|    Dec 14 Fri, 2018 3:40 am
FLASH NEWS
Home   >  Editpage  >  Editorial  >  

തൂത്തുക്കുടിയിലെ വെടിവയ്പ്

Published : 24th May 2018 | Posted By: kasim kzm

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലൈറ്റ് കോപ്പര്‍ കാരണമുണ്ടാവുന്ന വന്‍ പരിസ്ഥിതി മലിനീകരണത്തിനെതിരേ പ്രക്ഷോഭം നടത്തുകയായിരുന്ന നാട്ടുകാര്‍ക്കെതിരേ പോലിസ് നടത്തിയ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്. 100 ദിവസത്തിലധികമായി നടന്നുവരുന്ന സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി നേരത്തേ ആസൂത്രണം ചെയ്തതാണ് വെടിവയ്‌പെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ നേതാക്കളും പ്രമുഖ സിനിമാ താരങ്ങളും വെടിവയ്പിനെതിരേ രംഗത്തുവന്നിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ നിയമങ്ങളോ തൊഴില്‍ നിയമങ്ങളോ പരിഗണിക്കാതെ നടക്കുന്ന വ്യവസായവല്‍ക്കരണത്തിന്റെ ഇരകളാണ് തൂത്തുക്കുടി നിവാസികള്‍. വ്യാജരേഖകള്‍ ഉണ്ടാക്കിയും കൈക്കൂലി കൊടുത്തുമാണ് അധികൃതരില്‍ നിന്ന് സ്റ്റെര്‍ലൈറ്റ് ഫാക്ടറി വികസനത്തിനുള്ള അനുമതി കരസ്ഥമാക്കിയതത്രേ. വായു-ജലമലിനീകരണത്തിന്റെ കെടുതികള്‍ കാരണം ഫാക്ടറിക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നുവെന്നു പറയപ്പെടുന്നു. അതിനിടയിലാണ് ഉല്‍പാദനം വര്‍ഷംതോറും എട്ടു ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ സ്റ്റെര്‍ലൈറ്റ് നടപടിയെടുക്കുന്നത്. ജനരോഷം വര്‍ധിപ്പിക്കാനാണിത് വഴിവച്ചത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖനനവ്യവസായ ഭീമന്‍ അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റെര്‍ലൈറ്റ് കോപ്പര്‍. ഭരണകൂടത്തിന്റെ ഒത്താശയോടെ ജനങ്ങളുടെ ആവാസകേന്ദ്രങ്ങള്‍ കൈയേറി ഖനനം നടത്തുന്നതില്‍ ഒന്നാം സ്ഥാനത്താണ്  വേദാന്ത ലിമിറ്റഡ്. ഒഡീഷയിലെ നിയാംഗിരിയില്‍ ബോക്‌സൈറ്റ് ഖനനത്തിന്റെ പേരില്‍ അനില്‍ അഗര്‍വാള്‍ ഇതിനു മുമ്പ് അനേകായിരം ഗോത്രവര്‍ഗക്കാരെ പുറത്താക്കാന്‍ ശ്രമം നടത്തിയിരുന്നു. ചെറിയ കൃഷിയും മറ്റുമായി ഉപജീവനം കഴിച്ചിരുന്ന ഗോത്രവര്‍ഗക്കാര്‍ ഗതിമുട്ടി ശക്തമായ പ്രക്ഷോഭം നടത്തിയാണ് വേദാന്തയുടെ ബുള്‍ഡോസറുകളെ തിരിച്ചയച്ചത്. ആംനസ്റ്റി ഇന്റര്‍നാഷനല്‍ വരെ നിയാംഗിരിയില്‍ വലിയ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നു പരാതിപ്പെട്ടതോടെയാണ് വേദാന്തയോടൊപ്പം നിന്നിരുന്ന ഒഡീഷ ഗവണ്‍മെന്റ് 2013ല്‍ ഖനനം നിര്‍ത്തിവയ്ക്കുന്നത്. ഛത്തീസ്ഗഡിലും മറ്റു ഖനിജസമൃദ്ധമായ സംസ്ഥാനങ്ങളിലും വേദാന്തയ്‌ക്കെതിരേ ജനരോഷം ഉയര്‍ന്നിരുന്നു.
നരേന്ദ്ര മോദിക്ക് സ്തുതിപാടുന്ന അഗര്‍വാള്‍ കാലഹരണപ്പെട്ടുപോയ ഒരു വ്യവസായവല്‍ക്കരണ സിദ്ധാന്തത്തിന്റെ പ്രചാരകനാണ്. പരിസ്ഥിതി മലിനീകരണത്തിന്റെ വില ജനങ്ങള്‍ നല്‍കണമെന്നു കരുതുന്ന അത്തരം വ്യവസായികളുടെ സംരക്ഷകരാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍. വ്യവസായവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കള്‍ പൊതുജനങ്ങളാവുമ്പോള്‍ മാത്രമേ അതിനെ വികസനമെന്നു വിശേഷിപ്പിക്കാനൊക്കൂ. എല്ലാ വാതിലുകളും മുട്ടിനോക്കിയ ശേഷമാണ് തൂത്തുക്കുടിയിലെ ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ വഴി സ്വീകരിച്ചത്. രാഹുല്‍ ഗാന്ധി പറഞ്ഞതാണ് ശരി: വെടിവയ്പ് ഭരണകൂട ഭീകരത തന്നെയാണ്. അതിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ക്കശ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ മുന്നോട്ടുവരേണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss