|    Jul 16 Mon, 2018 10:14 am

തൃശൂരില്‍ നാളെ പുലിയിറങ്ങും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 6th September 2017 | Posted By: fsq

 

തൃശൂര്‍: സംസ്‌കാരിക നഗരിയുടെ തെരുവീഥികളെ നാളെ മടവിട്ടിറങ്ങുന്ന പുലികള്‍ കീഴടക്കും. നാലോണനാളില്‍ പുലിക്കളിക്കായി തൃശൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓണത്തോടനുബന്ധിച്ചുള്ള പുലിയിറക്കം തൃശൂരിന്റെ മാത്രം സ്വന്തം. തൃശൂരിന്റെ മണ്ണില്‍ നിന്നാണ് പുലിക്കളിയുടെ ചുവടുകള്‍ ദേശങ്ങള്‍ കടന്നത്. തൃശൂരിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളംകമ്പനിയിലെ ഒരു വിഭാഗം പട്ടാളക്കാരാണ് പുലിക്കളിക്ക് തുടക്കമിട്ടതെന്നാണ് പുലിക്കളി ഉത്ഭവത്തിലെ ഒരു കഥ. മുഹറത്തിന്റെ ഭാഗമായിട്ടായിരുന്നുവത്രെ ഈ തുടക്കം. പിന്നീട് തദ്ദേശീയരായ അഭ്യാസികള്‍ പുലിക്കളിവേഷം കെട്ടിയതായി പറയുന്നു. നാമമാത്രമായ വസ്ത്രങ്ങള്‍ ധരിച്ചുള്ള അക്കാലത്തെ പുലിക്കളി കാണാന്‍ സ്ത്രീകള്‍ എത്തിയിരുന്നില്ലത്രേ. ഉലക്കമേല്‍ ചുവടുവെച്ചും മെയ്യഭ്യാസം പ്രകടിപ്പിച്ചുമായിരുന്നു ആ പുലിക്കളിക്കാലം. കാലം പിന്നിട്ടപ്പോള്‍ പുലിക്കളി കുടവയറന്‍മാരുടേതായി. വമ്പന്‍ കുടവയറുള്ളവര്‍ക്കാണിപ്പോള്‍ പുലിക്കളിയില്‍ ഡിമാന്റ്. കുടവയര്‍ കുലുക്കി ചെണ്ടയിലെ പുലിക്കൊട്ടിനൊപ്പം ചുവടുകള്‍ വെച്ചുള്ള പുലിയിറക്കം കാണാന്‍ ഇന്ന് വിദേശികള്‍ പോലുമെത്തുന്നു. കഴിഞ്ഞതവണ സ്ത്രീകള്‍ പുലിവേഷം കെട്ടി പുലിക്കളിക്ക് മറ്റൊരു ചരിത്രമെഴുതി. തൃശൂരിന് സാംസ്‌കാരിക തലസ്ഥാനമെന്ന ഇരട്ടപ്പേര് ലഭിച്ചതില്‍ പുലിക്കളിക്കുള്ള പങ്ക് ചെറുതല്ല. പുലിക്കളിയുടെ മികച്ച നടത്തിപ്പിന് ഇപ്പോള്‍ സര്‍ക്കാരും തൃശൂര്‍ കോര്‍പറേഷനും സാമ്പത്തികസഹായവും മറ്റു സൗകര്യങ്ങളുമൊരുക്കുന്നുണ്ട്. മികച്ച പുലിക്കളി ടീമിന് സമ്മാനവുമുണ്ട്. പുലിക്കളി നാലോണ നാളിലാണെങ്കിലും കലണ്ടറിലെ നാലോണനാളിലല്ല. തിരുവോണം ഒന്നോണമാക്കി കണക്കാക്കിയാണ് പുലിക്കളിയിലെ നാലോണം വരുന്നത്. നാളെ വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് പുലികള്‍ നഗരം കീഴടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss