|    Jan 20 Fri, 2017 5:13 am
FLASH NEWS

തൃക്കാക്കരയില്‍ നിന്ന് ചക്കരപ്പറമ്പിലേക്ക് നാലുവരിപ്പാത

Published : 13th January 2016 | Posted By: SMR

കൊച്ചി: തൃക്കാക്കരയില്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് ദേശീയപായില്‍ ചക്കരപ്പറമ്പിലേക്ക് നാലുവരിപാത വരുന്നു. ഭൂമിയേറ്റെടുക്കല്‍ എളുപ്പമായ സീപോര്‍ട്ട് റോഡില്‍ നിന്ന് അറക്കക്കടവ് വരെയുള്ള പ്രദേശത്താവും ആദ്യഘട്ടത്തില്‍ റോഡ് നിര്‍മാണം. ഇതോടൊപ്പം കൂടുതല്‍ വീതിയില്‍ ഭൂമിയേറ്റെടുത്ത് പുനരധിവാസവും പാതയ്ക്ക് അരികിലാക്കാന്‍ ലക്ഷ്യമിടുന്ന രണ്ടാമതൊരു പദ്ധതി നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ താമസിയാതെ തീരുമാനമാകും.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വെ നടപടികള്‍ ജില്ല കലക്ടറുടെ സംഘവും സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സംഘവും ചേര്‍ന്ന് നടത്തും. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കാനും തീരുമാനമായി. ഇന്നലെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ആസ്ഥാനത്ത് ഇതേക്കുറിച്ചാലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
തൃക്കാക്കരയില്‍ നിന്ന് 4.06 കിലോമീറ്റര്‍ നീളത്തിലാണ് നിര്‍ദിഷ്ട പാത. തൃക്കാക്കര, കൊച്ചി നഗരസഭകളുടെ അധീനതയിലുള്ള പ്രദേശത്താണ് ദേശീയപാത നിലവാരത്തില്‍ 45 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുക. രണ്ട് വലിയ പാലങ്ങളും ഒരു ചെറിയ പാലവുമുള്‍പ്പടെയുള്ള ദേശീയപാതയുടെ നിര്‍മാണത്തിന് 412 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 270 കോടി രൂപയാണ് പുനരധിവാസത്തിനായി വേണ്ടിവരിക. പാലമുള്‍പ്പടെയുള്ള ദേശീയപാതയുടെ നിര്‍മാണത്തിനായി 142.82 കോടി രൂപയാണ് ചെലവാകുക. 2013ല്‍ ആര്‍ബിഡിസികെയുടെ നേതൃത്വത്തില്‍ ഇതിനായി പഠനം നടത്തി കിറ്റ്‌കോ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 40 ഏക്കറോളം ഭൂമിയാണ് പാത നിര്‍മാണത്തിനായി വേണ്ടിവരിക. കൊച്ചി, തൃക്കാക്കര നഗരസഭാതിര്‍ത്തിക്കുള്ളിലായി 120 വീടുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് ഇതിനായി ഏറ്റെടുക്കേണ്ടിവരിക. ഏറ്റെടുക്കേണ്ട 40 ഏക്കറില്‍ 30 ഏക്കറോളം ഭൂമി തൃക്കാക്കര നഗരസഭാതിര്‍ത്തിക്കുള്ളിലാണ്. ഇവിടെ 50 വീടുകള്‍ മാത്രമാണ് ഏറ്റെടുക്കേണ്ടിവരിക. ബാക്കി സ്ഥലം നിലവില്‍ തരിശായി കിടക്കുന്ന പ്രദേശമാകയാല്‍ ഭൂമിയേറ്റെടുക്കല്‍ എളുപ്പമായിരിക്കുമെന്നതിനാലാണ് ആദ്യഘട്ടം തൃക്കാക്കരയില്‍ നിന്ന് തുടങ്ങാന്‍ തീരുമാനം. കൊച്ചി നഗരസഭാതിര്‍ത്തിക്കുള്ളില്‍ ഏറ്റെടുക്കേണ്ട 10 ഏക്കറില്‍ 70 വീടുകളാണുള്ളത്.
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പാതയുടെ വശങ്ങളില്‍ തന്നെ പുനരധിവാസം ഉറപ്പാക്കുന്നതിനായി 100 മീറ്റര്‍ വീതിയില്‍ ഭൂമിയേറ്റെടുക്കുന്ന മറ്റൊരു പദ്ധതിയും പരിഗണനയിലുണ്ട്. ഇതാണ് നടപ്പാക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ ഏറ്റെടുക്കുന്ന 120 വീട്ടുകാര്‍ക്കും പാതയോരത്ത് തന്നെ വീട് നിര്‍മിക്കാന്‍ സ്ഥലം നല്‍കാനാവുമെന്നതിനൊപ്പം മാതൃക റോഡായി ഇതിനെ മാറ്റിയെടുക്കാനുമാവും. ഇതോടെ നിര്‍മാണ ചെലവിലും ഗണ്യമായ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ കിറ്റ്‌കോ തയ്യാറാക്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത നിര്‍മാണത്തിനായി മണ്ണ് പരിശോധനയും മറ്റും നടത്തിയിരുന്നു. പ്രദേശത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പദ്ധതിയില്‍ പിന്നീട് മുന്നോട്ടു പോയില്ല. നഗരം കൂടുതല്‍ ഗതാഗതക്കുരുക്കിലേക്കു പോവുന്ന അവസരത്തില്‍ ദേശീയപാതയില്‍ നിന്ന് സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലേക്കുള്ള പുതിയ പാത ഈരംഗത്ത് വലിയ മാറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ആര്‍ബിഡിസികെ മാനേജിങ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബെന്നി ബഹനാന്‍ എംഎല്‍എ., ജില്ല കലക്ടര്‍ എം ജി രാജമാണിക്യം, ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, ഡപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, തൃക്കാക്കര നഗരസഭാധ്യക്ഷ കെ കെ നീനു, കൗണ്‍സിലര്‍മാരായ എം ബി മുരളീധരന്‍, പി എം നസീമ, ജെസി ജേക്കബ്, അജി ഫ്രാന്‍സിസ്, ജയിംസ്, കെഎസ്‌സിസി എംഡി സന്തോഷ്‌കുമാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 94 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക