|    Apr 27 Fri, 2018 10:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തൃശൂര്‍: പ്രവചനങ്ങള്‍ക്കതീതം

Published : 25th April 2016 | Posted By: SMR

എ എം ഷമീര്‍ അഹ്മദ്

തൃശൂര്‍: രാഷ്ട്രീയകേരളം എന്നും ആകാംക്ഷയോടെ ഉറ്റുനോക്കാറുളള നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തൃശൂരില്‍ ഇത്തവണയും പോരാട്ടം കനക്കുമെന്നുറപ്പ്. കൈപ്പമംഗലം സീറ്റിന്റെ കാര്യത്തില്‍ അവസാന നിമിഷം വരെ നിലനിന്ന അനിശ്ചിതത്വവും ടി എന്‍ പ്രതാപന്റെ കത്തുവിവാദവും യുഡിഎഫിനേയും വടക്കാഞ്ചേരി സീറ്റില്‍ മല്‍സരിക്കാനില്ലെന്ന് നടി കെപിഎസി ലളിതയുടെ പ്രഖ്യാപനം ് എല്‍ഡിഎഫിനേയും പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ പ്രചരണം രണ്ടാം റൗണ്ട് പിന്നിട്ടതോടെ ഇക്കുറി ജില്ല തങ്ങളെ തുണക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇരുമുന്നണികളും. ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎയും എസ്ഡിപിഐ -എസ്പി സഖ്യവും സജീവമായി രംഗത്തുണ്ട്.
13 നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2006 വരെ ജില്ലയില്‍ 14 നിയമസഭാ മണ്ഡലങ്ങളുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ ചേര്‍പ്പ്, മാള, കൊടകര എന്നീ മൂന്നു മണ്ഡലങ്ങള്‍ ഇല്ലാതായി. പകരം പുതുക്കാടും കൊടുങ്ങല്ലൂരും നിലവില്‍ വന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ ഏഴിടത്ത് എല്‍ഡിഎഫും ആറിടത്തു യുഡിഎഫുമാണു ജയിച്ചത്. 2006 ല്‍ എല്‍ഡിഎഫ് 11 മണ്ഡലങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ യുഡിഎഫ് മൂന്നിടത്തായി ഒതുങ്ങി. എന്നാല്‍ 2001 ല്‍ എല്‍ഡിഎഫിനെ രണ്ടിടത്തായി ഒതുക്കി യുഡിഎഫ് 12 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ പന്ത്രണ്ടിടത്തും എല്‍ഡിഎഫിനായിരുന്നു ലീഡ്. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രമാണു യുഡിഎഫിനു ലീഡുണ്ടായത്. കഴിഞ്ഞ വര്‍ഷാന്ത്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു പകുതിയോളം സീറ്റുകള്‍ നഷ്ടപ്പെട്ടു. ഇരട്ടിയോളം സീറ്റുകളില്‍ എല്‍ഡിഎഫ് വിജയം നേടി. ബിജെപി നില മൂന്നിരട്ടി മെച്ചപ്പെടുത്തി.
ചേലക്കര: മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ (സിപിഎം) പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായി കളം മാറിയപ്പോള്‍ അദ്ദേഹം തുടര്‍ച്ചയായി വിജയിച്ച ചേലക്കരയില്‍ പകരം ചേലക്കര ഏരിയ കമ്മിറ്റി അംഗമായ യു ആര്‍ പ്രദീപിനെയാണ് കന്നിയങ്കത്തിനിറക്കുന്നത്. രാധാകൃഷ്ണന്‍ മന്ത്രിയായും സ്പീക്കറായും എംഎല്‍എയായും നേടിയ പിന്തുണ തനിക്കും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രദീപ്. യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിലെ കെഎ തുളസിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.ഷാജുമോന്‍ വട്ടേക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ജില്ലാ സെക്രട്ടറി സുബ്രമണ്യനും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സുബ്രമണ്യന്‍ ഇവിടെ എസ്ഡിപിഐക്കായി ജനവിധി തേടിയിരുന്നു. 2011ല്‍ കെ. രാധാകൃഷ്ണന്‍ (സിപിഎം) 24676 വോട്ടിന് വിജയി്ച്ചു.
വടക്കാഞ്ചേരി: സിറ്റിംഗ് എംഎല്‍എയായ മന്ത്രിയായ സി എന്‍ ബാലകൃഷ്ണന്‍ ഇത്തവണ മത്സരിക്കുന്നില്ല. ജില്ല പഞ്ചായത്ത് അംഗമായിഷഴ്‌റ് അനില്‍ അക്കര (കോണ്‍.)യാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. വടക്കാഞ്ചേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചലച്ചിത്ര താരം കെപിഎസി ലളിതയുടെ പേര് നിര്‍ദേശിച്ചിരുന്നു. സ്ഥാനാര്‍ത്ഥി സാധ്യത ഏറെ കല്‍പ്പിക്കപ്പെട്ടിരുന്ന സേവ്യര്‍ ചിറ്റിലപ്പിള്ളിയെ ഒഴിവാക്കിയതിനെ തുടര്‍ന്ന് പരസ്യമായ പ്രതിഷേധ പ്രകടനം നടന്നതോടെ ലളിത പിന്മാറി. ഈ ക്ഷീണത്തോടെയാണ് എല്‍ഡിഎഫ് വടക്കാഞ്ചേരിയില്‍ തിരഞ്ഞെടുപ്പ് നേരിടുന്നത്. സേവ്യര്‍ ചിറ്റിലപ്പിള്ളിക്ക് സീറ്റു നല്‍കാതെ മേരി തോമസിനെ സ്ഥാനാര്‍ഥിയാക്കി സിപിഎം ജനവിധി തേടുന്നു. സിപിഎമ്മിനകത്തെ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫിന് ആശങ്കയുണര്‍ത്തുമ്പോള്‍ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് വഴക്ക് യുഡിഎഫിനും ആശങ്കയാണ്. ടി എസ് ഉല്ലാസ് ബാബുവാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി എ.കെ. അബ്ദുല്‍ ഗദ്ദാഫി. 2011ല്‍ സി എന്‍ ബാലകൃഷ്ണന്‍ (കോണ്‍.) 6741 വോട്ടിനാണ് ജയിച്ചത്.
തൃശൂര്‍: തവണ വിജയം നേടിയ സിറ്റിംഗ് എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണനെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസ് നേരിടുന്ന തിരഞ്ഞെടുപ്പെന്ന സവിശേഷത ഇക്കുറിയുണ്ട്. ലീഡറുടെ തട്ടകമായ തൃശൂരില്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലാണ് സ്ഥാനാര്‍ത്ഥി. പത്മജ സ്ഥാനാര്‍ഥിയാകുന്നതിനോട് പൊതുവെ കോണ്‍ഗ്രസിനകത്ത് എതിര്‍പ്പുകളില്ലെങ്കിലും ഗ്രൂപ്പുകളിയുടെ കേന്ദ്രമായ തൃശൂരില്‍ അടിയൊഴുക്കുകള്‍ക്കുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. കൈപ്പമംഗലത്തെ സിറ്റിംഗ് എംഎല്‍എയായ അഡ്വ.വി എസ് സുനില്‍കുമാര്‍ തൃശൂരിലേക്ക് മാറി ശക്തമായ മത്സരത്തിന് കളമൊരുക്കി. ബി ഗോപാലകൃഷ്ണന്‍ (ബിജെപി) എന്‍ഡിഎ സ്ഥാനാര്‍ത്ഥി (2011ല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ 16169 വോട്ട് ഭൂരിപക്ഷം നേടി)
ക്രൈസ്തവ വോട്ടുകള്‍ക്ക് തൃശൂര്‍ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. എപ്പോഴും ഒരാള്‍ തന്നെ ജയിക്കന്നത് തങ്ങളുടെ ഔദാര്യമായി കാണരുതെന്ന പ്രസ്താവന അടുത്തിടെ കത്തോലിക്ക കോണ്‍ഗ്രസ് പുറത്തിറക്കിയത് കോണ്‍ഗ്രസിനെ അമ്പരപ്പിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ്താഴത്തിന് കണ്ട മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു കത്തോലിക്ക കോണ്‍ഗ്രസിന്റെ ഈ മുന്നറിയിപ്പ്.
ഒല്ലൂര്‍: സിറ്റിങ് എംഎല്‍എമാരില്‍ കോണ്‍ഗ്രസിനു വേണ്ടി എംപി വിന്‍സന്റ് വീണ്ടും രംഗത്തുണ്ട്. സിപിഐയിലെ അഡ്വ.കെ രാജനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയത്. കടുത്ത മല്‍സരമാണ് ഒല്ലൂരില്‍ ബിഡിജെഎസിന്റെ പി കെ സന്തോഷാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഒല്ലൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനകത്തെ ചേരിപ്പോരുകള്‍ ശക്തമാണ്. 2011ല്‍ എം പി വിന്‍സന്റ്(കോണ്‍.) 6247 വോട്ടിനാണ് ജയിച്ചത്).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss