|    Jun 22 Fri, 2018 1:15 pm
FLASH NEWS
Home   >  Kerala   >  

തൃപ്പൂണിത്തുറയിലെ മതംമാറ്റ പീഡന കേന്ദ്രത്തിനെതിരേ വീണ്ടും ഹരജി

Published : 9th October 2017 | Posted By: shins

കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാട്ടെ മതംമാറ്റ പീഡന കേന്ദ്രമായ ശിവശക്തി യോഗ കേന്ദ്രത്തിലെ പീഡനം സംബന്ധിച്ച് വീണ്ടും ഹൈക്കോടതിയില്‍ ഹരജി. പോലിസില്‍ നല്‍കിയ പരാതിയില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗ കേന്ദ്രത്തിനെതിരേ ആദ്യം പരാതി നല്‍കുകയും വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്ത ശ്വേത വീണ്ടും ഹരജി നല്‍കിയിട്ടുള്ളത്. ഭര്‍ത്താവ് റിന്റോ ഐസക് നല്‍കിയ ഹേബിയസ് ഹരജിയില്‍ നേരത്തെ പീഡനം വിവരിച്ച് ശ്വേത ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാര്യക്ഷമമായ അന്വേഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹരജി. യോഗകേന്ദ്രത്തിലെ പീഡനത്തെപറ്റി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയ ആന്ധ്ര സ്വദേശിനി വന്ദനയും  ഹരജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പരാതിയില്‍ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാണ് വന്ദനയും ആവശ്യപ്പെട്ടിരിക്കുന്നത്.  കേന്ദ്രത്തില്‍ നടന്ന കൊടും പീഡനങ്ങളെക്കുറിച്ച് സപ്തംബര്‍ 23ന് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലിസില്‍ പരാതി നല്‍കിയെങ്കിലും മതസ്പര്‍ധ വളര്‍ത്തല്‍ സംബന്ധിച്ച കുറ്റം ബോധപൂര്‍വം ഒഴിവാക്കിയാണ് എഫ്‌ഐആര്‍ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ശ്വേതയുടെ ഹരജിയില്‍ പറയുന്നു. ഇതുവരെയും തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പ്രധാന സാക്ഷിയായ കണ്ണൂര്‍ സ്വദേശിനിയുടെ  മൊഴിയും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. യോഗ കേന്ദ്രത്തിലെ കോ-ഓഡിനേറ്റര്‍ ശ്രുതി പീഡിപ്പിച്ചതു സംബന്ധിച്ച് പരാതിയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും പ്രതി ചേര്‍ത്തിട്ടില്ല. താന്‍ തടവിലായിരുന്ന സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന കേരളം,  കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 ഓളം പെണ്‍കുട്ടികളുടെ മൊഴിയും പോലിസ് രേഖപ്പെടുത്തിയിട്ടില്ല. ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ ബാധ്യതയുള്ള പോലിസ് യോഗ സെന്റര്‍ പൂട്ടാന്‍ ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല. കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് താന്‍. തന്റെ ജീവന് ഭീഷണിയുണ്ടെന്നും കേസ് അന്വേഷണത്തിന്  പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും  ഹരജിയില്‍ ആവശ്യപ്പെടുന്നു. ശ്വേത നേരത്തെ നല്‍കിയ പരാതിയില്‍ അന്വേഷണ വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യോഗ കേന്ദ്രത്തില്‍ കഠിന പീഡനമാണ് താന്‍ നേരിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് 27 കാരിയായ വന്ദനയുടെ ഹരജി. തന്റെ ഇഷ്ട പ്രകാരമാണ് യോഗ സെന്ററില്‍ എത്തിയതെന്ന് ഭീഷണിപ്പെടുത്തി എഴുതി വാങ്ങി. 2017 മാര്‍ച്ച് 30 മുതല്‍ മേയ് ഒന്നു വരെയാണ് നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിരുന്നത്. മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചു വാങ്ങി. ബലം പ്രയോഗിച്ച് അവിടെ പൂട്ടിയിടുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വലിച്ചിഴക്കുകയും അതി ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. അവര്‍ തന്നെയും കാമുകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് ശൃംഖലയുണ്ട്. ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചപ്പോള്‍ മാത്രമാണ് പുറത്ത് വിട്ടത്. കേന്ദ്രത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ബാംഗ്ലൂരിലെ കോടതിയില്‍ വിവാഹം റദ്ദാക്കാന്‍ ഹരജി നല്‍കിയതായും വന്ദന ഹരജിയില്‍ പറയുന്നു. കാമുകന്റെ വീട്ടുകാരെ നശിപ്പിക്കുമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ഡിജിപി, സിറ്റി പോലിസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഹരജിയില്‍ പറയുന്നു. യോഗ കേന്ദ്രത്തിനെതിരായ ഹരജികള്‍  ഇന്ന് വീണ്ടും കോടതി പരിഗണനക്കെടുക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss