|    Mar 27 Mon, 2017 2:17 pm
FLASH NEWS

തൃശൂരില്‍ നിന്നു കാണാതായ വീട്ടമ്മ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍

Published : 6th August 2016 | Posted By: SMR

തൃശൂര്‍: തൃശൂരില്‍ നിന്ന് ബുധനാഴ്ച കാണാതായ വീട്ടമ്മയെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവത്തില്‍ തൃശൂര്‍ നഗരത്തിലെ ടെംപോ വാന്‍ ഡ്രൈവര്‍ പോലിസ് കസ്റ്റഡിയില്‍. ചേറ്റുപുഴ തട്ടംപറമ്പില്‍ ശശിയുടെ ഭാര്യ ലോലിത(42)യാണ് ഇന്നലെ കോയമ്പത്തൂരില്‍ മരിച്ചത്.
പൊള്ളാച്ചി ആര്‍ എസ് കനാല്‍ റോഡിനോട് ചേര്‍ന്ന പറമ്പില്‍ ഇന്നലെ വൈകീട്ട് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിഷം കൊടുത്തും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് പോലിസ്. പിടിയിലായ വാന്‍ ഡ്രൈവര്‍ ലോലിതയില്‍ നിന്ന് പലപ്പോഴായി സ്വര്‍ണവും പണവും കടം വാങ്ങിയിരുന്നതായും ഇത് തിരിച്ചു വാങ്ങാന്‍ ലോലിത ശ്രമിച്ചിരുന്നതായും പോലിസ് പറഞ്ഞു. ഒരുമിച്ച് ജീവിക്കാമെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് സംശയിക്കുന്നു.
മകളെ കാണാനില്ലെന്ന് ലോലിതയുടെ അമ്മ നല്‍കിയ പരാതിയില്‍ ഈസ്റ്റ് പോലിസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇനി വീട്ടിലേക്ക് വരുന്നില്ലെന്നും മറ്റൊരാളോടൊപ്പം ജീവിക്കാന്‍ പോവുകയാണെന്നും ലോലിത അമ്മയെ ഫോണില്‍ അറിയിച്ചിരുന്നതായും പറയുന്നു. കസ്റ്റഡിയിലെടുത്ത ഡ്രൈവറുമായി ലോലിത അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി പോലിസിന് ബോധ്യമായിട്ടുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ എടുത്താണ് ലോലിത പോയത്. ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.
സ്വരാജ് റൗണ്ടില്‍ ജോസ് തിയേറ്ററിന് സമീപത്തെ തുണിക്കടയില്‍ ദിവസങ്ങള്‍ക്കു മുമ്പ് ലോലിത ജോലിയില്‍ പ്രവേശിച്ചിരുന്നു. വീട്ടിലെ പരാധീനതകളും ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളും ലോലിത പറഞ്ഞതായി കടയിലെ മറ്റ് ജീവനക്കാര്‍ വെളിപ്പെടുത്തി. ഭര്‍ത്താവുമായി പിണങ്ങിയതിനാല്‍ മക്കളെ പഠിപ്പിക്കാനായാണ് ജോലിക്ക് വരുന്നതെന്നാണ് യുവതി കടയുടമയോട് പറഞ്ഞിരുന്നത്. കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യംചെയ്തുവരികയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക