|    Jan 24 Tue, 2017 8:36 am

തൂക്കുപാലം യാഥാര്‍ഥ്യമായില്ല; നെറോളു- മഞ്ചുളഗിരി പ്രദേശം ഒറ്റപ്പെട്ട നിലയില്‍

Published : 18th July 2016 | Posted By: SMR

ബദിയടുക്ക: തൂക്കു പാലം യാഥാര്‍ഥ്യമാവാത്തതിനാല്‍ ദ്വീപ് പോലെ ഒറ്റപ്പെട്ട നിലയില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍. കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന എണ്‍മകജെ പഞ്ചായത്തിലെ മുന്നാം വാര്‍ഡില്‍പ്പെടുന്ന നെറോളു-മഞ്ചുളഗിരിയിലെ ജനങ്ങളാണ് മഴക്കാലമായാല്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ഒറ്റപ്പെട്ടുകഴിയുന്നത്. ഇവിടെ പാലം വേണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്.
നെറോളു-മഞ്ചുളഗിരിയിലെ ജനങ്ങള്‍ക്ക് വിദ്യാലയങ്ങളിലോ ആശുപത്രിയിലോ എത്തണമെങ്കില്‍ മഴക്കാലത്ത് 12 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. പ്രദേശവാസികളുടെ വര്‍ഷങ്ങളുടെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി തൂക്കു പാലം പണിയുന്നതിന് മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുര്‍ റസാഖിന്റെ സഹകരണത്തോടെ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിലേക്ക് പദ്ധതി സമര്‍പ്പിച്ചിരുന്നു. സര്‍ക്കാറില്‍ നിന്നും ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് തൂക്ക് പാലത്തിന്റെ ഡിസൈന്‍ ജോലികള്‍ നടന്ന് വരുന്നതിനിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്ന് പുതിയ ഭരണസമിതി നിലവില്‍ വന്നതിനാല്‍ പദ്ധതി പ്രവര്‍ത്തനം പകുതി വഴിയില്‍ മുടങ്ങിയെന്നും പുതിയ ഭരണ സമിതി പദ്ധതി പ്രവര്‍ത്തനം പൂര്‍ണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഏതാവശ്യത്തിനും പെര്‍ള ടൗണിനെയാണ് ഇവിടുത്തുകാര്‍ ആശ്രയിക്കുന്നത്. ഏറ്റവും കുടുതല്‍ കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമെന്നത് കൊണ്ട് തന്നെ കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള കൃഷി ഭവന്‍, പഞ്ചായത്ത് ഓഫിസ്, പ്രാഥമികാരോഗ്യ കേന്ദ്രം, സ്‌കൂള്‍ തുടങ്ങിയ ആവശ്യത്തിനും നെറോളു, മഞ്ചുളഗിരി പ്രദേശവാസികള്‍ക്ക് ഏക ആശ്രയം പെര്‍ള ടൗണ്‍ മാത്രമാണ്. എന്നാല്‍ കാലവര്‍ഷം തുടങ്ങുന്നതോടെ ഇവിടുത്തുകാരുടെ നെഞ്ചിടിപ്പ് കൂടും. കാരണം കുത്തിയൊഴുകുന്ന അഡ്ക്കസ്ഥല സിരിയ പുഴ കടക്കണമെങ്കില്‍ പാലമില്ല.
ടൗണിലെത്തണമെങ്കില്‍ 12 കിലോ മീറ്റര്‍ ചുറ്റി സഞ്ചരിച്ച് സേരാജെയിലുടെ കര്‍ണാടകയിലെ അഡ്യനഡുക്ക, അഡ്ക്കസ്ഥല വഴി ചുറ്റി സഞ്ചരിക്കണം. അസുഖം ബാധിച്ചാല്‍ എത്രയും പെട്ടെന്നൊരു ആശുപത്രിയില്‍ എത്തണമെങ്കില്‍ കുത്തിയൊഴുകുന്ന പുഴയിലൂടെ ജീവന്‍ പണയം വച്ച് രോഗികളെ ചുമന്ന് കൊണ്ടുപോകേണ്ട അവസ്ഥയാണ്. ശക്തമായ മഴയുള്ള ദിവസങ്ങളില്‍ കുട്ടികളെ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് അയക്കാറില്ല.
പൊട്ടി പൊളിഞ്ഞ് താറുമാറായി കിടക്കുന്ന സേരാജെയില്‍ നിന്നും അഡ്യനഡുക്കയിലേക്ക് ഓട്ടോറിക്ഷ പോലും വരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സേരാജെയിലെ നാരായണ മൂല്യ എന്നായളുടെ തോണിയായിരുന്നു മറുകരയെത്താന്‍ സഹായിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണത്തോടെ അതും നിലച്ചു. പിന്നിടങ്ങോട്ട് കാലവര്‍ഷം തുടങ്ങിയല്‍ ഇവിടത്തെ പലരും ആറ് മാസത്തിന് ശേഷമെ മറുകരയിലെത്താറുള്ളു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക