|    Oct 23 Tue, 2018 10:29 pm
FLASH NEWS

തൃശൂര്‍ മെഡി. കോളജില്‍ റേഡിയേഷന്‍ യന്ത്രം നിശ്ചലം

Published : 20th March 2018 | Posted By: kasim kzm

മുളങ്കുന്നത്തുകാവ്: ചികില്‍സ തേടി അന്യസംസ്ഥാനത്തേക്കു പോകുന്ന മന്ത്രിമാരും മറ്റു നേതാക്കളും സ്വന്തം നാട്ടിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ദുരിതമറിയണം. റേഡിയേഷന്‍ യന്ത്രം കേടായതു മൂലം റേഡിയേഷന്‍ ചികില്‍സ ലഭിക്കാതെ വലയുന്ന കാന്‍സര്‍ രോഗികളുടെ രോദനം കേള്‍ക്കണം.
നിരവധി തവണ അപേക്ഷിച്ചിട്ടും പ്രവര്‍ത്തനരഹിതമായ റേഡിയേഷന്‍ മെഷിന് പകരം പുതിയ ഒരെണ്ണം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിക്കാന്‍ ബന്ധപ്പെട്ട ആര്‍ക്കും സാധിച്ചിട്ടില്ല. കണ്ണട വാങ്ങാനും ചികില്‍സക്കുമായി ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്ന ആരോഗ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റേഡിയേഷന്‍ കിട്ടാതെ വേദന കൊണ്ട് നിലവിളിക്കുന്ന കാന്‍സര്‍ രോഗികളുടെ വേദനയറിയുന്നില്ല. റേഡിയേഷന്‍ യന്ത്രം കേടായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്ന് ശരിയാക്കുമെന്ന് പോലും പറയാനാകാതെ അധികൃതര്‍ രോഗികളെ മറ്റിടങ്ങളിലേക്ക് പറഞ്ഞുവിട്ടു കൊണ്ടിരിക്കുകയാണ്. മുന്‍ സര്‍ക്കാര്‍ ഉപയോഗിച്ച ഒരു കേടുമില്ലാത്ത കാര്‍ മാറ്റി പുതിയ കാറുകള്‍ വാങ്ങിച്ചു കൂട്ടാന്‍ തിക്കും തിരക്കും കൂട്ടുന്ന പുതിയ ജനപ്രതിനിധികള്‍ കാന്‍സര്‍ എന്ന മഹാവ്യാധി മൂലം കഷ്ടപ്പെടുന്ന രോഗികള്‍ക്ക് വേണ്ടി കാലഹരണം ചെയ്യപ്പെട്ട റേഡിയേഷന്‍ യന്ത്രം മാറ്റി പുതിയത് വേടിക്കാന്‍ ശ്രമിക്കുന്നില്ല.
നൂറിലധികം രോഗികള്‍ക്ക് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ ചികില്‍സ ആവശ്യമാണ്. ഇടക്കിടെ കേടുവരുന്ന യന്ത്രം രോഗികളുടെ റേഡിയേഷന്‍ മുടക്കുമ്പോള്‍ വേദന സഹിക്കാന്‍ വയ്യാതെ രോഗികള്‍ നിലവിളിക്കുകയാണ്. യന്ത്രത്തിന്റെ കേടുമൂലം നൂറെന്നത് അറുപതാക്കി ചുരുക്കിയിരുന്നു. ആയിരത്തോളം രോഗികള്‍ക്കള്‍ക്കാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പല ദിവസങ്ങളിലായി ഇപ്പോള്‍ റേഡിയേഷന്‍ നടത്തുന്നത്. തൃശൂരിനു പുറമെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും നിരവധി പേര്‍ ഇവിടെ റേഡിയേഷനായി എത്തുന്നുണ്ട്. പലര്‍ക്കും ഒന്നു മുതല്‍ 30 എണ്ണം വരെ റേഡിയേഷന്‍ തുടര്‍ച്ചയായി ചെയ്യണം. എന്നാല്‍ 10 എണ്ണം വരെ ചെയ്തവര്‍ അടുത്തത് ചെയ്യാന്‍ എത്തുമ്പോഴാണ് യന്ത്രം കേടുവന്ന കാര്യം അറിയുന്നത്. റേഡിയേഷന്‍ ചെയ്യുന്നതിനിടയില്‍ ഇതിന് മുടക്കം വന്നാല്‍ രോഗികളുടെ നില കൂടുതല്‍ പ്രശ്‌നത്തിലാകും.
ഇത് ഒഴിവാക്കാന്‍ പാവപ്പെട്ടവര്‍ വന്‍തുക നല്‍കി സ്വകാര്യ കാന്‍സര്‍ ചികില്‍സാ റേഡിയേഷന്‍ യൂനിറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അല്ലെങ്കില്‍ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പോയി റേഡിയേഷന്‍ ചെയ്യേണ്ട ഗതികേടിലാണ്. പലരും ഇവിടേക്കൊന്നും പോകാന്‍ പണമില്ലാത്തതിനാല്‍ റേഡിയേഷന്‍ നടത്താതെ തിരികെ മടങ്ങുന്ന കാഴ്ച്ചയുമുണ്ട്. റേഡിയേഷന്‍ യന്ത്രം നന്നാക്കാന്‍ ചെന്നൈയില്‍ നിന്നുമാണ് വിദഗ്ധരെത്തേണ്ടത്. എന്നാല്‍ ഇവര്‍ എന്നെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മാസങ്ങള്‍ക്ക് മുമ്പ് ഒന്നരക്കോടി ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ യന്ത്രമാണ് ഇപ്പോള്‍ വീണ്ടും കേടായിരിക്കുന്നത്.
യന്ത്രത്തിന്റെ തകരാര്‍ കൃത്യമായി കണ്ടെത്താത്തതു കൊണ്ട് ഇത് ഇടക്കിടെ കേടുവരുന്നതെന്നു പറയുന്നു. വന്‍തുക നല്‍കി താല്‍ക്കാലികമായി കേടുപാട് തീര്‍ത്ത് വിദഗ്ധര്‍ ചെന്നൈയില്‍ മടങ്ങിയെത്തുമ്പോഴേക്കും വീണ്ടും യന്ത്രം കേടു വന്നിരിക്കും. പുതിയ യന്ത്രം വാങ്ങാനുള്ള നടപടികള്‍ പതിവുപോല ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്. റേഡിയേഷന്‍ കിട്ടാത്തതു മൂലം വേദന ശമിക്കാനായി പല രോഗികളും വിലകൂടിയ വേദനസംഹാരി മരുന്നുകളാണ് ഇപ്പോള്‍ വാങ്ങി കഴിക്കുന്നതത്രേ. ഗ്രാമരശ്മി ചികില്‍സയ്ക്കുള്ള കോബാള്‍ട്ട് മെഷീന്‍, ലീനിയര്‍ ആക്‌സിലറേറ്റര്‍(എക്‌സറേ രശ്മി ചികില്‍സ) എന്നിവ വാങ്ങിക്കാനായി കോടികള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചുവെങ്കിലും കാര്യമായ നടപടികള്‍ ഇതുവരെ ആയിട്ടില്ല. ടെണ്ടര്‍ നടപടികള്‍ നടന്നു വരികയാണ് എന്ന സ്ഥിരം പല്ലവിയാണ് ഉന്നതങ്ങളില്‍ നിന്നും പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss