|    Mar 23 Thu, 2017 10:01 am
FLASH NEWS

തൃശൂര്‍ ഡിസിസി പ്രസിഡന്റ് പദവി; നേതാക്കന്‍മാരെ തള്ളി യുവനേതൃത്വം

Published : 12th October 2016 | Posted By: SMR

എ എം ഷമീര്‍ അഹ്മദ്

തൃശൂര്‍: ഡിസിസി പ്രസിഡന്റ് പദവിയെച്ചൊല്ലി തൃശൂരില്‍ എ, ഐ ഗ്രൂപ്പുകളില്‍ ആഭ്യന്തരപ്രശ്‌നം രൂക്ഷം. സീനിയര്‍ നേതാക്കളെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കാനുള്ള നീക്കത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് യുവനേതാക്കള്‍. പ്രസിഡന്റ്സ്ഥാനം യുവതലമുറയ്ക്കു വേണമെന്നാവശ്യപ്പെട്ട്  കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് ഇരു ഗ്രൂപ്പിലെയും യുവാക്കള്‍. വിട്ടുവീഴ്ചയ്ക്കില്ലെന്ന യുവനിലപാടില്‍ പ്രശ്‌നം പരിഹാരത്തിനായുള്ള  നേതാക്കന്‍മാരുടെ ശ്രമങ്ങളും പാളിയ സ്ഥിതിയാണ്.
എന്നാല്‍, ഐ ഗ്രൂപ്പിലാണ് ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷം. ജില്ലയിലെ മുതിര്‍ന്ന നേതാവ് സി എന്‍ ബാലകൃഷ്ണന്‍ പ്രസിഡന്റ് ആവാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഗ്രൂപ്പിലെ പ്രബലനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ വി ടി ബല്‍റാം സിഎന്നിന്റെ നീക്കത്തെ കഴിഞ്ഞദിവസം പരസ്യമായി വിമര്‍ശിച്ചിരുന്നു.തൃശൂരില്‍ പാര്‍ട്ടിയുടെ രക്ഷയ്ക്ക് യുവാക്കള്‍ കടന്നുവരണമെന്നും ശതാഭിഷേകം കഴിഞ്ഞ നേതാക്കള്‍ ഗ്രൂപ്പിന്റെ പേരില്‍ അവതരിപ്പിക്കാനും പ്രതിഷ്ഠിക്കാനും നടത്തുന്ന നീക്കം എതിര്‍ക്കണമെന്നുമാണ് ബല്‍റാം പറഞ്ഞത്. ഇതിനു പുറമെ ജില്ലയിലെ പാര്‍ട്ടിയുടെ ഏക എംഎല്‍എയായ അനില്‍ അക്കരയും സിഎന്‍നെതിരേ പരസ്യയുദ്ധം പ്രഖ്യാപിച്ചു രംഗത്തുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരെ പാര്‍ട്ടിയുടെ അമരത്ത് കൊണ്ടുവരുന്നതിനെ ചെറുക്കുമെന്നാണ് അക്കരയുടെ നിലപാട്. ഇതിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷനെയും കേന്ദ്ര നേതാക്കളെയും കാണുമെന്നും അദ്ദേഹം തുറന്നടിച്ചു.
ജില്ലയിലെ പാര്‍ട്ടി നേതൃതലത്തില്‍ തലമുറ മാറ്റം വേണമെന്ന പൊതുവികാരം കാണിച്ച് ഇരു ഗ്രൂപ്പുകളിലുംപെട്ട യൂത്ത് കോണ്‍ഗ്രസ് -കെഎസ്‌യു നേതാക്കള്‍ എഐസിസി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്.
അതേസമയം, ഒരു വര്‍ഷത്തേക്കെങ്കിലും വീണ്ടും ഡിസിസി പ്രസിഡന്റ്സ്ഥാനം വേണമെന്നാണ് സി എന്‍ ബാലകൃഷ്ണനെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ ഐ ഗ്രൂപ്പ് യോഗങ്ങളില്‍ സിഎന്‍ പക്ഷക്കാ ര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയതും ഈ വിഷയം തന്നെയാണ്. അതിനിടെ ടി യു രാധാകൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കവും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ നടത്തുന്നുണ്ട്.
എന്നാല്‍, കിട്ടിയ അവസരം മുതലാക്കി തൃശൂര്‍ ഡിസിസി നിലനിര്‍ത്താനുള്ള നീക്കങ്ങളാണ് എ ഗ്രൂപ്പിന്റേത്. വിവാദങ്ങളെ തുടര്‍ന്ന് സി എന്‍ ബാലകൃഷ്ണന്‍ ഒഴിഞ്ഞപ്പോള്‍ സമവായമെന്ന നിലയിലായിരുന്നു എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാനു ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയത്. തുടര്‍ന്ന് ഒ അബ്ദുറഹ്മാന്‍കുട്ടി പ്രസിഡന്റായി. നിയമസഭാ തിരഞ്ഞെടുപ്പില്‍  സ്ഥാനാര്‍ഥിയായപ്പോള്‍ പി എ മാധവന് താല്‍ക്കാലിക ചുമതല നല്‍കി. പരിഹാരമെന്നോണം ഇരു ഗ്രൂപ്പുകള്‍ക്കും സമ്മതനായ നേതാവിനെയോ ഗ്രൂപ്പിനതീതനെയോ സ്ഥാനത്തെത്തിക്കാനാണ് കെപിസിസിയുടെ തീരുമാനം. അങ്ങനെയെങ്കില്‍ ടിഎന്‍ പ്രതാപനാവും നറുക്കുവീഴുക.

(Visited 17 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക