|    Dec 12 Wed, 2018 7:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തൃശൂര്‍ കോ-ഓപറേറ്റീവ് ആശുപത്രിക്കെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

Published : 14th November 2018 | Posted By: kasim kzm

തൃശൂര്‍: ചികില്‍സാ പിഴവ് മൂലം യുവതി അബോധാവസ്ഥയിലായ സംഭവത്തില്‍ തൃശൂര്‍ കോ-ഓപറേറ്റീവ് ആശുപത്രിക്കെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ചികില്‍സാ പിഴവ് വരുത്തിയ കോ-ഓപറേറ്റീവ് ആശുപത്രിയിലെ സര്‍ജന്‍ ഡോ. ബാലകൃഷ്ണന്‍, അനസ്തീസ്യ ഡോ. ജോബി എന്നിവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നു ബന്ധുക്കള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ചയാണ് ഇടുപ്പിന്റെ ഭാഗത്തുണ്ടായ കുരുവുമായി ബന്ധപ്പെട്ടു ചാലക്കുടി മേലൂര്‍ വടൂക്കര സ്വദേശി തെക്കന്‍ വീട്ടില്‍ റിന്‍സന്‍ വര്‍ഗീസിന്റെ ഭാര്യ അനീഷ (24) തൃശൂര്‍ കോ-ഓപറേറ്റീവ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്കു ശേഷം അബോധാവസ്ഥയിലായ അനീഷയിപ്പോള്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ വളരെ മോശമായി പെരുമാറിയെന്നും ചികില്‍സാ ചെലവ് വഹിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. കൂടാതെ, ഡിസ്ചാര്‍ജ് സമ്മറിയോ, മെഡിക്കല്‍ റിപോര്‍ട്ടോ ഇതുവരെ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മദ്യലഹരിയിലാണ് ഡോ. ബാലകൃഷ്ണന്‍ ശസ്ത്രക്രിയ നടത്തിയതെന്ന സംശയവും ബന്ധുക്കള്‍ പ്രകടിപ്പിച്ചു. ശസ്ത്രക്രിയയ്ക്കു മുമ്പു നല്‍കിയ ഇന്‍ജക്ഷനില്‍ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് അധികൃതരെ അറിയിച്ചപ്പോള്‍ നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
നിലവില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, ഡിഎംഒ, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ പോലിസ് മേധാവി, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലിസ് എന്നിവര്‍ക്കെല്ലാം ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അനീഷയുടെ അമ്മ സുഷമ, ഭര്‍ത്താവ് റിന്‍സന്‍ വര്‍ഗീസ്, ബന്ധു സജയ് ജോണ്‍, മേലൂര്‍ പഞ്ചായത്തംഗം എം ടി വര്‍ഗീസ്, പൊതുപ്രവര്‍ത്തകയുമായ രേഖ ഷാജു പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss