|    Jan 21 Sat, 2017 4:27 pm
FLASH NEWS

തൃശൂരിന്റെ ജ്വലിക്കുന്ന ഓര്‍മയായി മാമക്കുട്ടിയേട്ടന്‍

Published : 12th October 2016 | Posted By: Abbasali tf

തൃശൂര്‍: മൂന്നര പതിറ്റാണ്ട് കാലം രാഷ്ട്രീയരംഗത്ത് നിറഞ്ഞു നിന്ന അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കെ കെ മാമക്കുട്ടി ഇനി തൃശൂരിന്റെ ജ്വലിക്കുന്ന ഓര്‍മ. പ്രതിസന്ധി ഘട്ടങ്ങളില്‍ സിപിഎമ്മിനെ മുന്നില്‍ നിന്ന് നയിച്ച സഖാവ് മാമക്കുട്ടി ജില്ലയിലെ കരുത്തരായ നേതാക്കളില്‍ ഒരാളായിരുന്നു. ജനകീയ സമര പോരാട്ടങ്ങളുടെ ആദ്യഘട്ടം കഴിഞ്ഞ് സിപിഎം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയപ്പോഴും പാര്‍ലമെന്ററി വ്യാമോഹങ്ങളില്ലാത്ത ജനകീയ നേതാവായിരുന്നു മാമക്കുട്ടി. ഏറ്റവും കൂടുതല്‍ കാലം സിപിഎമ്മിനെ ജില്ലയില്‍ നയിച്ചത് മാമ്മുക്കുട്ടിയായിരുന്നു. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന വേളയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നപ്പോള്‍ ഇറങ്ങിപ്പോയവരില്‍ അഞ്ചാമനായിരുന്നു മാമക്കുട്ടി. ആ ചരിത്രം സൃഷ്ടിച്ച ഇറങ്ങിപ്പോക്കിനുശേഷം സിപിഎം കെട്ടിപ്പെടുക്കുന്നതിനായി ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. ഒപ്പമുണ്ടായിരുന്ന പലരും കൂട്ടുവിട്ടപ്പോഴും അദ്ദേഹം ഉറച്ചുനിന്നു. പാര്‍ലമെന്ററി വ്യാമോഹം ബാധിക്കാത്ത ഒരു യഥാര്‍ഥ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. ചെറുപ്പം മുതലേ വിപ്ലവപ്രസ്ഥാനവുമായി ബന്ധം സ്ഥാപിച്ചു. സിപിഎമ്മിന്റെ ആദ്യ ജില്ലാസെക്രട്ടറിയായ എ വി ആര്യനെ 1969ല്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയപ്പോള്‍ മാമക്കുട്ടിയെയായിരുന്നു ആസ്ഥാനത്ത് എത്തിയത്. 2002 ജനുവരിവരെ ആസ്ഥാനത്ത് തുടര്‍ന്നു. പാര്‍ട്ടിയില്‍നിന്നും വേറിട്ടൊരു ജീവിതവും മാമക്കുട്ടി സഖാവിനില്ലായിരുന്നു. 21ാം വയസ്സില്‍ തൊഴില്‍തേടി സിലോണില്‍ എത്തിയപ്പോഴും അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സിലോണില്‍നിന്നും തിരിച്ചെത്തിയ ശേഷം ജീവിക്കാനായി സ്ഥാപനങ്ങള്‍ മറ്റും തുടങ്ങിയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ അതെല്ലാം നഷ്ടമായി. അടിസ്ഥാനജനവിഭാഗത്തിന്റെ മോചനത്തിനായി മരിക്കുംവരെ പൊരുതിയ യഥാര്‍ഥ കമ്യൂണിസ്റ്റായിരുന്നു മാമക്കുട്ടി. ചേര്‍പ്പ്  പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതീകശരീരത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. അരനൂറ്റാണ്ടിലേറെ കാലം ചേര്‍പ്പിന്റെ പൊതുരംഗത്ത് പ്രൗഢവും സൗമ്യവുമായ സാന്നിധ്യമായിരുന്ന പ്രിയ സഖാവിനെ കാണാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ആയിരങ്ങളാണ് എത്തിയത്.  സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴിക്കോടന്‍ സ്്മാരക ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.  മന്ത്രിമാരായ എ സി മൊയ്തീന്‍, പ്രഫ.സി രവീന്ദ്രനാഥ്, സിപിഎം ജില്ല സെക്രട്ടറി കെ രാധാകൃഷ്ണന്‍, പി കെ ബിജു എംപി,  ബാബു എം പാലിശേരി തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.  ഭൗതീക ശരീരം മൂന്നു മണിക്ക് വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക