|    Jul 25 Tue, 2017 10:24 am
FLASH NEWS
Home   >  Todays Paper  >  page 10  >  

തൃശൂര്‍ മൃഗശാലയിലെത്തിച്ച കടുവ ചത്തു

Published : 14th October 2016 | Posted By: SMR

തൃശൂര്‍: വയനാടന്‍ കാടുകളില്‍നിന്ന് മൃഗശാലയിലെത്തിച്ച പെണ്‍കടുവ ചത്തു. ആരോഗ്യപ്രശ്‌നങ്ങളാലാണ് ഏഴുവയസ്സുള്ള പെണ്‍കടുവ ചത്തത്. കൊണ്ടുവരുമ്പോള്‍ തന്നെ പല്ല് കൊഴിഞ്ഞും മുന്‍കാലിന് നീര് വന്നും അവശനിലയിലായിരുന്നു കടുവ. മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കാത്ത സ്ഥലത്ത് പ്രത്യേകമായി താമസിപ്പിച്ച് ഭക്ഷണവും ചികില്‍സയും നല്‍കി വരുകയായിരുന്നു. അവശത മാറി ഭക്ഷണം കഴിച്ചുതുടങ്ങുന്നതിനിടെയാണ് ചത്തത്.
ബത്തേരിയിലെ ആള്‍പ്പാര്‍പ്പുള്ള മേഖലയില്‍ ഇറങ്ങി വിലസിയിരുന്ന കടുവയെയാണ് ഫോറസ്റ്റ് അധികൃതര്‍ കെണിവച്ച് പിടിച്ച് മൃഗശാലയ്ക്കു കൈമാറിയത്. കടുവ നാട്ടിലിറങ്ങി ശല്യം രൂക്ഷമായതോടെ പിടിക്കാന്‍ ഫോറസ്റ്റ് അധികൃതര്‍ നടത്തിയ രണ്ടാമത്തെ ശ്രമമായിരുന്നു വിജയം കണ്ടത്. തിങ്കളാഴ്ചയാണ് കടുവയെ മൃഗശാലയ്ക്ക് കൈമാറിയത്. വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കടുവയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മൃഗശാല വളപ്പില്‍ സംസ്‌കരിച്ചു. കഴിഞ്ഞമാസം മൃഗശാലയിലെ ഏക പെണ്‍കടുവയായിരുന്ന ഗൗരി പ്രായാധിക്യം മൂലം ചത്തിരുന്നു. പുതിയ കടുവ എത്തിയതോടെ ഗൗരിക്കു പകരക്കാരിയാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ കടുവയും ചത്തതോടെ തൃശൂര്‍ മൃഗശാലയില്‍ പെണ്‍കടുവകള്‍ ഇല്ലാതായി. മൂന്ന് ആണ്‍കടുവകളാണ് ഇവിടെയുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക