|    Jun 22 Fri, 2018 9:13 am
FLASH NEWS

തൃശൂര്‍ നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ളമില്ല; നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു

Published : 4th May 2016 | Posted By: SMR

തൃശൂര്‍: ശുദ്ധജല വിതരണ മേഖലയിലെ 700 എംഎം ഗ്രാവിറ്റി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ഇന്നും നാളെയും തൃശൂര്‍ കോര്‍പ്പറേഷന്‍ പരിസരത്തും സമീപ പഞ്ചായത്തുകളിലും ശുദ്ധജല വിതരണം തടസപ്പെടും. അയ്യന്തോല്‍, വില്‍വട്ടം, കൂര്‍ക്കഞ്ചേരി, കോലഴി, കിള്ളന്നൂര്‍, ഒല്ലൂക്കര, നടത്തറ, തൃശൂര്‍ മെഡിക്കല്‍ കോളജ്, അടാട്ട്, അരിമ്പൂര്‍, മണലൂര്‍ എന്നിവിടങ്ങളിലും ശുദ്ധജല വിതരണം തടസ്സപ്പെടുമെന്നു വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ അധികൃതരുടേയും ജല അഥോറിറ്റി അധികൃതരുടേയും സംയുക്ത തീരുമാനപ്രകാരമാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.
പീച്ചിയില്‍ നിന്നും നഗരത്തിലേക്ക് ജലമെത്തിക്കുന്ന പ്ര ധ ാ ന പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നാണ് ജല വിതരണം തടസ്സപ്പെട്ടത്. പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളിലായി നഗരത്തിലെ പലയിടങ്ങളിലും ഭാഗികമായും പൂര്‍ണമായും കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു.
ഇതിനിടേയാണ് പീച്ചിയില്‍ നിന്നും തേക്കിന്‍കാട്ടിലെ ജലസംഭരണിയിലേക്ക് വെള്ളമെത്തുന്ന 700 എംഎം പൈപ്പ് ലൈനില്‍ പീച്ചി റോഡിനടുത്ത് കരിപ്പകുന്ന് തോടിന്നടിയില്‍ പൊട്ടലുണ്ടായത്. ഇതെല്ലാം പരിഹരിച്ച് ജല വിതരണം സാധാരണ നിലയിലാവാന്‍ ദിവസങ്ങളെടുക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. വരള്‍ച്ച ശക്തമായ സാഹചര്യത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടതോടെ നാട്ടുകാര്‍ സമരവുമായി രംഗത്തിറങ്ങി. കുടിവെള്ളം പാഴാകുന്നതില്‍ ഉടന്‍ നടപടിയെടുക്കാമെന്ന് ഉപരോധവുമായെത്തിയ നാട്ടുകാര്‍ക്ക് വാട്ടര്‍ അഥോറിറ്റി ഉറപ്പ് നല്‍കി. കോലഴി പഞ്ചായത്തിലെ കുറ്റൂര്‍ വിജയറോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാവുകയും ഇതുമൂലം ടാറിട്ട റോഡ് തകരുകയും ചെയ്തത്.
നിരവധി തവണ പരാതി നല്‍കയിട്ടും അധികൃതര്‍ ഇത് കണ്ട ഭാവം നടിച്ചിരുന്നില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ഉപരോധവുമായി വാട്ടര്‍ അഥോറിറ്റി ഓഫിസിലെത്തിയത്.
ഇതോടെ ഉടന്‍ അറ്റകുറ്റപ്പണി നടത്താമെന്ന് അധികൃതര്‍ ഉറപ്പു നല്‍കുകയായിരുന്നു. പഞ്ചായത്തംഗം ആലീസ് ടീച്ചറുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സിപിഎം നേതാക്കളായ കെ രാമചന്ദ്രന്‍, ഡേവിസ് കണ്ണനായ്ക്കല്‍, പ്രകാസ് ഡി ചിറ്റിപ്പിള്ളി, എം വി വിഷ്ണു, സാമൂഹിക പ്രവര്‍ത്തകനായ മനോജ്, പ്രശാന്ത് ഡി ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കി.
കുടിവെള്ള വിതരണത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി: മേയര്‍
തൃശൂര്‍: തൃശൂര്‍ ശുദ്ധജലവിതരണ മേഖലയിലെ 700 എംഎം ഗ്രാവിറ്റി പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ ഇന്നും നാളെയും കോര്‍പ്പറേഷന്‍ പരിസരത്ത് ജലവിതരണം മുടങ്ങുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥ ാനത്തില്‍ കോര്‍പ്പറേഷന്‍ വക ബദല്‍ സംവിധാനം.
ലോറിയില്‍ ശുദ്ധജലം എത്തിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായി മേയര്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷമായി മണ്ണുത്തി അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ പരിസരത്ത് 700 എം എം പെപ്പ് ലൈന്‍ പൊട്ടി വെള്ളം പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. തൃശൂര്‍ പൂരത്തിനു മുമ്പേ ഇത് ശരിയാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നതാണ്. എന്നാല്‍ പൂര്‍ണമാക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ ഭാഗമായി ചെമ്പൂക്കാവ് വാട്ടര്‍ ടാങ്കില്‍ വെള്ളം നിറഞ്ഞിരുന്നില്ല.
ഈ സാഹചര്യത്തിലാണ് അടിയന്തിര അറ്റകുറ്റപ്പണി ആരംഭിക്കുന്നത്. അറ്റകുറ്റപ്പണിയോടനുബന്ധിച്ച് ജലവിതരണം മുടങ്ങുന്ന സാഹചര്യത്തില്‍ പകലും രാത്രിയും വെള്ളം എത്തിക്കുന്നതിന് കോര്‍പ്പറേഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss