|    Mar 19 Mon, 2018 8:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തൃശൂര്‍ മുന്‍ പോലിസ് കമ്മീഷണര്‍ ജേക്കബ് ജോബിന്റെ സസ്‌പെന്‍ഷന്‍ നിയമക്കുരുക്കില്‍

Published : 10th January 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമുമായി ബന്ധംപുലര്‍ത്തിയെന്ന കുറ്റം ചുമത്തി അന്നത്തെ തൃശൂര്‍ പോലിസ് കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം കേന്ദ്ര-സംസ്ഥാന ആഭ്യന്തരവകുപ്പുകള്‍ക്ക് കുരുക്കാവുന്നു. അന്യായമായ സസ്‌പെന്‍ഷനെതിരേ ജേക്കബ് ജോബ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് കേന്ദ്ര-സംസ്ഥാന ആഭ്യന്തരവകുപ്പുകള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്.
മൂന്നാഴ്ചയ്ക്കകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്ര ആഭ്യന്തരവകുപ്പിനോട് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജേക്കബ് ജോബ് 2015 ഏപ്രില്‍ അഞ്ചിന് കേന്ദ്ര ആഭ്യന്തരവകുപ്പിന് സ്റ്റാറ്റിയൂട്ടറി അപ്പീല്‍ നല്‍കിയിരുന്നു. അതില്‍ തീരുമാനമെടുക്കാത്തതിനാലാണ് കേന്ദ്ര ട്രൈബ്യൂണലിനെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. സസ്‌പെന്‍ഷന്‍ അന്യായമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നുമാണ് ജേക്കബ് ജോബ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. വ്യക്തമായ തെളിവില്ലാതെ നടത്തിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതിരിക്കാന്‍ കാരണമായി ചീഫ് സെക്രട്ടറി പറഞ്ഞത് ഇദ്ദേഹത്തിനെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയാവാതെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ നടപടി വിവാദമാവുമെന്നുമായിരുന്നു. സ്റ്റാറ്റിയൂട്ടറി അപ്പീലില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്നാണു ചട്ടം. എന്നാല്‍, അപ്പീല്‍ നല്‍കി എട്ടരമാസം കഴിഞ്ഞിട്ടും തീരുമാനം ഉണ്ടായിട്ടില്ല. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ സസ്‌പെന്‍ഷന്‍ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാനുള്ള അധികാരം കേന്ദ്ര ആഭ്യന്തരവകുപ്പിനുണ്ട്. ഇക്കാര്യത്തില്‍ ചട്ടം പാലിക്കാതെയിരുന്നാല്‍ ജേക്കബ് ജോബിനെതിരേയുള്ള നടപടികള്‍ നിയമപരമായി അസാധുവാകുന്ന അവസ്ഥയാണുള്ളത്.
നീണ്ട പത്തരമാസം തനിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തിയിട്ടും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു ജേക്കബ് ജോബ് ട്രൈബ്യൂണലില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ മുന്‍ ഡിജിപിയും കോണ്‍ഗ്രസ് എംഎല്‍എയും ഉള്‍പ്പെടെ പലരും ജേക്കബ് ജോബില്‍ സമ്മര്‍ദ്ദംചെലുത്തിയിരുന്നു. എന്നാല്‍, ജേക്കബ് ജോബ് അതൊന്നും വകവയ്ക്കാതെ നിസാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ അന്നത്തെ ധീരമായ നടപടികളാണ് സാമ്പത്തികമായി ഉന്നതിയിലുള്ള നിസാമിന്റെ കൈയില്‍ വിലങ്ങുവീഴാന്‍ കാരണം.
ജേക്കബ് ജോബ് കൊലക്കേസ് ചാര്‍ജ് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെയാണ് പോലിസ്-കോണ്‍ഗ്രസ് ഉന്നതര്‍ ഇടപെട്ട് നിസാമുമായി ബന്ധം പുലര്‍ത്തിയെന്ന കുറ്റം ചുമത്തി ജേക്കബ് ജോബിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ സസ്‌പെന്‍ഡ് ചെയ്തത്. കേസന്വേഷണത്തില്‍ ഇദ്ദേഹത്തിനെതിരേ തുമ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ഒരു മാസത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്.
ജേക്കബ് ജോബ് തുടക്കത്തില്‍ കണ്ടെത്തിയ തെളിവുകളാണ് നിസാമിനെതിരേ കോടതിയില്‍ നിര്‍ണായകമായിരിക്കുന്നത്.
ജേക്കബ് ജോബിന്റെ അന്വേഷണ മികവിനെ കേസ് കേള്‍ക്കുന്ന ന്യായാധിപനും പ്രശംസിക്കുകയുണ്ടായി. ഇതെല്ലാമായിട്ടും അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കാതെ നീട്ടിയത് കേസിലെ കോണ്‍ഗ്രസ്-പോലിസ് ഉന്നതരുടെ ബന്ധം പുറത്തുവരാതിരിക്കാനാണെന്ന സംശയം ശക്തമാക്കിയിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss