|    Dec 10 Mon, 2018 10:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തൃപ്തി ദേശായി നാളെ കേരളത്തില്‍

Published : 15th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തില്‍ എത്തുമെന്നു വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. ആറു വനിതകള്‍ക്കൊപ്പമാവും കേരളത്തിലെത്തുക. ശനിയാഴ്ച നട തുറക്കുമ്പോള്‍ തന്നെ മല കയറാന്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതി. ഈ മാസം 17നാണു ശബരിമലയിലെത്തുക. മല ചവിട്ടാതെ തിരിച്ചുപോവില്ലെന്നും തൃപ്തി ദേശായി അറിയിച്ചു. ഈ മാസം 16നും 20നും ഇടയില്‍ താന്‍ ശബരിമലയിലെത്തുമെന്ന് അവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപ്പരിശോധിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചാലും തന്റെ തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
ശബരിമലയില്‍ യുവതീപ്രവേശം ആവാമെന്ന കോടതിവിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശന തിയ്യതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.
യുവതി പ്രവേശനം അനുവദിക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി തയ്യാറായിരുന്നില്ല. മണ്ഡലകാലം തുടങ്ങാനിരിക്കെ സമവായശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണു തൃപ്തി ദേശായി ശനിയാഴ്ച എത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. മല ചവിട്ടാതെ തിരിച്ചുപോവില്ലെന്ന തൃപ്തി ദേശായിയുടെ നിലപാടും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കും. എന്നാല്‍ അത്തരമൊരു കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. പോലിസിന് കത്തു നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss