|    Oct 22 Mon, 2018 1:24 am
FLASH NEWS

തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം: ശ്രദ്ധേയമായി പ്രകാശനും സൗണ്ട് ഓഫ് സൈലന്‍സും

Published : 5th March 2018 | Posted By: kasim kzm

തൃശൂര്‍: രണ്ട് മലയാളി സംവിധായകരായിരുന്നു തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഞായറാഴ്ചത്തെ ആകര്‍ഷണം.ബാഷ് മുഹമ്മദും ഡോ. ബിജുവും. പ്രകാശന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് തൃശൂര്‍ ബ്രഹ്മകുളം സ്വദേശി ബാഷ് മുഹമ്മദ്. സിനിമയുടെ കേരളത്തിലെ ആദ്യ പ്രദര്‍ശനമായിരുന്നു ഐ.എഫ്.എഫ്ടിയില്‍.
ലുക്കാചുപ്പി എന്ന സിനിമക്ക് ശേഷം ബാഷ് മുഹമ്മദെടുത്ത ചിത്രത്തില്‍ ദിനേഷ് പ്രഭാകറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കാട്ടില്‍ ജീവിച്ചു വളര്‍ന്ന പ്രകാശന്‍ നാട്ടിലേക്ക് പോകുന്നതും അവന്റെ നാട്ടനുഭവങ്ങളുമാണ് ഈ സിനിമ പറയുന്നത്. പ്രകൃതിയുമായി ഇഴചേര്‍ന്ന് ജീവിച്ച മനുഷ്യന്‍ അതില്‍ നിന്ന് അകലുകയും വഹണ്ടുംതിരിച്ചെത്തുകയും ചെയ്യുമ്പോഴുള്ള സംഭവങ്ങള്‍ വളരെ ഹൃദ്യമായി സിനിമയില്‍ അവതരിപ്പിക്കുന്നു. കേരളത്തിന്റെ വനഭംഗി അതിമനോഹരമായ ഷോട്ടുകള്‍ കൊണ്ട് സമ്പുഷ്ടമായി പകര്‍ത്തിയിട്ടുണ്ട്  ഈ സിനിമയില്‍.24 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ സിനിമ മുംബൈ, ന്യൂയോര്‍ക്ക് ഫിലിംഫെസ്റ്റവലുകളില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പ്രേക്ഷകരുടെ കൈയടി വാങ്ങിയ മറ്റൊരു സിനിമയായിരുന്നു ഡോ. ബിജു സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ്. ഹിന്ദി/ പഹാഡി ഭാഷയിലെടുത്ത ചിത്രമാണിത്.23മത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചിത്രത്തിന്റെ സംവിധാനത്തിന് ഡോ. ബിജുവിന്  മികച്ച സംവിധായകനായി പുരസ്‌കാരം നേടിയിരുന്നു.’മോണ്‍ട്രീയല്‍ ഫെസ്റ്റിവല്‍’ ഉള്‍പ്പെടെ ശ്രദ്ധേയമായ പത്തോളം മേളകളുടെ മത്സര വിഭാഗത്തിലേക്ക് ഇതിനകം ‘സൗണ്ട് ഓഫ് സൈലന്‍സ്’ തെരഞ്ഞെടുക്കപ്പെട്ടു.ജീവിത സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന സാധാരണക്കാരനില്‍നിനും ബുദ്ധ സന്യാസിയിലേക്കുള്ള ഒരു ആണ്‍കുട്ടിയുടെ കഥയായിരുന്നു സിനിമയുടെ പ്രമേയംസ്വീഡിഷ് സംവിധായകന്‍ റൂബന്‍ ഓസ്‌ററുണ്ടിന് പാംമേഡി ഓര്‍ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ ദ സ്‌ക്വയര്‍ ആയിരുന്നു ഞായറാഴ്ചയെ സമ്പന്നമാക്കിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ വിദേശ ചിത്രം.
ഒരു ഡസനിലേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരം നേടിയ ചിത്രമാണിത്. ആര്‍ട് മ്യൂസിയത്തിലെ ക്യുറേറ്ററുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളെ പിടിച്ചിരുത്തും വിധം സിനിമയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു സംവിധായകന്‍.സംസ്‌കൃത ചിത്രമായ അനുരക്തി, ജപ്പാന്‍ ചിത്രമായ റേഡിയന്‍സിന്റെ രണ്ടാം പ്രദര്‍ശനം, റിസന്റ്‌മെന്റ്, മറാത്തി ചിത്രങ്ങളായ മുറാംബ, പിംപാല്‍, രേഡു , മലയാള സിനിമയുടെ നവതിയോടനുബന്ധിച്ച് എലിപ്പത്തായം, പെരുന്തച്ചന്‍, കുട്ടിസ്രാങ്ക് തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss