|    Jul 22 Sun, 2018 2:50 am
FLASH NEWS

തൃശൂര്‍ കോര്‍പറേഷനിലെ അവിശ്വാസം: കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത

Published : 24th September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ ഇടതു ഭരണത്തിനെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ തീരുമാനം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഡി.സി.സി ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ എ പ്രസാദ് ഡി.സി.സി പ്രസിഡന്റ് ടി എന്‍ പ്രതാപന് കത്ത് നല്‍കി. മുതിര്‍ന്ന നേതാവ് സി എന്‍ ബാലകൃഷ്ണന്‍, ഡി.സി.സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് കേവല ഭൂരിപക്ഷമില്ലാതെ കോര്‍പ്പറേഷനില്‍ ഭരണം നടത്തുന്ന ഇടതുമുന്നണിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. പ്രതിപക്ഷത്തെ ഏകോപനമില്ലായ്മയും ഭരണകക്ഷിയുമായി പ്രതിപക്ഷത്തെ ചിലരുടെ ഒത്തുകളിയും പ്രതിപക്ഷ നേതാവിനെ മാറ്റുന്നതടക്കമുള്ള വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. എന്നാല്‍ വിവാദ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് പകരം ഇടതുമുന്നണിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനായിരുന്നു തീരുമാനം. അവിശ്വാസ പ്രമേയം പാസാക്കിയെടുക്കുന്നതിന് വേണ്ട കുറഞ്ഞ ക്വാറം മൊത്തം കൗണ്‍സിലര്‍മാരുടെ പകുതിയേക്കാള്‍ ഒന്ന് കൂടുതല്‍ വേണം. 23 അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിന് ഈ സാഹചര്യത്തില്‍ അതിന് കഴിയില്ല. ഇടതുപക്ഷത്തോടൊപ്പമുള്ള സ്വതന്ത്രന്‍ പിന്തുണച്ചാലും മതിയായ ക്വാറമാകില്ല. ബി.ജെ.പിയുടെ സഹായമില്ലാതെ ക്വാറം തികയ്ക്കാനാവില്ല. പക്ഷെ ബി.ജെ.പി. യുമായി ചേര്‍ന്ന് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് പോലും കോണ്‍ഗ്രസിനെ കുഴയ്ക്കും. ബി.ജെ.പി പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ചാലും ഏതെങ്കിലും സാഹചര്യത്തില്‍ ബി.ജെ.പി അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്താല്‍ തൃശൂരില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് അത് വഴിയൊരുക്കുമെന്നും ഇടത് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിക്കണമെന്നും പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് വേണ്ടതെന്നും പ്രസാദ് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.ഐ ഗ്രൂപ്പിലെയും എ ഗ്രൂപ്പിലെയും പല അംഗങ്ങളും അവിശ്വാസ നീക്കത്തിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ കോര്‍പ്പറേഷനിലെ അവിശ്വാസപ്രമേയ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss