|    Apr 19 Thu, 2018 5:28 pm
FLASH NEWS

തെങ്ങിന് കാറ്റുവീഴ്ച രോഗം; കര്‍ഷകര്‍ ദുരിതത്തില്‍

Published : 17th October 2016 | Posted By: Abbasali tf

കൊഴിഞ്ഞാമ്പാറ: ജില്ലയുടെ കിഴക്കന്‍ മേഖലയായ കൊഴിഞ്ഞാമ്പാറ മുതല്‍ ചിറ്റൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ തെങ്ങിന് കാറ്റുവീഴ്ച രോഗം വ്യാപകമാവുന്നു. കഴിഞ്ഞ  മാര്‍ച്ചില്‍ 250 ഹെക്ടറില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന രോഗബാധ ഇപ്പോള്‍ മുന്നൂറിലേറെ ഹെക്ടറിലേക്ക് പടര്‍ന്നു. പിടിച്ചിരിക്കുകയാണ്. എന്നാല്‍ ഫലപ്രദമായ നടപടി കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നു പരാതിയുണ്ട്. മൂന്നുമാസം മുമ്പ് രോഗനിയന്ത്രണത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് അന്നത്തെ കൃഷിവകുപ്പ് ഡയറക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒന്നും നടന്നില്ല. മഴക്കാലത്താണ് രോഗം കൂടുതല്‍ പടരുന്നത്. ഇതറിയാമായിട്ടും ജൂണിനു മുമ്പ് പ്രതിരോധ നടപടിയൊന്നും കൈക്കൊള്ളാന്‍ കൃഷിവകുപ്പിനായില്ല. രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റാന്‍ 1,500രൂപയോളം ചെലവ് വരും. നാളികേരവില ക്രമാതീതമായി ഇടിഞ്ഞതു മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകര്‍ ഇതിനു പോലും വഴിയില്ലാത്ത സ്ഥിതിയിലാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് കാലിവളര്‍ത്തലും മറ്റ് കൈത്തൊഴിലുകളും ചെയ്യുകയാണിപ്പോള്‍ ഇവര്‍. 18ലക്ഷം തെങ്ങുകളുള്ള ചിറ്റൂര്‍മേഖലയില്‍ രോഗം പടരുന്നത് വന്‍ ദുരന്തമാവുമെന്ന് കൃഷിയുദ്യോഗസ്ഥര്‍ തന്നെ പറയുന്നു. രോഗം ബാധിച്ച തെങ്ങ് ഒരു വര്‍ഷത്തിനകം പൂര്‍ണമായും നശിക്കുന്നതായാണ് കര്‍ഷകരുടെ അനുഭവം. മൂങ്കില്‍മട, മൂലക്കട ഭാഗങ്ങളില്‍ ഭൂരിപക്ഷം തെങ്ങുകളും രോഗബാധിതമായിക്കഴിഞ്ഞു. എത്ര തെങ്ങുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്താന്‍ കൃഷിവകുപ്പ്് തയ്യാറാവണമെന്ന് എരുത്തേമ്പതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൊന്‍രാജ് ആവശ്യപ്പെട്ടു. ഒപ്പം സര്‍ക്കാരിന്റെ ഇടപെടലും ഉണ്ടാകണം. രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റുന്നതിന് കൃഷിക്കാര്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കണം. വലിയ നഷ്ടം സംഭവിച്ച കൃഷിക്കാര്‍ക്കായി ഇതരകൃഷിയും മൃഗസംരക്ഷണവുമുള്‍പ്പെടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. രോഗനിയന്ത്രണത്തിന് കര്‍ഷകര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയതായും വിവരം കൃഷി ഡയറക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും  കേരഗ്രാമം പദ്ധതിയുടെ ഫണ്ടുപയോഗിച്ച് രോഗനിയന്ത്രണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിറ്റൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. തെങ്ങ് മുറിച്ചുനീക്കാന്‍ 500 രൂപയാണിപ്പോള്‍ നല്‍കേണ്ടതെന്നിരിക്കെ കൊഴിഞ്ഞാമ്പാറ, പെരുമാട്ടി പഞ്ചായത്തുകളിലാണ് ഇത്തരത്തില്‍ കാറ്റുവീഴ്ചമൂലം വ്യാപകമായി തെങ്ങുകള്‍ മുറച്ച് മറ്റേണ്ടി വന്നിട്ടുള്ളതെന്നിരിക്കെ 500 രൂപ മുടക്കി തെങ്ങ് മുറച്ച് മാറ്റിയാലും കര്‍ഷകര്‍ വീണ്ടും കെണിയിലാവുന്ന സ്ഥിതിയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss