|    Oct 22 Mon, 2018 1:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തൃശൂരില്‍ ഇന്ന് പുലിയിറങ്ങും; ശൗര്യഭാവവുമായി പെണ്‍പുലിയാട്ടവും

Published : 7th September 2017 | Posted By: fsq

 

പി എച്ച് അഫ്‌സല്‍

തൃശൂര്‍: പുലിയുടെ ശൗര്യഭാവവുമായി ഇത്തവണ മടവിട്ടിറങ്ങുന്നത് 11 പെണ്‍പുലികള്‍. മൂന്ന് അധ്യാപകരും ഒരു പ്ലസ്ടു വിദ്യാര്‍ഥിനിയുമടക്കമുള്ള സംഘമാണ് പുലിത്താളത്തിനൊത്ത് പുലിയാട്ടത്തിനൊരുങ്ങുന്നത്. കുടവയറിലെ ചായക്കൂട്ടുകള്‍ ശ്രദ്ധേയമാകുന്ന പുലികളി പെണ്‍പുലികളിലെത്തുമ്പോള്‍ താളപ്രധാനമായി മാറും. ആണ്‍പുലികളുടെ ശരീരത്തില്‍ നേരിട്ട് നിറം ചാര്‍ത്തുമ്പോള്‍ പെണ്‍പുലികള്‍ നേരിയ വസ്ത്രം ധരിച്ച് അതിനു മുകളിലാണ് ചായം തേക്കുന്നത്. പുലികളിക്ക് ചരിത്രം പലതുണ്ടെങ്കിലും തൃശൂരിന്റെ സാംസ്‌കാരികപ്പെരുമയുടെ കിരീടത്തിനു പുലികളി നല്‍കിയ പങ്ക് ചെറുതല്ല. കാലം പിന്നിട്ടപ്പോള്‍ പുലികളി പുരുഷന്‍മാരുടേയും കുടവയറന്‍മാരുടേതുമായി. എന്നാല്‍, പുലികളിക്ക് പുതിയ മുഖവും താളവും ചുവടുകളും നല്‍കുകയാണ് പെണ്‍പുലികള്‍. കോട്ടപ്പുറം ടീമിനു വേണ്ടി പുലിവേഷം കെട്ടുന്ന സ്ത്രീകളില്‍ അധ്യാപകരും അഭിഭാഷകരും വിദ്യാര്‍ഥിനിയുമടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 11 പേരാണുള്ളത്. ഒരു മാസം മുമ്പേ പരിശീലനം ആരംഭിച്ച പെണ്‍പുലികള്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ എത്തി ചെണ്ടമേളത്തിനൊപ്പം അവസാനവട്ട പരിശീലനം പൂര്‍ത്തിയാക്കി. പുലികളി പരിശീലകനായ അപ്പുവാശാനാണ് പെണ്‍പുലികള്‍ക്ക് പരിശീലനം നല്‍കിയത്. ഇന്നു രാവിലെ 10 മുതല്‍ പുലിവേഷം കെട്ടിത്തുടങ്ങും. വൈകീട്ട് 4നാണ് പുലികളി ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിങ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആദ്യമായി മൂന്നു പെണ്‍പുലികള്‍ മടവിട്ട് ഇറങ്ങിയത്. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഇന്നു വൈകീട്ട് 4 മുതലാണ് പുലികളി അരങ്ങേറുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss