|    Jun 20 Wed, 2018 11:26 am
Home   >  Todays Paper  >  Page 5  >  

തൃശൂരില്‍ പൂരത്തെ വെല്ലും പ്രചാരണപ്പോര്

Published : 25th April 2016 | Posted By: SMR

എ എം ഷമീര്‍ അഹ്മദ്

തൃശൂര്‍: പൂരത്തിന്റെ ആവേശമൊക്കെ എന്ത് ആവേശം, ഇതല്ലെഷ്ടാ ഒര്‍ജിനല്‍ പൂരം, വടക്കുംനാഥന്‍ ക്ഷേത്രാങ്കണത്തില്‍വച്ച് കണ്ടുമുട്ടിയ കുറുപ്പേട്ടന്റെ വാക്കുകള്‍. മരംകത്തുന്ന ചൂടിനും തൃശൂര്‍ മണ്ഡലത്തിലെ പ്രചാരണ ചൂടിനെ വെല്ലാനാവുന്നില്ലെന്ന് മനസ്സിലാക്കാന്‍ കുറുപ്പേട്ടന്റെ വാക്കുകള്‍ മാത്രം മതി. കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസ് അടക്കിവാഴുന്ന തൃശൂര്‍ മണ്ഡലം ഇക്കുറി പിടിച്ചെടുക്കാന്‍ ആവനാഴിയിലെ അവസാന അമ്പും എയ്ത് എല്‍ഡിഎഫും മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫും അട്ടിമറി പ്രതീക്ഷിച്ച് എന്‍ഡിഎയും പ്രചാരണ രംഗത്ത് നിറഞ്ഞതോടെ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് തൃശൂരിലേത്.
91 മുതല്‍ തുടര്‍ച്ചയായി തേറമ്പില്‍ രാമകൃഷ്ണന്‍ ജയിച്ച മണ്ഡലമാണ് തൃശൂര്‍. 25 വര്‍ഷത്തെ ജൈത്രയാത്രയില്‍ ഒരിക്കല്‍ മാത്രമാണ് വക്കീലിന് ഇത്തിരി വിയര്‍ക്കേണ്ടി വന്നത്. യുഡിഎഫിന്റെ സുരക്ഷിത മണ്ഡലമെന്ന ഖ്യാതിയും തൃശൂരിനുണ്ട്. തേറമ്പില്‍ രാമകൃഷ്ണനെ മാറ്റി പത്മജാ വേണുഗോപാലിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ യുഡിഎഫിനും കോണ്‍ഗ്രസ്സിനും ആശങ്കകളുണ്ടായിരുന്നു.’പിന്നില്‍നിന്നും മുന്നില്‍നിന്നും കുത്തി’ ചരിത്രം കുറിച്ച തിരഞ്ഞെടുപ്പുകളില്‍ കെ കരുണാകരനെയും മകന്‍ കെ മുരളീധരനെയും സിപിഐയുടെ വി വി രാഘവന്‍ പരാജയപ്പെടുത്തിയ ചരിത്രവും തൃശൂരിനുണ്ട്. എങ്കിലും പത്മജയുടെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമല്ലായിരുന്നു.
കാല്‍ നൂറ്റാണ്ടിലധികം തൃശൂരിന്റെ ജനപ്രതിനിധിയായിരുന്ന തേറമ്പില്‍ ഇക്കുറി മാറുമെന്ന് മുമ്പേ പ്രതീക്ഷിച്ചിരുന്നു. ഒരു ഊഴംകൂടി വേണമെന്ന മോഹം അദ്ദേഹം അവസാനം വരെ പുലര്‍ത്തിയെങ്കിലും എ, ഐ ഗ്രൂപ്പുകളും വി എം സുധീരനും ഐകകണ്‌ഠ്യേനയാണ് പത്മജയെ തൃശൂരിലേക്ക് നിര്‍ദേശിച്ചത്. പത്മജയാണ് പിന്‍ഗാമിയെന്നതിനാല്‍ തേറമ്പിലും യാഥാര്‍ഥ്യവുമായി പെട്ടെന്നു പൊരുത്തപ്പെട്ടു. ലീഡറുടെ മകള്‍ തൃശൂരിനു എങ്ങിനെയാണ് അന്യയാവുക? അച്ഛന്റെ രാഷ്ട്രീയ തട്ടകത്തിലേക്ക് ആ ഓര്‍മകളുടെയും അനുഭവങ്ങളുടെയും ബലത്തിലാണ് പത്മജ കടന്നുവന്നത്. ഗ്രൂപ്പിനപ്പുറമുള്ള സ്വീകാര്യതയാണ് പത്മജയുടെ കരുത്ത്. ഇതുവരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അപസ്വരങ്ങളും കല്ലുകടികളൊന്നുമില്ല. എല്ലാവരെയും ചേര്‍ത്തുപിടിക്കാന്‍ പത്മജ പ്രത്യേകം ശ്രദ്ധിക്കുന്നു. വര്‍ഷങ്ങളിലൂടെ പത്മജ പക്വതയാര്‍ജിച്ചെന്ന് എതിരാളികള്‍തന്നെ സമ്മതിക്കുന്നുണ്ട്. അച്ഛന്റെ കാലം മുതലുള്ള ബന്ധങ്ങളെല്ലാം പ്രചാരണ രംഗത്ത് പത്മജ ഉപയോഗപ്പെടുത്തുന്നുണ്ട്. പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയും സര്‍ക്കാരും മുന്‍കൈ എടുത്തതും പത്മജയ്ക്ക് നേട്ടമുണ്ടാക്കിയേക്കും. പത്മജ സ്ഥാനാര്‍ഥിയായതോടെ കത്തോലിക്കാസഭയുടെ പരിഭവം ഇല്ലാതായെന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
നിയമസഭയ്ക്കകത്തും പുറത്തും തീപ്പൊരിയായ സിപിഐയിലെ അഡ്വ. വി എസ് സുനില്‍കുമാറാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. മണ്ഡലം തിരിച്ചുപിടിക്കാനുറപ്പിച്ചു തന്നെ വി എസ് സുനില്‍കുമാറിന്റെ വരവ്. നിയമസഭയ്ക്കകത്തും ചാനലുകളിലും നിറഞ്ഞുനിന്ന് സംസ്ഥാനത്തുതന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന എംഎല്‍എ ആയി മാറാന്‍ സുനില്‍ കുമാറിന് കഴിഞ്ഞിട്ടുണ്ട്. എഐഎസ്എഫ് പ്രവര്‍ത്തനകാലം മുതല്‍ തൃശൂര്‍ രാഷ്ട്രീയത്തിന്റെ എല്ലാ തുടിപ്പുകളും അറിഞ്ഞ അനുഭവ സമ്പത്ത്. ചേര്‍പ്പിലും കയ്പ്പമംഗലത്തും വിജയക്കൊടി പാറിച്ച ചരിത്രം തൃശൂരിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് മുന്നണിയും പാര്‍ട്ടിയും വിശ്വസിക്കുന്നത്. പഴയ ചേര്‍പ്പ് മണ്ഡലത്തിന്റെ ഭാഗങ്ങള്‍ ഇപ്പോള്‍ തൃശൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയായ അഡ്വ. ബി ഗോപാലകൃഷ്ണനും വിജയപ്രതീക്ഷയോടെയാണ് മല്‍സരിക്കുന്നത്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് പ്രതീക്ഷക്കാധാരം. ജയിച്ച് കയറിയ ആറു ഡിവിഷനുകള്‍ക്ക് പുറമെ രണ്ടാം സ്ഥാനത്തെത്തിയ ഒരു ഡിവിഷനും മണ്ഡലത്തിലുണ്ട്. ബിഡിജെഎസ് സംഖ്യം കൂടിയാവുമ്പോള്‍ ഒരട്ടിമറിക്കുള്ള ചൂളംവിളി കേള്‍ക്കുന്നുണ്ടെന്നാണ് ബിജെപിയുടെ വിശ്വാസം. 2011ല്‍ 16,169 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു തേറമ്പലിന്റെ ജയം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റെങ്കിലും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി 6,853 വോട്ട് ലീഡ് നേടി. എന്തായാലും പ്രവചനം അസാധ്യമാക്കുംവിധം ആവേശകരമായ പോരാട്ടമാണ് തൃശൂരിലേത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss