|    Apr 23 Mon, 2018 11:18 pm
FLASH NEWS

തൃപ്പൂണിത്തുറയില്‍ എന്താണ് സംഭവിച്ചത്‌

Published : 6th March 2016 | Posted By: sdq

 

RLC College

സ്വയംഭരണാധികാരവും ഇന്റേണല്‍ മാര്‍ക്കും സെമസ്റ്റര്‍ സമ്പ്രദായവും കൊണ്ട് കാംപസുകള്‍ വരണ്ടുപോയ കാലത്താണ് പുതിയ തലമുറ ജീവിക്കുന്നത്. കലാലയങ്ങള്‍ അത്രമേല്‍ പ്രക്ഷുബ്ധമല്ലാത്ത ഈ സമയത്തും ചില കാംപസുകള്‍ ചര്‍ച്ചകളാവുന്നു. ഇത്തരത്തില്‍ കേവല രാഷ്ട്രീയലാഭങ്ങള്‍ക്കുവേണ്ടി മാത്രം വിവാദങ്ങളിലേക്കു കടന്നുവന്നതാണ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ്. ഒരു ദലിത് വിദ്യാര്‍ഥിനിയെ ആത്മഹത്യാശ്രമത്തിലേക്കെത്തിച്ച ഹിംസാത്മക രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ തിരിച്ചറിയാന്‍ ഈ സംഭവം വഴിവച്ചു. ആര്‍എല്‍വിയിലെ ശില്‍പ എന്ന വിദ്യാര്‍ഥിനി എഴുതിയതായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാചകങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്.
”തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ നാലാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ഞാന്‍. കേരളത്തിന്റെ കലാപഠന ചരിത്രത്തിന്റെ സുപ്രധാന സ്ഥാപനമാണ് ആര്‍എല്‍വി. ഇവിടെ നിന്നു കലാപഠനം പൂര്‍ത്തിയാക്കി ലോകമെമ്പാടും കലാസാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന പ്രതിഭകളുടെ നിര കേരളത്തിന് അഭിമാനകരമാണ്. കലാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വ്യക്തമായ രാഷ്ട്രീയബോധത്തോടെ സാമൂഹിക ഇടപെടല്‍ നടത്തുന്ന വിദ്യാര്‍ഥികളാണ് ഈ കോളജിലുള്ളത്. കലാപ്രവര്‍ത്തനം തന്നെ ഗൗരവപൂര്‍ണമായ രാഷ്ട്രീയപ്രവര്‍ത്തനമാണെന്നിരിക്കെ അരാഷ്ട്രീയമായ ഒരു കാംപസല്ല ആര്‍എല്‍വി. ശക്തമായ വിദ്യാര്‍ഥി സമരങ്ങള്‍ക്ക് കോളജ് സാക്ഷിയുമാണ്. ആ സമരങ്ങളിലൂടെ തന്നെയാണ് ഇടിഞ്ഞുവീഴാറായ പഴയ കെട്ടിടത്തില്‍ നിന്നു സൗകര്യങ്ങളേറെയുള്ള പുതിയ കെട്ടിടമുണ്ടായതും. ഗൗരവപൂര്‍ണമായ കലാപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടിടത്ത് രാജ്യത്താകമാനം ബാധിച്ച അസഹിഷ്ണുത പിടിമുറുക്കുന്നതിന്റെ സൂചനകള്‍ വ്യക്തമാക്കുന്ന സംഭവങ്ങളാണ് അടുത്തിടെ പ്രകടമാവുന്നത്. കാംപസുകളിലും സര്‍വകലാശാലകളിലും കടന്നുകൂടാന്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയം നടത്തുന്ന ശ്രമങ്ങള്‍ പൂനെ ഇന്‍സ്റ്റിറ്റിയൂട്ടിലടക്കം വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു കാരണമായിട്ടുണ്ട്. സാംസ്‌കാരിക അധിനിവേശം എന്നത് ഫാഷിസത്തിന്റെ അടിസ്ഥാന ആയുധമാണ്.
രാജ്യത്താകമാനം നടപ്പാക്കുന്ന അസഹിഷ്ണുത ബോധപൂര്‍വം നമ്മുടെ കാംപസുകളിലേക്കും കടത്തിക്കൊണ്ടുവരാന്‍ പുറത്തുനിന്നും ശ്രമങ്ങള്‍ നടക്കുന്നു. എംജി സര്‍വകലാശാലാ യൂനിയന്റെ ജനറല്‍ സെക്രട്ടറിയായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ കാംപസില്‍ നിന്നുള്ള കിരണ്‍ രാജാണ്. കോളജിലെ എബിവിപി അനുഭാവിയായ ഒരു പെണ്‍കുട്ടിയുടെയും കിരണിന്റെയും പേരുകള്‍ ചേര്‍ത്ത് ഇടനാഴിയില്‍ ഒരു എഴുത്താണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സ്‌കൂളിലൊക്കെ എഴുതി വയ്ക്കുന്നതുപോലെ. അത് അപ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ മായ്ച്ചുകളഞ്ഞു. മൂന്നു ദിവസത്തിനുള്ളില്‍ എബിവിപി അനുഭാവി തന്നെയായ മറ്റൊരു പെണ്‍കുട്ടിയുടെയും എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറിയും കോളജിലെ വിദ്യാര്‍ഥിയുമായ അശ്വതിന്റെയും പേരുകള്‍ ചേര്‍ത്ത് കരികൊണ്ട് കാംപസിന്റെ മിക്ക ചുവരുകളിലും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. എസ്എഫ്‌ഐക്കാരനായ ഒരാളുടെ പേരു ചേര്‍ത്ത് അപവാദ പ്രചാരണം നടത്തിയിട്ട് എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ലെന്ന പേരില്‍ ഈ പെണ്‍കുട്ടിയും സുഹൃത്തുക്കളും കാംപസില്‍ പ്രചരണം നടത്തി. പെണ്‍കുട്ടി പ്രിന്‍സിപ്പലിന് തന്റെ പേരിനൊപ്പം പേരെഴുതിവയ്ക്കപ്പെട്ട അശ്വതിന്റെ പേരില്‍ പരാതി കൊടുത്തു. പോലിസ് അശ്വതിനെ തിരക്കിയെത്തി. അശ്വതും പ്രിന്‍സിപ്പലിന് പരാതി നല്‍കി. കോളജ് ജനറല്‍ ബോഡിയിലും പെണ്‍കുട്ടിക്ക് അനുകൂല നിലപാടാണുണ്ടായത്. എന്നാല്‍, പിന്നീട് പെണ്‍കുട്ടി പരാതി പിന്‍വലിക്കുകയാണുണ്ടായത്.”
ഈ സംഭവങ്ങള്‍ക്കൊക്കെ ശേഷമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം എന്ന വാര്‍ത്തയുണ്ടാവുന്നത്. പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങിയെന്നും മറ്റുമാണ് പറയപ്പെടുന്നത്. കാംപസ് സാമൂഹികവിരുദ്ധര്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിഷയം രാഷ്ട്രീയവല്‍ക്കരിച്ചപ്പോള്‍ ഇരയാക്കപ്പെട്ടത് ഒരു പെണ്‍കുട്ടിയാണ്. കാംപസിനുള്ളിലെ നിസ്സാരമായ ഒരു സംഭവത്തെയാണ് രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിച്ചത്. ഇത്തരക്കാരുടെ രാഷ്ട്രീയമാണ് തിരിച്ചറിയപ്പെടേണ്ടത്. അപകടകരമായ രാഷ്ട്രീയലക്ഷ്യം നിറവേറ്റാന്‍ പെണ്‍കുട്ടികള്‍ ഇരയാക്കപ്പെടുന്നത് അവര്‍ സ്വയം തിരിച്ചറിഞ്ഞ് തടയേണ്ടതാണ്. രാജ്യത്ത് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഫാഷിസ്റ്റ് അസഹിഷ്ണുതാ നടപടികള്‍ക്കെതിരേ ദേശീയതലത്തില്‍ തന്നെ കലാലയങ്ങള്‍ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളുടെ പ്രഭവകേന്ദ്രങ്ങളാവുമ്പോള്‍ പെണ്‍കുട്ടികളുടെ അഭിമാനം വച്ച് പന്താടി രാഷ്ട്രീയനേട്ടവും പ്രതിരോധവും സൃഷ്ടിക്കുന്ന പുതിയ പ്രവണതയാണ് തൃപ്പൂണിത്തുറ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss