|    Dec 19 Wed, 2018 7:49 am
FLASH NEWS

തൃക്കരിപ്പൂര്‍ താലൂക്ക് സ്വപ്‌നമായി അവശേഷിക്കുന്നു

Published : 28th May 2018 | Posted By: kasim kzm

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് ജില്ലാ രൂപീകരണത്തോളം പഴക്കമുണ്ടെങ്കിലും ഇന്നും താലൂക്ക് എന്നത് സ്വപ്‌നം മാത്രം. ജില്ലയിലെ തീരദേശ മേഖലകളുടെ വികസനത്തിന് തൃക്കരിപ്പൂര്‍ കേന്ദ്രമായി താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജില്ലയിലെ മലയോര മേഖല ആസ്ഥാനമാക്കി വെള്ളരിക്കുണ്ട് താലൂക്കും അതിര്‍ത്തി മേഖലക്കായി മഞ്ചേശ്വരം താലൂക്കും രൂപീകരിച്ചെങ്കിലും തൃക്കരിപ്പൂര്‍ താലൂക്കിന്റെ കാര്യം സര്‍ക്കാര്‍ മറന്ന മട്ടാണ്.
തെക്ക് വലിയപറമ്പ മുതല്‍ വടക്ക് അജാനൂര്‍ വരെയുള്ള തീരദേശവും ഇടനാടും മലയോരവും ഉള്‍പ്പെടുന്ന 11 പഞ്ചായത്തുകളാണ് ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഉള്‍പ്പെടുന്നത്. ഇത്രയും പഞ്ചായത്തുകളിലായി 30 വില്ലേജുകളാണ് താലൂക്കിന്റെ ഭരണപരിധി. സംസ്ഥാനത്തെ തന്നെ ഏറ്റവും വിസ്തൃതമായ താലൂക്കുകളില്‍ ഒന്നാണിത്. കണ്ണൂര്‍ ജില്ലയിലെ ഏഴിമല നാവിക അക്കാദമിയോട് ചേര്‍ന്ന് കിടക്കുന്ന വലിയപറമ്പിന്റെ ഭാഗമായ തൃക്കരിപ്പൂര്‍ കടപ്പുറം നിവാസികള്‍ക്ക് താലൂക്ക് ആസ്ഥാനത്തെത്താന്‍ മണിക്കൂറുകള്‍ തന്നെ യാത്ര ചെയ്യണം. നിരവധി പഞ്ചായത്തുകളും രണ്ട് നഗരസഭകളും കടന്നാണ് തോണിയും ബസും മാറി മാറിക്കയറി ഇവര്‍ കാഞ്ഞാങ്ങാട്ടെ താലൂക്ക് ആസ്ഥാനത്ത് എത്തുന്നത്. കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായി ജനകീയ കൂട്ടായ്മ ഇല്ലാത്തതാണ് തൃക്കരിപ്പൂരിന്റെ വികസന മുരടിപ്പിന് കാരണം. വര്‍ഷങ്ങളായി നിയമസഭയില്‍ എത്തുന്നത് ഒരേ പാര്‍ട്ടിയുടെ പ്രതിനിധി. രണ്ട് തവണ ഒഴികെ മണ്ഡലത്തില്‍ വികസനത്തിന്റെ ഇലയനക്കം എത്തിയില്ല. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ സമ്മാനിച്ച മണ്ഡലം എന്ന നിലക്കും തൃക്കരിപ്പൂരിന് അര്‍ഹമായ പരിഗണന താലൂക്കിന്റെ കാര്യത്തില്‍ ലഭിച്ചില്ല.
പുന:സംഘടിപ്പിക്കപ്പെട്ട നീലേശ്വരം ബ്ലോക്കില്‍ പക്ഷെ ബ്ലോക്ക് ആസ്ഥാനമായ നീലേശ്വരം നഗരസഭയിലല്ല. ചോയ്യങ്കോട്ടിനടുത്താണ് ബ്ലോക്ക് ഓഫിസ് സ്ഥിതി ചെയ്യുന്നത്. ബ്ലോക്ക് ആസ്ഥാനം ബ്ലോക്ക് പരിധിയില്‍ അല്ലാത്തത് സാങ്കേതികവും ഭരണ പരവുമായ ഒട്ടേറെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. തൃക്കരിപ്പൂരില്‍ അനുവദിച്ച സബ് ട്രഷറി ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. 2004 ല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അനന്തര നടപടികള്‍ സ്വീകരിച്ചിരുന്നു. പിന്നീട് വണ്‍മാന്‍ ട്രഷറി തുടങ്ങി. പത്ത് പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി സബ് ട്രഷറി ആരംഭിക്കുന്നതിനു സ്ഥലവും അനുബന്ധ സൗകര്യങ്ങളും തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഏര്‍പ്പാടാക്കി. കെട്ടിട സൗകര്യം താല്‍ക്കാലികമായി ഒരുക്കുകയും ഭൂമി കണ്ടെത്തി ധാരണാ പത്രം അയക്കുകയും ചെയ്തു. പിന്നീട് അന്നത്തെ ധനമന്ത്രി നല്‍കിയ മറുപടി ട്രഷറി ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നായിരുന്നു.
പിന്നീട് നിരാഹാരം ഉള്‍പ്പടെ നടന്നെങ്കിലും ഫലമുണ്ടായില്ല. ജില്ലയിലെ തന്നെ ജീവനക്കാരെ പുനര്‍ വിന്യസിച്ചാല്‍ അധിക ബാധ്യത ഇല്ലാതെ തന്നെ ട്രഷറി തുറക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥരും സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റ് കേന്ദ്രീകൃത ശമ്പള നിര്‍ണയ സംവിധാനം വന്നതോടെ ജീവനക്കാരുടെ സേവനവും കൂടുതലായി ആവശ്യംവരുന്നില്ല.
നാലുകോടി ചെലവില്‍ പണിത മാടക്കാല്‍ തൂക്കുപാലം രണ്ടുമാസം കൊണ്ട് കായലില്‍ തകര്‍ന്നുവീണതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നെങ്കിലും പ്രദേശവാസികള്‍ ഇപ്പോഴും കടത്ത് തോണിയിലാണ് കര പറ്റുന്നത്. തൃക്കരിപ്പൂരില്‍ താലൂക്ക് ആശുപത്രിക്ക് 20 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പുതുതായി വാങ്ങിക്കാന്‍ തുകയും വകയിരുത്തിയിട്ടുണ്ട്. അത് വാങ്ങാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടില്ല. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്. വൈദ്യുതീകരണം പൂര്‍ത്തിയാവാത്തതിനാല്‍ പുതിയ കെട്ടിടം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഒപി വിഭാഗമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സമുച്ചയം ഉദ്ഘാടനം ചെയ്ത് രണ്ടുമാസം പിന്നിട്ടിട്ടും വാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. പിഎച്ച്‌സി പദവി ഉയര്‍ത്തിയപ്പോള്‍ സിഎച്ച്‌സി സ്റ്റാഫ് പാറ്റന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴാകട്ടെ താലൂക്ക് ആശുപത്രി ആയിട്ടും ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടേയും തസ്തികകള്‍ അനുവദിച്ചിട്ടില്ല. തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ്, കയ്യൂര്‍-ചീമേനി, പിലിക്കോട് എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി താലൂക്ക് രൂപീകരിക്കുകയാണെങ്കില്‍ ജില്ലയിലെ അവികസിതമായ തൃക്കരിപ്പൂര്‍ മേഖലയുടെ വികസനത്തിന് വഴിതെളി—ക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss