|    Dec 12 Wed, 2018 9:23 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തൃപ്തിയെ വിമാനത്താവളത്തില്‍ തടഞ്ഞു

Published : 17th November 2018 | Posted By: kasim kzm

കൊച്ചി/നെടുമ്പാശ്ശേരി: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പൂനെയില്‍ നിന്നെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെയും സംഘത്തെയും സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു.
ദര്‍ശനം നടത്താതെ മടങ്ങിപ്പോവില്ലെന്ന് തൃപ്തിയും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുത്തതോടെ വിമാനത്താവളത്തില്‍ സംഘര്‍ഷാന്തരീക്ഷം ഉടലെടുത്തു. ഇതേത്തുടര്‍ന്ന് തൃപ്തി യും സംഘവും വിമാനത്താവളത്തിലെ ടെര്‍മിനലില്‍ 12 മണിക്കൂറോളം കുടുങ്ങി. പ്രതിഷേധക്കാര്‍ എന്തിനും തയ്യാറായിനിന്നിരുന്നു. ഒടുവില്‍ വൈകീട്ട് ആറോടെ, താന്‍ ശബരിമല സന്ദര്‍ശനം നടത്താതെ മടങ്ങുകയാണെന്ന് പോലിസിനെ അറിയിച്ചതോടെയാണ് പുലര്‍ച്ചെ മുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിലനിന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നത്. എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടി ഈ മണ്ഡലകാലം അവസാനിക്കുന്നതിനു മുമ്പായി ശബരിമല ദര്‍ശനത്തിനായി എത്തുമെന്നു പറഞ്ഞാണ് രാത്രി 9.30നുള്ള വിമാനത്തില്‍ തൃപ്തി മടങ്ങിയത്.
ഇന്നലെ പുലര്‍ച്ചെ 4.40ന്റെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും മലയാളിയായ മീനാക്ഷിയും അടങ്ങുന്ന ആറംഗ സംഘം വിമാനത്താവളത്തില്‍ എത്തിയത്. ഇതിനു മുമ്പുതന്നെ പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നു. ഇവര്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനു മുന്നില്‍ കുത്തിയിരുന്ന് നാമജപ പ്രതിഷേധം ആരംഭിച്ചതോടെ തൃപ്തിക്കും സംഘത്തിനും പുറത്തിറങ്ങാന്‍ പറ്റാതായി.
ശബരിമലയിലേക്കു പോവാന്‍ വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സിക്കാരോ ഓണ്‍ലൈന്‍ ടാക്‌സിക്കാരോ തയ്യാറായില്ല. തുടക്കത്തില്‍ കുറച്ചു പ്രതിഷേധക്കാര്‍ മാത്രമായിരുന്നുവെങ്കിലും പിന്നീട് സ്ത്രീകളടക്കം നിരവധി പേരെത്തി. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍, ആലുവ തഹസില്‍ദാര്‍, നെടുമ്പാശ്ശേരി വിമാനത്താവള നടത്തിപ്പു കമ്പനിയായ സിയാല്‍ അധികൃതര്‍ എന്നിവര്‍ അനുരഞ്ജനത്തിനു ശ്രമിച്ചെങ്കിലും ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ തൃപ്തി ഉറച്ചുനിന്നു.
തൃപ്തിയെയും സംഘത്തെയും കാര്‍ഗോ ടെര്‍മിനല്‍ വഴി പുറത്തുകടത്താന്‍ പോലിസ് ശ്രമിച്ചുവെങ്കിലും പ്രതിഷേധക്കാര്‍ അവിടേക്കുമെത്തി. പ്രതിഷേധത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും താറുമാറായി. ഇതിനിടയില്‍ പോലിസ് സംരക്ഷണത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തൃപ്തി ദേശായി നിയമോപദേശം തേടിയതായും വിവരം വന്നു. എന്നാല്‍, പ്രതിഷേധം കൂടുതല്‍ കനത്തതോടെയാണ് തൃപ്തിയും സംഘവും മടങ്ങാന്‍ തയ്യാറായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss