|    Oct 23 Tue, 2018 11:54 pm
FLASH NEWS

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും

Published : 7th September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ ഇന്ന് വൈകീട്ടോടെ പുലികളിറങ്ങും. നാലാം ഓണമായ ഇന്ന് വൈകീട്ടാണ് തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി അരങ്ങേറുക. ഓണാഘോഷത്തിന് സമാപനം കുറിച്ച് നഗരവീഥികളിലിറങ്ങുന്ന പുലിക്കളി സംഘങ്ങള്‍ അവസാനവട്ട ചമയങ്ങളുടെ ഒരുക്കത്തിലാണ്. കോട്ടപ്പുറം ദേശം, കാനാട്ടുകര പുലിക്കളി സംഘം, വിയ്യൂര്‍ സെന്റര്‍, അയ്യന്തോള്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സമാജം, നായ്ക്കനാല്‍ വടക്കേ അങ്ങാടി എന്നീ ആറ് ടീമുകളാണ് പുലിക്കളിയില്‍ പങ്കെടുക്കുന്നത്. 12 പെണ്‍പുലികളും ഇത്തവണ പുലിക്കളിക്കുണ്ടാകും. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഇന്ന് വൈകീട്ട് 4 മുതലാണ് പുലിക്കളി അരങ്ങേറുക. വൈകീട്ട് 5 ന് കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പുലിക്കളിയുടെ ഫഌഗ് ഓഫ് നിര്‍വഹിക്കും. അയ്യന്തോള്‍ ദേശം പുലിക്കളി സംഘത്തിന്റെ ഓര്‍മ്മ പ്രഥമന്‍ അവതരണ ഗാനത്തോടെയാണ് ഇത്തവണയും പുലിക്കളി അരങ്ങേറുക. ഇത് രണ്ടാം വര്‍ഷമാണ് അയ്യന്തോള്‍ ദേശത്തിന്റെ ഓണാവേശവും പുലിത്താളത്തിന്റെ ആരവങ്ങളും പ്രതിഫലിക്കുന്ന അവതരണ ഗാനം പുലിക്കളിക്കൊപ്പമുള്ളത്. തൃശൂര്‍ ബാനര്‍ജി ക്ലബില്‍ മൂന്നുദിവസങ്ങളിലായി നടന്നുവന്ന പുലിക്കളിയുടെ ചമയ പ്രദര്‍ശനം ഇന്നലെ വൈകീട്ടോടെ സമാപിച്ചു. പുലിക്കളിയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. പുലിക്കളിയ്ക്ക് ശേഷം 5.30 ന് ഇരിങ്ങാലക്കുട ജിതാ ബിനോയിയും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും 6.30ന് പിന്നണി ഗായിക സിതാരയും ബാന്‍ഡ് മലാറിക്കസും ചേര്‍ന്ന് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് നൈറ്റുമുണ്ടായിരിക്കും. പുലിക്കളിക്ക് ചരിത്രം പലതുണ്ടെങ്കിലും തൃശൂരിന്റെ സാംസ്‌കാരികപ്പെരുമയുടെ കിരീടത്തിന് പുലിക്കളി നല്‍കിയ പങ്ക് ചെറുതല്ല. തൃശൂരിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം കമ്പനിയിലെ ഒരു വിഭാഗം പട്ടാളക്കാരാണ് പുലിക്കളിക്ക് തുടക്കമിട്ടതെന്നാണ് പുലിക്കളി ഉല്‍ഭവത്തിലെ ഒരു കഥ. മുഹറത്തിന്റെ ഭാഗമായിട്ടായിരുന്നുവത്രെ ഈ തുടക്കം. പിന്നീട് തദ്ദേശീയരായ അഭ്യാസികള്‍ പുലിക്കളിവേഷം കെട്ടിയതായും പറയുന്നു. നാമമാത്രമായ വസ്ത്രങ്ങള്‍ ധരിച്ചുള്ള അക്കാലത്തെ പുലിക്കളി കാണാന്‍ സ്ത്രീകള്‍ എത്തിയിരുന്നില്ലത്രേ. ഉലക്കമേല്‍ ചുവടുവെച്ചും മെയ്യഭ്യാസം പ്രകടിപ്പിച്ചുമായിരുന്നു ആ പുലിക്കളിക്കാലം. കാലം പിന്നിട്ടപ്പോള്‍ പുലിക്കളി കുടവയറന്‍മാരുടേതായി. വമ്പന്‍ കുടവയറുള്ളവര്‍ക്കാണിപ്പോള്‍ പുലിക്കളിയില്‍ ഡിമാന്റ്. കുടവയര്‍ കുലുക്കി ചെണ്ടയിലെ പുലിക്കൊട്ടിനൊപ്പം ചുവടുകള്‍ വെച്ചുള്ള പുലിയിറക്കം കാണാന്‍ ഇന്ന് വിദേശികള്‍ പോലുമെത്തുന്നു. കഴിഞ്ഞതവണത്തേപ്പോലെ സ്ത്രീകള്‍ ഇത്തവണയും പുലിവേഷം കെട്ടി പുലിക്കളിക്ക് ഇറങ്ങും. തൃശൂരിന് സാംസ്‌കാരിക തലസ്ഥാനമെന്ന ഇരട്ടപ്പേര് ലഭിച്ചതില്‍ പുലിക്കളിക്കുള്ള പങ്ക് ചെറുതല്ല. പുലിക്കളിയുടെ മികച്ച നടത്തിപ്പിന് ഇപ്പോള്‍ സര്‍ക്കാരും തൃശൂര്‍ കോര്‍പറേഷനും സാമ്പത്തികസഹായവും മറ്റു സൗകര്യങ്ങളുമൊരുക്കുന്നുണ്ട്. മികച്ച പുലിക്കളി ടീമിന് ഇത്തവണയും സമ്മാനവുമുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 40,000 രൂപ, 30,000 രൂപ, 25,000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. നിശ്ചലദൃശ്യങ്ങള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാപനങ്ങള്‍ക്ക് 35,000 രൂപ, 30,000 രൂപ, 25,000 രൂപ എന്ന ക്രമത്തിലാണ് നല്‍കുക. പുലിക്കൊട്ട്, പുലിവേഷം എന്നിവയ്ക്ക് സമ്മാനമായി 7,500 രൂപ വീതവും ട്രോഫിയും നല്‍കും. ഏറ്റവും മികച്ച അച്ചടക്കം പാലിക്കുന്ന ടീമിന് 12,500 രൂപയും ട്രോഫിയും നല്‍കും. പുലിക്കളി നാലോണ നാളിലാണെങ്കിലും കലണ്ടറിലെ നാലോണനാളിലല്ല. തിരുവോണം ഒന്നോണമാക്കി കണക്കാക്കിയാണ് പുലിക്കളിയിലെ നാലോണം വരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss