|    Oct 20 Sat, 2018 5:18 am
FLASH NEWS

തൃശൂരില്‍ കയറ്റുമതി അധിഷ്ഠിത കൃഷി തുടങ്ങും : മന്ത്രി ്

Published : 25th March 2018 | Posted By: kasim kzm

തൃശൂര്‍: കേന്ദ്രസര്‍ക്കാര്‍ പഴം, പച്ചക്കറി കയറ്റുമതി കാര്യത്തില്‍ കപ്പല്‍ വഴിയുളള കയറ്റുമതിക്ക് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ തൃശൂരില്‍ കയറ്റുമതി സാധ്യതകളിലൂന്നിയ വാഴകൃഷി ആരംഭിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സിയായ അപ്പോസ ഷിപ്പ്‌മെന്റ് പ്രോട്ടോക്കോള്‍ അംഗീകരിച്ചതോടെ ഫ്‌ളൈറ്റ് കാര്‍ഗോ കിലോയ്ക്ക് 60 രൂപ നിരക്കില്‍ ഈടാക്കിയ കയറ്റുമതി കൂലി കപ്പല്‍ വഴിയാകുമ്പോള്‍ കിലോയ്ക്ക് 6 രൂപയായി കുറയുന്ന പശ്ചാത്തലത്തിലാണ് വാഴപ്പഴ കയറ്റുമതി ആരംഭിക്കുന്നത്.
വി എഫ് പി സി കെ കരുവന്നൂര്‍ സ്വാശ്രയ കര്‍ഷക സമിതി വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും മികച്ച കര്‍ഷകനെ ആദരിക്കലും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ടമെന്ന നിലയില്‍ ഇരിങ്ങാലക്കുട, മാള, കൊടകര, ഒല്ലൂര്‍ പ്രദേശങ്ങളിലായി 500 ഹെക്ടറിലാണ് കയറ്റുമതി അധിഷ്ഠിത വാഴകൃഷി തുടങ്ങുക. കര്‍ഷകര്‍ക്ക് ഇതിനുളള പ്രത്യേക പരിശീലനം നല്‍കും. വടക്കാഞ്ചേരി മേഖലയിലെ ചങ്ങാലിക്കോടന്‍ വാഴപ്പഴവും കയറ്റുമതി ചെയ്യും. കണ്ണാറ അഗ്രോപാര്‍ക്കിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ഈ വര്‍ഷം തുടങ്ങും.
വാഴപ്പഴം, തേന്‍ എന്നിവ അടിസ്ഥാനമാക്കി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന അത്യാധുനിക ഫാക്ടറിയാണ് അഗ്രോ പാര്‍ക്കില്‍ സ്ഥാപിക്കുക. കര്‍ഷകരുടെ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന ഫാക്ടറിയില്‍ നിന്നും വാഴനാരുപയോഗിച്ചുളള ഉല്‍പന്നങ്ങളും ഉല്‍പ്പാദിപ്പിക്കും. ഏറണാകുളം ജില്ലയില്‍ പൈനാപ്പിള്‍ കൃഷിയും കയറ്റുമതി അടിസ്ഥാനത്തില്‍ ആരംഭിക്കും. തൃശൂര്‍, എറണാകുളം ജില്ലകള്‍ക്കായി കയറ്റുമതി അധിഷ്ഠിത കൃഷിക്ക് പത്ത് കോടി രൂപ അനുവദിച്ചു.
തൃശൂരില്‍ 300 ഏക്കറില്‍ മഞ്ഞള്‍ കൃഷിയും വ്യാപിപ്പിക്കും. കയറ്റുമതി സാധ്യത ലക്ഷ്യമിട്ടുളള കൃഷി രീതികള്‍ക്കാണ് പ്രാമുഖ്യം നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി. കൃഷി വകുപ്പ് മുഖേനയുളള മുഴുവന്‍ വിത്ത്, തൈ വിതരണ ചുമതല വി എഫ് പി സി കെ യ്ക്ക് നല്‍കിയതായും മന്ത്രി അറിയിച്ചു. ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാളയിലെ ചക്ക ഫാക്ടറി ഏപ്രില്‍ 7 മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
ഇതിലേക്കുളള ചക്ക സംഭരണ ചുമതലയും വി എഫ് പി സി കെയ്ക്ക് കൈമാറി. മണ്ണിന്റെയും വിത്തിന്റെയും ഗുണമേന്‍മ നഷ്ടപ്പെടാതെ നോക്കാന്‍ വി എഫ് പി സി കെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ചാലക്കുടിയില്‍ സ്ഥാപിക്കുന്ന പാക്കിംഗ് ഹൗസിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. യൂറോപ്യന്‍ യൂനിയന്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുളള ആധുനിക പാക്കിംഗ് ഹൗസ് ആണ് വി എഫ് പി സി കെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ പൂര്‍ത്തിയാവുക. ഇതും കയറ്റുമതി അധിഷ്ഠിത കൃഷിക്ക് മുതല്‍കൂട്ടാവും.
വൈഗ 2018 തൃശൂരില്‍ നടത്തുമെന്നും വിദേശ മലയാളി സംരംഭകരെ ഉള്‍പ്പെടുത്തികൊണ്ട് മൂല്യവര്‍ദ്ധിത കാര്‍ഷികോല്‍പ്പന്നങ്ങളുടെ സാധ്യത തേടുമെന്നും മന്ത്രി അറിയിച്ചു. പ്രഫ. കെ യു അരുണന്‍ എം എല്‍ എ അധ്യക്ഷത അറിയിച്ചു. കാര്‍ഷിക സെമിനാര്‍ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. സൗജന്യ പച്ചക്കറി തൈ വിതരണം വി എഫ് പി സി കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ് കെ സുരേഷ് നിര്‍വഹിച്ചു.
വി എഫ് പി സി കെ ഡയറക്ടര്‍ അഞ്ജു ജോണ്‍ മത്തായി, ജില്ലാ മാനേജര്‍ എ എ അംജ, മാര്‍ക്കറ്റിംഗ് മാനേജര്‍ കെ യു ബബിത, വാര്‍ഡ് കൗണ്‍സിലര്‍ വി കെ സരള, കൃഷി ഓഫീസര്‍ വി വി സുരേഷ് പങ്കെടുത്തു. തുടര്‍ന്ന് സെമിനാര്‍ നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss