|    Dec 19 Wed, 2018 8:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തൂത്തുക്കുടി വെടിവയ്പ്‌: പോലിസുകാര്‍ക്കും റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസ്‌

Published : 30th November 2018 | Posted By: kasim kzm

ചെന്നൈ: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരേ സമരം ചെയ്തവര്‍ക്കു നേരെ നടന്ന വെടിവയ്പില്‍ പോലിസുകാര്‍ക്കും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ സിബിഐ കേസെടുത്തു. ഈ വര്‍ഷം മെയ് 22നു തൂത്തുക്കുടിയില്‍ പ്രതിഷേധിച്ച പ്രദേശവാസികള്‍ക്കു നേര്‍ക്കുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറിലാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.
കുറ്റകരമായ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്. എഫ്‌ഐആറില്‍ പോലിസ്, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ ആരെയും പേരെടുത്തു പരാമര്‍ശിക്കുന്നില്ല. എന്നാല്‍ സിബിഐക്ക് മുമ്പാകെ സമര്‍പ്പിച്ച പരാതികളിലും വീഡിയോദൃശ്യങ്ങളിലും ഉദ്യോഗസ്ഥരുടെ പേരുകളും വിവരങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞമാസം എട്ടിനായിരുന്നു കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സമരക്കാര്‍ക്കു നേരേ പോലിസ് വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ തമിഴ് ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലായിരുന്നു പോലിസ് വെടിവയ്പ് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ സമരം നടക്കുന്ന ഇടത്തു നിന്ന് ഏറെ മാറി വാഹനത്തിനു മുകളില്‍ നിന്നു പോലിസ് വെടിവയ്പു നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സമരക്കാരെ പിരിച്ചുവിടാനുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ ആകാശത്തേക്കു വെടിവയ്ക്കാത്തത് പോലിസിനെതിരേ സംശയത്തിനു കാരണമായിരുന്നു.
തൂത്തുക്കുടിയിലെ ലോഹസംസ്‌കരണ പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണു നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചത്. സ്‌റ്റെര്‍ലൈറ്റ് കമ്പനികളിലെ വിവിധ പ്ലാന്റുകളില്‍ നിന്നുയരുന്ന വിഷപ്പുകയും മാലിന്യങ്ങളും ശ്വാസകോശരോഗത്തിനും മറ്റും കാരണമാവുന്നുണ്ടെന്ന് ദീര്‍ഘനാളായി പ്രദേശവാസികള്‍ പരാതിപ്പെടുന്നതിനിടെയായിരുന്നു പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss