|    Oct 15 Mon, 2018 6:08 pm
FLASH NEWS

തൃച്ഛംബരം ബാലകൃഷ്ണന്റെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് തെളിവെടുത്തു

Published : 13th September 2017 | Posted By: fsq

 

തളിപ്പറമ്പ്: തൃച്ഛംബരത്തെ കുഞ്ഞമ്പു ഡോക്്ടറുടെ മകന്‍ സഹകരണ വകുപ്പ് മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ ദൂരൂഹമരണവുമായി ബന്ധപ്പെട്ട് തൃശൂര്‍ ക്രൈംബ്രാഞ്ച് സംഘം പയ്യന്നൂരിലും തളിപ്പറമ്പിലുമെത്തി തെളിവെടുത്തു. ക്രൈംബ്രാഞ്ച് എസ്‌ഐ ഡേവിഡ് വറീത്, സിനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ പി രാഗേഷ്, സുദേവ് എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പിനെത്തിയത്. കഴിഞ്ഞ ദിവസം തളിപ്പറമ്പിലെത്തിയ സംഘം ഡിവൈഎസ്പി കെ വി വേണുഗോപാലുമായി തളിപ്പറമ്പിലെ സ്വത്ത് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തൃശൂര്‍ റൂറല്‍ പോലിസ് ചീഫ് യതീഷ് ചന്ദ്ര, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ഫി എന്നിവരുടെ നേതൃത്വത്തില്‍ മൂന്നിടങ്ങളില്‍ അന്വേഷണം നടത്തുന്ന സംഘങ്ങളിലൊന്നാണ് തളിപ്പറമ്പിലെത്തിയത്. ഇന്നലെ രാവിലെ പയ്യന്നൂരിലെത്തിയ സംഘം കേസില്‍ നേരത്തേ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന അഡ്വ. ഷൈലജയുടെ ഭര്‍ത്താവ് കൃഷ്ണകുമാറിന്റെ സഹോദരി ജാനകിയെ വിശദമായി ചോദ്യം ചെയ്തു. ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖ ചമച്ച് എഴുതി വാങ്ങുമ്പോള്‍ സാക്ഷിയായി ഒപ്പിട്ട സോമനില്‍ നിന്ന് മൊഴിയെടുത്തു.     തിരുവനന്തപുരത്തെ ആശുപത്രിയില്‍ കഴിയവെ ബാലകൃഷ്ണനെ ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. 2011 സെപ്തംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്നാണ് സ്വത്ത് തട്ടിയെടുത്തത്. ജാനകി വിവാഹിതയായെന്ന് പറയുന്ന പയ്യന്നൂര്‍ വിഠോബ ക്ഷേത്രം, യഥാര്‍ത്ഥ വിവാഹം നടന്ന സുബ്രഹ്്മണ്യ ക്ഷേത്രം, അസ്സലും വ്യാജനുമടക്കം രേഖകള്‍ ചമച്ച പയ്യന്നൂര്‍ മുനിസിപ്പല്‍ ഓഫിസ്, കോറോം വില്ലേജ് ഓഫിസ്, ട്രഷറി എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം തളിപ്പറമ്പ് തഹസില്‍ദാര്‍ എം മുരളീധരനില്‍ നിന്നും മൊഴിയെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സംഘം ശേഖരിച്ചിട്ടുണ്ട്. ജാനകി ആദ്യം വിവാഹം ചെയ്തുവെന്ന് പറയപ്പെടുന്ന കര്‍ണാടകത്തിലെ കാര്‍ക്കളയിലേക്കും സംഘം പോകുന്നുണ്ട്. അതിനിടെ കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം ജനസദസ്സ് സംഘടിപ്പിച്ചിരുന്നു. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന് പുറമെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളിലെ പ്രമുഖരും അഭിഭാഷക സംഘടനാ ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊടുങ്ങല്ലൂര്‍ പോലിസാണ് ബാലകൃഷ്ണന്റെ മരണം ആദ്യം അന്വേഷിച്ചത്. കേസന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഇവര്‍ കാണിച്ചത്. ഇതിനെതിരേ ബാലകൃഷ്ണന്റെ ബന്ധുക്കളും തളിപ്പറമ്പില്‍ രൂപീകരിക്കപ്പെട്ട കര്‍മ്മസമിതിയും മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss