|    Jan 24 Tue, 2017 8:25 am

തൃശൂരിലെ സിപിഎം പട്ടികയ്ക്ക് അന്തിമരൂപം

Published : 29th March 2016 | Posted By: RKN

എ എം ഷമീര്‍ അഹ്മദ്തൃശൂര്‍: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രാദേശിക ഘടകങ്ങളില്‍ ഉയര്‍ന്ന എതിര്‍പ്പുകള്‍ പരിഹരിച്ച് തൃശൂരില്‍ സിപിഎമ്മിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമായി. 13 മണ്ഡലങ്ങളില്‍ സിപിഎം മല്‍സരിക്കുന്ന എട്ട് സീറ്റുകളിലേക്ക് ഏരിയാ കമ്മിറ്റികള്‍ നല്‍കിയ പേരുകള്‍ക്ക് ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. വനിതയടക്കം മൂന്ന് പുതുമുഖങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചു. മൂന്നുപേര്‍ സിറ്റിങ് എംഎല്‍മാരാണ്. അതേസമയം, അഞ്ചു സീറ്റില്‍ ജനവിധി തേടുന്ന സിപിഐയുടെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിയെ ചൊല്ലി സിപിഎമ്മില്‍ ഏറെ ആശയക്കുഴപ്പം നിലനിന്നിരുന്ന വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയ്ക്ക് പകരം ജില്ലാ പഞ്ചായത്തംഗം മേരിതോമസ് മല്‍സരിക്കും. ലളിതയ്ക്ക് പകരം ഒരു വനിതയെ മല്‍സരിപ്പിക്കണമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിലുയര്‍ന്ന പൊതു അഭിപ്രായം കണക്കിലെടുത്താണ് ഇവര്‍ക്ക് നറുക്ക് വീണത്. ഇരിങ്ങാലക്കുടയില്‍ പ്രഫ. കെ യു അരുണാണ് സ്ഥാനാര്‍ഥി. ജില്ലാ സെക്രട്ടേറിയറ്റംഗം കെ കെ രാമചന്ദ്രനെയും അരുണിനൊപ്പം പരിഗണിച്ചെങ്കിലും വിജയസാധ്യത കണക്കിലെടുത്ത് അരുണിനെതന്നെ തീരുമാനിക്കുകയായിരുന്നു. ചേലക്കരയില്‍ കെ രാധാകൃഷ്ണനും കുന്നംകുളത്ത് ബാബു എം പാലിശേരിയും ഒഴികെയുള്ള സിറ്റിങ് എംഎല്‍എമാരെല്ലാം ഇക്കുറി മല്‍സരത്തിനുണ്ട്. ചാലക്കുടി-ബി ഡി ദേവസി, പുതുക്കാട്-സി രവീന്ദ്രനാഥ്, ഗുരുവായര്‍-കെ വി അബ്ദുല്‍ഖാദര്‍. പാര്‍ട്ടി ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ കുന്നംകുളത്ത് നിന്ന് ജനവിധി തേടും. ചേലക്കരയില്‍ ദേശമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു ആര്‍ പ്രദീപ്കുമാറാണ് സ്ഥാനാര്‍ഥി. മണലൂരില്‍ മുന്‍ എംഎല്‍എ മുരളി പെരുനെല്ലിയെത്തന്നെ വീണ്ടും മല്‍സരിപ്പിക്കും. സിപിഐ മല്‍സരിക്കുന്ന കൈപമംഗലം, കൊടുങ്ങല്ലൂര്‍, നാട്ടിക, ഒല്ലൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏറെക്കുറെ ധാരണയായി. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീതഗോപി തന്നെ മല്‍സരിക്കും. ഒല്ലൂരില്‍ കെ രാജനാവും സ്ഥാനാര്‍ഥി. കയ്പമംഗലം എംഎല്‍എ വി എസ് സുനില്‍കുമാറിനെ അവിടെതന്നെ മല്‍സരിപ്പിക്കാനായിരുന്നു കഴിഞ്ഞദിവസം വരെയുള്ള തീരുമാനം. എന്നാല്‍ പാര്‍ട്ടിക്ക് ശക്തിയുള്ള കൊടുങ്ങല്ലൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ ശക്തനായ ഒരാളെ നിയോഗിക്കണമെന്ന് സംസ്ഥാനഘടകം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതിനാല്‍ വി എസ് സുനില്‍കുമാറിനെ കൊടുങ്ങല്ലൂരിലേക്ക് മാറ്റാനും ആലോചനയുണ്ട്. ഇവിടെ ജില്ലാ പഞ്ചായത്തംഗം ടൈസന്‍ മാസ്റ്ററെയാണ് പരിഗണിച്ചിരുന്നത്. വി എസ് സുനില്‍കുമാര്‍ കൊടുങ്ങല്ലൂരില്‍ സ്ഥാനാര്‍ഥിയായാല്‍ ജില്ലാ സെക്രട്ടറി കെ കെ വല്‍സലരാജായിരിക്കും കയ്പമംഗലത്തെ സിപിഐ സ്ഥാനാര്‍ഥി. തൃശൂരില്‍ പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കും. കഴിഞ്ഞ തവണ മല്‍സരിച്ച് തോറ്റ പി ബാലചന്ദ്രനാണ് ഇക്കുറിയും സാധ്യത. അതേസമയം, മുന്‍മന്ത്രി കെ രാജേന്ദ്രനെ മല്‍സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക