|    Nov 20 Tue, 2018 4:52 pm
FLASH NEWS

തെക്കില്‍-ആലട്ടി റോഡ് നവീകരണ പ്രവര്‍ത്തനം തുടങ്ങി

Published : 25th August 2018 | Posted By: kasim kzm

ചെര്‍ക്കള: മലയോര ജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെക്കില്‍-ആലട്ടി അന്തര്‍ സംസ്ഥാന റോഡിന്റെ പ്രാരംഭഘട്ട നിര്‍മാണ പ്രവൃത്തി പെര്‍ളടുക്കയില്‍ ആരംഭിച്ചു. പദ്ധതിയുടെ ലെവല്‍സ് കണക്കെടുപ്പ് ജോലി കഴിഞ്ഞ മാസം കേരള-കര്‍ണാടക വനാതിര്‍ത്തി മാണിമൂല കണ്ണാടിത്തോടില്‍ പൂര്‍ത്തിയായിരുന്നു. പൊയിനാച്ചിയില്‍ നിന്നും ജൂണ്‍ രണ്ടിനാണ് അളന്ന് തിട്ടപ്പെടുത്തല്‍ തുടങ്ങിയത്. ഗോവ ആസ്ഥാനമായ അസ്മാസ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നവീകരണനത്തിന്റെ കരാര്‍. ലെവല്‍സ് കണക്കെടുപ്പ് റിപോര്‍ട്ട് തിരുവന്തപുരത്തേക്ക് അയച്ച് അംഗീകാരം ലഭിച്ചതിന് ശേഷമാണ് പ്രവൃത്തി തുടങ്ങിയത്. കള്‍വര്‍ട്ട് നിര്‍മാണം, റോഡിന്റെ വീതി കൂട്ടല്‍ എന്നിവയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
35 കിലോമീറ്ററാണ് റോഡിന്റെ ദൈര്‍ഘ്യം. ചെമനാട്, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ കൂടിയാണ് ഭൂരിഭാഗവും റോഡ് കടന്നു പോകുന്നത്. 71.65 കോടി രൂപയാണ് ഈപദ്ധതി നടപ്പിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നീക്കിവച്ചിട്ടുള്ളത്. 12 മീറ്റര്‍ വീതിയിലാണ് വികസനം. ഇതില്‍ ഏഴ് മീറ്ററോളം ടാറിങ് നടത്തും. അതിനാല്‍ പ്രധാന ടൗണുകളായ ബന്തടുക്ക, പടുപ്പ്, കുറ്റിക്കോല്‍, മുന്നാട്, കുണ്ടംകുഴി തുടങ്ങിയയിടങ്ങളില്‍ ചില കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടി വരുന്ന രീതിയിലാണ് നവീകരിക്കുമ്പോള്‍ റോഡ് പോകുന്നത്. കെട്ടിട ഉടമകളോടും സ്വകാര്യ സ്ഥലമുടമകളോടും സര്‍ക്കാര്‍ തലത്തില്‍ റോഡിന് വേണ്ടി സ്ഥലം വിട്ടുകൊടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ 5.5 മീറ്റര്‍ വീതിയിലാണ് മലയോരപാതയ്ക്ക് ടാറിങ് ഉള്ളത്. മെക്കാഡം ടാറിങിനെക്കാള്‍ മുന്തിയ ഡെന്‍സ് ബിറ്റുമിന്‍ മെക്കാഡം (ഡിബിഎം) സാങ്കേതിക വിദ്യയിലാണ് റോഡ് നിര്‍മിക്കുന്നത്. ഇരു വശങ്ങളിലും ഓരോ മീറ്റര്‍ വീതം വീതിയില്‍ ഓവുചാല്‍, കുടിവെള്ള പൈപ്പും ടെലിഫോണ്‍ കേബിളും ഇടുന്നതിന് സ്ഥിരം യൂട്ടിലിറ്റി ഡെപ്ത് എന്നിവയും ഉണ്ടാകും.
ദേശീയപാത പൊയിനാച്ചി ടൗണില്‍ നിന്നും തുടങ്ങി കര്‍ണാടക സുള്ള്യയിലെ ആലട്ടി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതാണ് പാത. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ വികസനകുതിപ്പുണ്ടാകും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss