗകര്യങ്ങളില്‍ പൂര്‍ണമായ രീതിയില്‍ യത്രത്തെ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിര്‍മാണത്തിനുവേണ്ട വസ്തുക്കള്‍ ലഭിക്കാനുള്ള പ്രയാസമാണിതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
യന്ത്രത്തിന്റെ ഒരു മാതൃക മാത്രമാണ് ഇപ്പോള്‍ നിര്‍മിച്ചട്ടുള്ളതെന്നും പരിപൂര്‍ണ രീതിയില്‍ യന്ത്രം വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും ജംഷിദ് അല്‍ റഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷമാണ് ജംഷിദ് ബിടെക്ക് പൂര്‍ത്തിയാക്കിയത്. ഉപകരണം 2013ല്‍ പെറ്റന്റിനു അപേക്ഷിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍-പ്രോഗ്രാമിങ് രംഗത്തുപ്രവര്‍ത്തിക്കുന്ന സഹോദരന്‍ ഫവാസുല്‍ റഹീമും ജംഷിദിന് കൂട്ടായുണ്ട്. ചിറയില്‍ മേലെപറമ്പില്‍ പുളിക്കത്തൊടി അബ്ദുല്‍ ലത്തീഫ്-ഉള്ളാട്ടുപറമ്പില്‍ സുബൈദ ദമ്പതികളുടെ മകനാണ് ജംഷിദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക