|    Apr 30 Sun, 2017 4:31 pm
FLASH NEWS

തൃശൂര്‍ പട്ടാളം റോഡ് കുപ്പിക്കഴുത്ത് പൊട്ടിക്കല്‍ നീളുന്നു

Published : 14th July 2016 | Posted By: SMR

തൃശൂര്‍: കേന്ദ്രകാബിനറ്റിന്റെ അനുമതി ലഭിച്ചില്ല, പോസ്റ്റോഫിസ് സ്ഥലം ഏറ്റെടുത്തു പട്ടാളം റോഡ് കുപ്പിക്ക ഴുത്ത് പൊട്ടിക്കല്‍ അനന്തമായി നീളുന്നു. കാമ്പിനറ്റ് അനുമതിക്കായി രണ്ടാഴ്ചമുമ്പ് പി കെ ബിജു എംപി മുഖാന്തരം ഡല്‍ഹിയില്‍ ബന്ധപ്പെട്ട മന്ത്രിയെകണ്ട് നീക്കം നടത്തിയിട്ടുണ്ടെന്നും ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയര്‍ അജിത ജയരാജന്‍ പറഞ്ഞു.
പോസ്റ്റാഫിസ് സ്ഥലം ഏറ്റെടുക്കുന്നതിന് പകരമായി പട്ടാളം റോഡില്‍തന്നെ പോസ്റ്റല്‍ വകുപ്പിന് 16 സെന്റ് സ്ഥലം അനുവദിച്ചും 3500 ചതുരശ്ര അടിയില്‍ കെട്ടിടം നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചും അതുവരെ എം.ഒ റോഡിലെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ പോസ്റ്റാഫിസിന് ബദല്‍ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയും രണ്ട് വര്‍ഷമായി കാത്തിരിപ്പിലാണ് കോര്‍പറേഷനും നഗരവും. ഫലപ്രദമായ ഇടപെടലുണ്ടായാല്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് അനുമതി എളുപ്പം നേടിയെടുക്കാവുന്നതാണെങ്കിലും ഇടപെടലില്‍ കോര്‍പറേഷന്‍ നേതൃത്വത്തിന്റെ ശേഷികുറവാണ് തീരുമാനം വൈകുന്നതിന് കാരണം.
മുംബൈയിലെ ആദര്‍ശ് കുംഭകോണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥലം കൈമാറാന്‍ കേന്ദ്രകാബിനറ്റിന്റെ അംഗീകാരം വേണമെന്ന വ്യവസ്ഥ വന്നത്. ഇതനുസരിച്ച് രണ്ടു വര്‍ഷമുമ്പ് മേയര്‍ രാജന്‍ പല്ലന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പോയി ബന്ധപ്പെട്ട മന്ത്രിമാരെ കണ്ട നിവേദനങ്ങള്‍ നല്‍കിയതാണ്. പിന്നീട് മന്ത്രി തൃശൂരിലെത്തിയപ്പോഴും സമ്മര്‍ദ്ദം നടത്തിയതാണ്. കുപ്പികഴുത്തു ഉടന്‍ പൊട്ടിക്കുമെന്ന് ഒരുപാട് തവണ വാര്‍ത്തയും സൃഷ്ടിച്ചതാണ്. ഇടപെടല്‍ നടത്തേണ്ടതു തൃശൂരിന്റെ എംപിയുടെ ബാധ്യതയാണെങ്കിലും സിപിഐ ക്കാരനായ സി എന്‍ ജയദേവനെ രാഷ്ട്രീയകാരണങ്ങളാല്‍ കോര്‍പ്പറേഷന്‍ നേതൃത്വം അവഗണിക്കുകയായിരുന്നു.
എല്‍ഡിഎഫ് ഭരണം വന്നശേഷവും കാര്യങ്ങള്‍ നീങ്ങിയില്ല. ഉടന്‍ കുപ്പിക്കഴുത്തു പൊട്ടിക്കുമെന്ന പ്രഖ്യാപനമേ ഉണ്ടായുള്ളൂ. അനുമതി നേടിയെടുക്കാവുന്നതാണെങ്കിലും ഇടപെടലില്‍ കോര്‍പറേഷന്‍ നേതൃത്വത്തിന്റെ ശേഷികുറവാണ് തീരുമാനം വൈകുന്നതിന് കാരണം. കാബിനറ്റ് അനുമതിക്കായി ഫയല്‍ എംപി സി എന്‍ ജയദേവനെ ബന്ധപ്പെട്ട് ഏല്‍പ്പിച്ചതാണെന്നും നടന്നില്ലെന്നും മേയര്‍ അജിത ജയരാജന്‍ പറഞ്ഞു.
ഇതേതുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി നേരിട്ട് ഡല്‍ഹിയില്‍ പോയി ആലത്തൂര്‍ എംപി പി കെ ബിജുവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട മന്ത്രിയെ കണ്ട ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഫയല്‍ നീക്കിയിട്ടുണ്ടെന്നും ഏതാനും ദിവസത്തിനകം കാബിനറ്റ് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയര്‍ അജിത ജയരാജന്‍ അറിയിച്ചു.
നഗരത്തിന്റെ ഗതാഗത പ്രശ്‌നത്തിന് വലിയ അളവില്‍ പരിഹാരമാണ് പോസ്റ്റോഫീസ് ഏറ്റെടുത്ത് കുപ്പികഴുത്ത് പൊട്ടിക്കലെങ്കിലും ഒരു തര്‍ക്കവുമില്ലാത്ത എളുപ്പം പരിഹരിക്കാവുന്ന പ്രശ്‌നത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് പ്രതിപക്ഷമോ, ഇടപെടാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി കൗണ്‍സിലര്‍മാരോ തയ്യാറാകുന്നുമില്ല.
ആദര്‍ശ് കുംഭകോണത്തിന് മുമ്പ് കേന്ദ്ര കാബിനറ്റിന്റെ അനുമതി ആവശ്യമില്ലാതിരുന്ന കാലത്ത് എംപി പി സി ചാക്കോ മുന്‍കൈ എടുത്ത് അന്നത്തെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശോഭകോശി നേരിട്ട് തൃശൂരിലെത്തി സ്ഥലം പരിശോധിച്ച് പകരം സ്ഥലവും കെട്ടിടവും നല്‍കിയാല്‍ പോസ്റ്റാഫിസ് സ്ഥലം വിട്ടു നല്‍കാമെന്ന് ശക്തന്‍നഗറിലെ പുതിയ ഹെഡ് പോസ്റ്റോഫിസ് കെട്ടിടം ഉദ്ഘാടനചടങ്ങില്‍ പരസ്യമായി പ്രഖ്യാപിച്ചതാണെങ്കിലും അതിനായി ഒരപേക്ഷനല്‍കാന്‍പോലും രാഷ്ട്രീയ കാരണങ്ങളാല്‍ അന്നത്തെ എല്‍ഡിഎഫ് കൗണ്‍സില്‍ നേതൃത്വം തയ്യാറായില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day