|    Sep 26 Tue, 2017 11:35 pm
Home   >  Todays Paper  >  Page 5  >  

തൃശൂരിലും പട്ടാമ്പിയിലും ഭൂചലനം

Published : 26th October 2016 | Posted By: SMR

തൃശൂര്‍/പട്ടാമ്പി: തൃശൂരിലെയും പട്ടാമ്പിയിലെയും വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. തൃശൂരില്‍ ദേശമംഗലം, വരവൂര്‍, ആറങ്ങോട്ടുകര, ചെറുതുരുത്തി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പീച്ചി കെഎഫ്ആര്‍ഐയിലെ റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ചലനം മൂന്ന് സെക്കന്‍ഡുവരെ നീണ്ട് നിന്നു. ഇന്നലെ ഉച്ചയ്ക്ക് 12:15നാണ് സംഭവം. വലിയ ശബ്ദത്തോടെ ഭൂമി വിറച്ചതോടെ ആളുകള്‍ പരിഭ്രാന്തരായി. ഒരാഴ്ചമുമ്പും പ്രദേശത്ത് ഭൂചലനമുണ്ടായെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ശബ്ദം മാത്രമേ അനുഭവപ്പെട്ടിരുന്നുള്ളൂ.
തൊണ്ണൂറുകളില്‍ ഇവിടെ തുടര്‍ച്ചയായി ചലനമുണ്ടാവുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവിടം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുകയും ദേശമംഗലത്തെ തലശ്ശേരിയില്‍ ചലനത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിന് ഒരു ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയുമുണ്ടായി. പിന്നീട് ഈ കേന്ദ്രം പ്രവര്‍ത്തനരഹിതമായതോടെ ഇതിലെ ഉപകരണങ്ങള്‍ സര്‍ക്കാര്‍ തിരിച്ചെടുത്തു. പ്രദേശത്തെ അനധികൃത മണ്ണെടുപ്പും പ്രവര്‍ത്തനങ്ങളും നിര്‍ത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ മറികടന്ന് നിരവധി ക്വാറികളാണ് ഇവിടങ്ങളിലുള്ളത്.
അതേസമയം, പട്ടാമ്പി മേഖലയിലും ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായ തലശ്ശേരി ദേശമംഗലം മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയില്‍ നിന്നും മുഴക്കമാണ് അനുഭവപ്പെട്ടത്. ഈ മാസം പത്താം തിയ്യതിക്ക് മുമ്പും ഈ പ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായിരുന്നു. അന്ന് രാത്രി 10.15ഓടെയായിരുന്നു ഭൂചലനം. മേഖലയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് 200ലേറെ ഭൂചലനം ഉണ്ടായിട്ടുണ്ട്. ഒരു ദിവസം മൂന്നും നാലും തവണ  മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക